കളമശ്ശേരി സ്‌ഫോടനം: പ്രതി ഡൊമിനിക് മാര്‍ട്ടിന്റെ കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കും

കൊച്ചി: കളമശ്ശേരി സ്‌ഫോടനക്കേസ് പ്രതിയായ ഡൊമിനിക് മാര്‍ട്ടിന്റെ കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കും. 10 ദിവസം പ്രതിയെ കസ്റ്റഡിയില്‍ വേണമെന്നാണ് പോലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. ബോംബ് നിര്‍മാണത്തില്‍ കൂടുതല്‍ സഹായം ലഭിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കും. കൂടാതെ ഡൊമിനിക് മാര്‍ട്ടിന്റെ വിദേശ ബന്ധങ്ങള്‍ പരിശോധിക്കാനുള്ള നടപടികളിലേക്കും പോലീസ് കടന്നിട്ടുണ്ട്. തുടര്‍ച്ചയായി 15 വര്‍ഷത്തോളം ദുബായില്‍ ഉണ്ടായിരുന്ന മാര്‍ട്ടിന്‍ മറ്റേതെങ്കിലും രാജ്യങ്ങളില്‍ പോയിട്ടുണ്ടോ, സാമ്പത്തിക ഇടപാടുകള്‍ നടത്തിയിട്ടുണ്ടോ തുടങ്ങിയവ പരിശോധിക്കും. പ്രതിയുടെ വാട്‌സ്ആപ്പ്, ഫേസ്ബുക്ക് തുടങ്ങി സാമൂഹിക മാധ്യമ ഇടപെടലുകളിലും ആഴത്തിലുള്ള പരിശോധനയാണ് നടക്കുന്നത്.
Also Read; നിജ്ജര്‍ കൊലപാതകം; കാനഡയോട് വീണ്ടും തെളിവ് ഹാജരാക്കാനാവശ്യപ്പെട്ട് ഇന്ത്യ
കേരളത്തെ നടുക്കി കൊച്ചി കളമശ്ശേരിയിലെ കണ്‍വെന്‍ഷന്‍ സെന്ററിലുണ്ടായ തുടര്‍സ്‌ഫോടനങ്ങളില്‍ മൂന്ന് പേരാണ് മരിച്ചത്. തൊടുപുഴ സ്വദേശിയായ കുമാരി (53), എറണാകുളം കുറുപ്പുംപടി സ്വദേശി ലയോണ പൗലോസ് (60), മലയാറ്റൂര്‍ സ്വദേശി ലിബിന (12) എന്നിവരാണ് മരിച്ചത്. കേസില്‍ ഡൊമിനിക് മാര്‍ട്ടിനെ മാത്രമാണ് പോലീസ് പ്രതി ചേര്‍ത്തിരിക്കുന്നത്.