കശ്മീരിലെ വാഹനാപകടത്തില്‍ മരിച്ച നാലുപേരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു
കൊച്ചി: കശ്മീരിലെ സോജിലാ പാസിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച നാലുപേരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു. ജമ്മുവില്‍ നിന്നും മുംബൈ വഴി മൃതദേഹങ്ങള്‍ പുലര്‍ച്ചെ 3 മണിയോടെ കൊച്ചിയിലെത്തിച്ചു. സംഘത്തിലുണ്ടായിരുന്ന 6 പേരും വിമാന മാര്‍ഗ്ഗം നാട്ടിലെത്തിയിട്ടുണ്ട്. ചിറ്റൂര്‍ സ്വദേശികളായ സുധീഷ്, അനില്‍, രാഹുല്‍, വിഗ്‌നേഷ് എന്നിവരുടെ മൃതദേഹങ്ങളാണ് നാട്ടിലെത്തിച്ചത്. ചിറ്റൂര്‍ ടെക്നിക്കല്‍ സ്‌കൂളില്‍ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വെച്ചു. സംസ്‌കാരം രാവിലെ പത്തുമണിക്ക് ചിറ്റൂര്‍ മന്തക്കാട് പൊതു ശ്മശാനത്തില്‍ നടക്കും.
സോജില ചുരത്തില്‍ ഇവര്‍ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞ് നാല് മലയാളികള്‍ ഉള്‍പ്പെടെ അഞ്ച് പേരാണ് മരിച്ചത്. വിനോദ സഞ്ചാരം കഴിഞ്ഞ് സോനമാര്‍ഗില്‍ നിന്ന് മടങ്ങിയ സംഘമാണ് ശ്രീനഗറിലെ ദേശീയ പാതയില്‍ അപകടത്തില്‍ പെട്ടത്. വാഹനം റോഡില്‍നിന്ന് തെന്നിമാറി താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. പാലക്കാട് ചിറ്റൂര്‍ സ്വദേശികളായ ഈ നാലുപേര്‍ക്ക് പുറമെ ശ്രീനഗര്‍ സ്വദേശിയായ ഡ്രൈവര്‍ ഐജാസ് അഹമ്മദും മരിച്ചു. 13 അംഗ സംഘത്തില്‍ മൂന്ന് പേര്‍ക്ക് പരുക്കേറ്റു. മനോജ്, രജീഷ്, അരുണ്‍ എന്നിവര്‍ക്കാണ് പരുക്ക്. ഇവര്‍ സഞ്ചരിച്ച വാഹനം പൂര്‍ണമായും തകര്‍ന്ന നിലയിലായിരുന്നു.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..