രാജസ്ഥാനിലും യുപി മോഡലിന് ഒരുങ്ങി ബിജെപി
ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പില്‍ മിന്നുന്ന വിജയം നേടിയ രാജസ്ഥാനില്‍ മുഖ്യമന്ത്രി നിര്‍ണയത്തില്‍ ഉത്തര്‍പ്രദേശ് മോഡലിന് ബിജെപി തയ്യാറെടുക്കുന്നതായി സൂചന. രാജസ്ഥാന്‍, മദ്ധ്യപ്രദേശ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ നിര്‍ണയിക്കുന്നതിന് കേന്ദ്രം നിയോഗിച്ച നിരീക്ഷകര്‍ക്കൊപ്പം രാജസ്ഥാനിലെ ബിജെപി നേതാവ് ബാബാ ബാലക്നാഥ് ജെ.പി നദ്ദയുമായി കൂടിക്കാഴ്ച നടത്തിയതോടെയാണ് അഭ്യൂഹങ്ങള്‍ക്ക് തുടക്കമായത്.
രാജസ്ഥാനിലെ അല്‍വാറില്‍ നിന്നുള്ള ലോക്സഭാംഗമായ ബാലക്നാഥ് തിജാര അസംബ്ലി മണ്ഡലത്തില്‍ നിന്നാണ് നിയമസഭയിലെത്തിയത്. ഇതിന് പിന്നാലെ അദ്ദേഹം എംപി സ്ഥാനം രാജിവയ്ക്കുകയും ചെയ്തിരുന്നു. രാജസ്ഥാനിലെ പ്രമുഖ ഹിന്ദുത്വ നേതാവായ 40കാരന്‍ ബാലക്നാഥിനെ മുഖ്യമന്ത്രിയാക്കിയാല്‍ അത് സംസ്ഥാനത്തെ ജാതി സമവാക്യങ്ങള്‍ ബിജെപിക്ക് കൂടുതല്‍ അനുകൂലമാക്കുമെന്ന വിലയിരുത്തലും കേന്ദ്ര നേതൃത്വത്തിനുണ്ട്.
Also Read; കാനം രാജേന്ദ്രന്റെ സംസ്‌കാരം ഞായറാഴ്ച; തിരുവനന്തപുരത്ത് നാളെ പൊതുദര്‍ശനം
രാജസ്ഥാനിലെ ‘യോഗി ആദിത്യനാഥ്’ എന്നറിയപ്പെടുന്ന ബാലക്നാഥ് ലോക്സഭാ എംപിയായിരിക്കെയാണ് സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ചത്. കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിംഗ്, അര്‍ജുന്‍ മുണ്ട, ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ എന്നിവരാണ് കേന്ദ്ര നിരീക്ഷകര്‍. ഇവരുടെ ഒപ്പം രാജസ്ഥാനിലെ പ്രത്യേക നിരീക്ഷകന്‍ സരോജ് പാണ്ഡേയും ബാലക്നാഥിനൊപ്പം നദ്ദയെ നേരില്‍ കണ്ടു. ഇതോടെയാണ് രാജസ്ഥാനിലും യുപി മോഡലിന് ബിജെപി ഒരുങ്ങുന്നുവെന്ന സൂചനകള്‍ ലഭിച്ചത്.