December 21, 2024
#Top News

ഗുണ്ടാത്തലവന്‍ മരട് അനീഷിനു നേരെ ജയിലിനുള്ളില്‍ വധശ്രമം

തൃശൂര്‍: കൊച്ചിയിലെ ഗുണ്ടാത്തലവന്‍ മരട് അനീഷിനെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിനുള്ളില്‍ വധിക്കാന്‍ ശ്രമം. സഹതടവുകാരായ അഷ്‌റഫ്, ഹുസൈന്‍ എന്നിവരാണ് ബ്ലേഡ് ഉപയോഗിച്ചു കഴുത്തിലും തലയിലും ദേഹത്തും മാരകമായി മുറിവേല്‍പ്പിച്ചത്. തടയാന്‍ ശ്രമിച്ച ജയില്‍ ഉദ്യോഗസ്ഥനായ ബിനോയിക്കും മര്‍ദനമേറ്റു. അനീഷിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിനു പിന്നിലെന്നാണ് പൊലീസ് പറയുന്നത്.

ശസ്ത്രക്രിയയ്ക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ കഴിഞ്ഞിരുന്ന മരട് അനീഷിനെ കൊച്ചി സിറ്റി പൊലീസിന്റെ പ്രത്യേക സംഘം ഈ മാസം ഏഴിനാണ് അറസ്റ്റ് ചെയ്തത്. ‘ഓപ്പറേഷന്‍ മരട്’ എന്നു പേരിട്ട നീക്കത്തില്‍ പങ്കെടുത്തത് സിറ്റി പൊലീസിന്റെ സായുധ പൊലീസ് സംഘമാണ്. തോക്ക് ഉള്‍പ്പെടെയുള്ള മാരകായുധങ്ങള്‍ ഉപയോഗിക്കാറുള്ള അനീഷ് തമിഴ്‌നാട്ടില്‍ ഡിഎംകെ എംഎല്‍എയെ തട്ടിക്കൊണ്ടുപോയ കേസിലടക്കം മുഖ്യപ്രതിയാണ്.

Also Read; മന്‍സൂര്‍ അലിഖാനെതിരെ സ്വമേധയാ കേസെടുത്ത് ദേശീയ വനിതാ കമ്മിഷന്‍

കേരളത്തില്‍ മാത്രം ഇയാള്‍ക്കെതിരെ 45ല്‍ അധികം ക്രിമിനല്‍ കേസുകളുണ്ട്. വിചാരണ നേരിട്ട ഇംതിയാസ് വധക്കേസില്‍ കോടതി അനീഷിനെ വിട്ടയച്ചിരുന്നു. ഗോവയില്‍ വച്ചു പവര്‍ ബൈക്കില്‍ നിന്നു വീണു തോളെല്ലിനു പരുക്കേറ്റെന്നു പറഞ്ഞാണ് സ്വകാര്യ ആശുപത്രിയില്‍ അനീഷ് ചികിത്സ തേടിയത്. ആശുപത്രിയിലെ അനീഷിന്റെ സാന്നിധ്യം ഉറപ്പാക്കി ശസ്ത്രക്രിയ പൂര്‍ത്തിയാക്കാന്‍ കാത്തിരുന്ന പൊലീസ് സംഘം ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

 

Leave a comment

Your email address will not be published. Required fields are marked *