ഗൂഗിള്‍ പേ മുഖാന്തരം മൊബൈല്‍ റീചാര്‍ജ് ചെയ്യുന്നവരാണെങ്കില്‍ സൂക്ഷിച്ചോളൂ…
രാജ്യത്ത് ഏറ്റവും അധികം ആളുകള്‍ ഉപയോഗിക്കുന്ന യുപിഐ സേവന ദാതാക്കളില്‍ ഒന്നാണ് ഗൂഗിള്‍ പേ. മൊബൈല്‍ റീചാര്‍ജ് ചെയ്യാനും, മറ്റ് ബില്‍ പേയ്‌മെന്റുകള്‍ക്കും ഗൂഗിള്‍ പേയെ ആശ്രയിക്കുന്നവര്‍ നിരവധിയാണ്. ഇനിമുതല്‍ ഗൂഗിള്‍ പേ മുഖാന്തരമുള്ള മൊബൈല്‍ റീചാര്‍ജുകള്‍ക്ക് അമിത ഫീസ് ഈടാക്കി തുടങ്ങുകയാണ് കമ്പനി. കണ്‍വീനിയന്‍സ് ഫീസ് എന്ന ഇനത്തില്‍ മൂന്ന് രൂപയോളമാണ് അധിക തുകയായി ഗൂഗിള്‍ പേ ഈടാക്കുന്നത്. വര്‍ഷങ്ങളോളം ഉപഭോക്താക്കളെ പ്രീപേയ്ഡ് പ്ലാന്‍ റീചാര്‍ജ് ചെയ്യാനും, അധിക ചെലവില്ലാതെ ബില്ലുകള്‍ അടയ്ക്കാനും അനുവദിച്ചതിനുശേഷമാണ് ഇത്തരമൊരു മാറ്റം പുതുതായി ആവിഷ്‌കരിച്ചിരിക്കുന്നത്.
സാധാരണയായി റീചാര്‍ജ് ചെയ്യുന്നതിനോടൊപ്പം 3 രൂപ അധികമായി ഈടാക്കുന്നത് പല ഉപഭോക്താക്കളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കണ്‍വീനിയന്‍സ് ഫീസ് ജിഎസ്ടി ഉള്‍പ്പെടെയുള്ളതാണെന്ന് ട്രാന്‍സാക്ഷനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, ഗൂഗിള്‍ പേ ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ ഇതുവരെ നടത്തിയിട്ടില്ല. 100 രൂപയ്ക്ക് മുകളിലുള്ള റീചാര്‍ജുകള്‍ക്കാണ് കണ്‍വീനിയന്‍സ് ഫീസ് ഈടാക്കുന്നത്.
Also Read; സെക്രട്ടറി പദവി ഒഴിയില്ല; അവധി അപേക്ഷ നല്‍കി കാനം രാജേന്ദ്രന്‍
101 രൂപ മുതല്‍ 200 രൂപ വരെയുള്ള റീചാര്‍ജുകള്‍ക്ക് 2 രൂപ ഫീസ് നല്‍കണം. 301 രൂപയ്ക്ക് മുകളിലുള്ള റീചാര്‍ജുകള്‍ക്ക് 3 രൂപ നല്‍കണം. നിലവില്‍, മൊബൈല്‍ റീചാര്‍ജുകള്‍ക്ക് മാത്രമേ ഫീസ് ബാധകമാകൂ. ഗൂഗിള്‍ പേ വഴിയുള്ള വൈദ്യുതി ബില്‍ പേയ്മെന്റുകള്‍ പോലുള്ള മറ്റ് ഇടപാടുകള്‍ സൗജന്യമായി തുടരും. വ്യക്തിപരമായി നടത്തുന്ന ഇടപാടുകള്‍ക്കും കച്ചവടവുമായി ബന്ധപ്പെട്ടുള്ള യുപിഐ ഇടപാടുകള്‍ക്കും നിലവില്‍ അധിക തുക നല്‍കേണ്ടതില്ല.