December 21, 2024
#gulf #Top News

ഗാസയില്‍ പരിക്കേറ്റ കുട്ടികള്‍ക്ക് സഹായവുമായി യുഎഇ

അബുദബി: ഗാസയിലെ യുദ്ധത്തില്‍ പരിക്കേറ്റ കുട്ടികള്‍ക്ക് ഒരാഴ്ചയ്ക്കുള്ളില്‍ യുഎഇയിലെ ആശുപത്രികളില്‍ ചികിത്സ ലഭ്യമാക്കി തുടങ്ങുമെന്നും ഇതിന് വേണ്ടിയുളള അവസാനഘട്ട തയ്യാറെപ്പുകളാണ് യുഎഇയിലെ വിവിധ ആശുപത്രികളില്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നതെന്നും യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ പറഞ്ഞു. യുദ്ധം ആരംഭിച്ചത് മുതല്‍ ഗാസക്ക് യുഎഇ ഭരണകൂടം സഹായം ലഭ്യമാക്കുന്നുണ്ട്.

ഗാസയ്ക്ക് സഹായവുമായി നിരവധി വിമാനങ്ങളാണ് ഇതിനകം യുഎഇയില്‍ നിന്ന് പറന്നത് കൂടുതല്‍ സഹായങ്ങള്‍ രാജ്യത്ത് നിന്ന് എത്തിക്കാനുള്ള ശ്രമത്തിലാണ് യുഎഇ ഭരണകൂടം. ഗാസയില്‍ ഫീല്‍ഡ് ആശുപത്രികള്‍ സ്ഥാപിക്കുന്നതിനും യുഎഇ സഹായം നല്‍കിയിട്ടുണ്ട്. ഗാസയില്‍ നിന്നുള്ള 1,000 കുട്ടികള്‍ക്കും അമ്മമാര്‍ക്കും ചികിത്സ നല്‍കണമെന്ന് ഷെയ്ഖ് മുഹമ്മദ് ഉത്തരവിട്ടിരുന്നു.

ഗാസയ്ക്ക് വേണ്ടി അനുകമ്പ എന്ന പേരില്‍ നടക്കുന്ന ക്യാമ്പയിനിലൂടെയാണ് കൂടുതല്‍ സഹായങ്ങള്‍ രാജ്യത്തുനിന്ന് ലഭ്യമാക്കുന്നത്. കഴിഞ്ഞ ആഴ്ചയില്‍ മരുന്നും അവശ്യ വസ്തുക്കളും ഉള്‍പ്പെടെ 100ടണ്‍ സാധനങ്ങള്‍ യുഎഇ നല്‍കിയിരുന്നു. മരുന്ന്, മെഡിക്കല്‍ ഉപകരണങ്ങള്‍, വസ്ത്രം, ഭക്ഷണ സാധനങ്ങള്‍, സാനിറ്ററി ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയ അവശ്യ വസ്തുക്കളാണ് ഗാസയിലേക്ക് അയച്ചത്.

Also Read; ഡീപ് ഫേക്കുകള്‍ രാജ്യം നേരിടുന്ന ഏറ്റവും വലിയ ഭീഷണി; പ്രധാനമന്ത്രി നരേന്ദ്രമോദി

ഗാസയ്ക്ക് രണ്ട് കോടി ഡോളറിന്റെ സഹായമാണ് ആദ്യ ഘട്ടത്തില്‍ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ പ്രഖ്യാപിച്ചിരുന്നത്. യുഎഇ വൈസ് പ്രസിഡന്റും പ്രധാന മന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം 50 മില്ല്യണ്‍ ദിര്‍ഹത്തിന്റെ അധിക സഹായവും പിന്നീട് പ്രഖ്യാപിച്ചിരുന്നു. ഗാസയ്ക്ക് വേണ്ടിയുളള മാനുഷിക സഹായങ്ങള്‍ സ്വീകരിക്കുന്നതിനായി യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ കളക്ഷന്‍ പോയിന്റുകളും പ്രവര്‍ത്തിക്കുന്നുണ്ട്.

Leave a comment

Your email address will not be published. Required fields are marked *