December 21, 2024
#Top Four

കുപ്രസിദ്ധ ഗുണ്ട അമ്പായത്തോട് അഷ്റഫിന് രക്തത്തിലൂടെ പകരുന്ന മാരകരോഗം

തൃശൂര്‍: നിരവധി ക്രമിനല്‍ കേസുകളില്‍ പ്രതിയായി 25 വര്‍ഷത്തിലേറെയായി ജയിലില്‍ കഴിയുന്ന കുപ്രസിദ്ധ ഗുണ്ട അമ്പായത്തോട് അഷ്റഫിന് ഗുരുതര രോഗമെന്ന് റിപ്പോര്‍ട്ട്. രക്തത്തിലൂടെ പകരുന്ന ഹെപ്പറ്റൈറ്റിസ് സി രോഗമാണ് ഇയാള്‍ക്ക്. രോഗം പകര്‍ത്തുന്നതിനായി ഇയാള്‍ സ്വയം മുറിവേല്‍പ്പിക്കുകയും മറ്റ് തടവുകാരെ മുറിവേല്‍പ്പിക്കുകയും ചെയ്യുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ഈ നീക്കത്തിന്റെ ഭാഗമായാണ് കഴിഞ്ഞ ദിവസം ഗുണ്ട മരട് അനീഷിനെ സെന്‍ട്രല്‍ ജയിലില്‍ വച്ച് ദേഹമാസകലം ബ്ലേഡ് ഉപയോഗിച്ച് മുറിവേല്‍പ്പിച്ചതെന്നാണ് നിഗമനം. അഷ്റഫിനെ എത്രയും വേഗം അതിസുരക്ഷാ ജയിലിലേയ്ക്ക് മാറ്റണമെന്നാവശ്യപ്പെട്ട് വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍ അധികൃതരും ജില്ലാ ജയില്‍ അധികൃതരും ആഭ്യന്തരവകുപ്പിന് കത്ത് നല്‍കിയിട്ടുണ്ട്. ഈ സംഭവത്തിന് ശേഷം അഷ്റഫിനെ സെന്‍ട്രല്‍ ജയിലില്‍ നിന്ന് മാറ്റി ജില്ലാ ജയിലില്‍ ഒറ്റയ്ക്ക് സെല്ലില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.

തൃശൂര്‍ ജയിലില്‍ പ്രശ്‌നമുണ്ടാക്കിയാല്‍ ഏറ്റവും സുഖകരമായ അന്തരീക്ഷമുള്ള കണ്ണൂര്‍ ജയിലിലേയ്ക്ക് മാറാമെന്ന ചിന്ത കാരണമാണ് അഷ്‌റഫ് ആക്രമണം നടത്തുന്നതെന്നാണ് ജയില്‍ അധികൃതരുടെ നിഗമനം. തൃശൂര്‍ ജയിലില്‍ പ്രശ്‌നമുണ്ടാക്കിയ കൊടി സുനിയെ വേറെ ജയിലിലേയ്ക്ക് മാറ്റിയിരുന്നു. ഇത് മനസിലാക്കിയാണ് അഷ്‌റഫും പ്രശഷ്‌നമുണ്ടാക്കിയതെന്നാണ് സൂചന.

Also Read; നവകേരള സദസില്‍ പങ്കെടുത്ത കോണ്‍ഗ്രസ്-ലീഗ് നേതാക്കള്‍ക്കെതിരെ നടപടി

ശരീരം മുഴുവന്‍ സ്വയം മുറിവേല്‍പ്പിക്കുന്ന ഇയാള്‍ മാരകമയക്കുമരുന്നിന് അടിമയാണെന്നും പറയുന്നുണ്ട്. ഇയാളെ മറ്റ് ജയിലുകളിലേയ്ക്ക് മാറ്റുന്നതിന് എല്ലാ ജയില്‍ അധികൃതരും എതിര്‍ക്കുകയാണ്. രോഗം പകര്‍ത്തും എന്ന കാരണത്താലാണിത്. ചികിത്സിക്കാനെത്തുന്ന ഡോക്ടര്‍മാരെയും സഹായത്തിനെത്തുന്ന ജയില്‍ ജീവനക്കാരെയും അഷ്‌റഫ് മുറിവേല്‍പ്പിക്കുകയും ആക്രമിക്കുകയും ചെയ്യുന്നത് പതിവാണ്.

Leave a comment

Your email address will not be published. Required fields are marked *