ഗാസയില്‍ ഹമാസ് ബന്ദികളാക്കിയവരെ മോചിപ്പിച്ചു തുടങ്ങി
ടെല്‍ അവീവ്: ഗാസയില്‍ നാല്‍പ്പത്തിയെട്ടു ദിവസത്തെ യുദ്ധത്തിന് താത്കാലിക വിരാമമായി നാല് ദിവസത്തെ വെടിനിറുത്തല്‍ ഇന്ന് നിലവില്‍ വന്നു. പ്രാദേശിക സമയം രാവിലെ ഏഴുമണിയോടെയാണ് (ഇന്ത്യന്‍ സമയം 10.30) വെടിനിറുത്തിയത്. വെടിനിറുത്തല്‍ കരാര്‍ പ്രകാരം ഹമാസ് ആദ്യഘട്ടമായി 13 ഇസ്രയേലി ബന്ദികളെയും ഇസ്രയേല്‍ 39 പാലസ്തീന്‍ തടവുകാരെയും മോചിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. ആക്രമണങ്ങളൊന്നും ഇന്ന് റിപ്പോര്‍ട്ട് ചെയ്തില്ല.
സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്ന ഇസ്രയേലി ബന്ദികളെ ഹമാസ് തെക്കന്‍ ഗാസയിലെ ഖാന്‍ യൂനിസില്‍ വച്ച് റെഡ്ക്രോസിന് കൈമാറി. തുടര്‍ന്ന് ആംബുലന്‍സുകളില്‍ ഈജിപ്റ്റ് അതിര്‍ത്തി കവാടമായ റാഫയിലേക്ക് കൊണ്ടുപോയി. അവിടെ ഇസ്രയേല്‍ സൈന്യം അവരെ ഏറ്റുവാങ്ങി. ഈജിപ്ഷ്യന്‍ വിമാനത്താവളമായ എല്‍ അരിഷില്‍ എത്തിക്കുന്ന ബന്ദികളെ ഇസ്രയേലിന്റെ സൈനിക ഹെലികോപ്ടറില്‍ ഹാത്സെറിം എയര്‍ബേസിലേക്ക് കൊണ്ടുപോകും.
Also Read; ടെറസിലെ ഗ്രോബാഗിനുള്ളില്‍ യുവാവ് കൃഷി ചെയ്തിരുന്നത് കഞ്ചാവ് ചെടികള്‍
പാലസ്തീനികളായ 24 സ്ത്രീകളെയും 15 കുട്ടികളെയുമാണ് ഇസ്രയേല്‍ മോചിപ്പിച്ചത്. ഏറെപ്പേരും അധിനിവേശ വെസ്റ്റ്ബാങ്ക് സ്വദേശികളാണ്. ഹൈഫയിലെ ഡാമണ്‍, മെഗിദ്ദോ ജയിലുകളില്‍ നിന്ന് ഇവരെ റെഡ്ക്രോസിന് കൈമാറാനായി റാമള്ളയിലെ ഓഫെര്‍ ജയിലിലേക്ക് കൊണ്ടുപോയി. നാല് ദിവസമായി ഇസ്രയേല്‍ 150 പാലസ്തീനികളെയും ഹമാസ് 50 ഇസ്രയേലികളെയും മോചിപ്പിക്കുമെന്നാണ് ധാരണ ബന്ദികളെ സ്വീകരിക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഇസ്രയേല്‍ സേന അറിയിച്ചു.