സഞ്ജുവിനെ പുറത്താക്കാന്‍ കളി നടന്നു, പാരവെച്ചത് ഇന്ത്യന്‍ താരമോ?
ഒക്ടോബറില്‍ ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ഐസിസി ഏകദിന ലോകകപ്പില്‍ കളിക്കാമെന്ന മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണിന്റെ മോഹം പൊലിഞ്ഞു. ദീര്‍ഘകാലമായി ടീമിനകത്തും പുറത്തുമായി നില്ക്കുന്ന സഞ്ജുവിന് ഇക്കുറിയെങ്കിലും ലോകകപ്പില്‍ അവസരം ലഭിക്കുമെന്നായിരുന്നു പ്രതീക്ഷയെങ്കിലും താരത്തെ ടീമിലെടുക്കാന്‍ സെലക്ടര്‍മാര്‍ തയ്യാറായില്ല.
അന്താരാഷ്ട്ര മത്സരങ്ങളില്‍ പരിചയസമ്പത്തുള്ള കളിക്കാരെയാണ് ഇന്ത്യ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തിയത്. എന്നാല്‍, എല്ലാ കളിക്കാരും ഫോമിലല്ലെന്നതും ചില കളിക്കാര്‍ പരിക്കിന്റെ പിടിയിലാണെന്നതും അറിയാമായിരുന്നിട്ടും സെലക്ടര്‍മാര്‍ സഞ്ജുവിനെ തഴഞ്ഞത് അമ്പരപ്പിക്കുന്ന കാര്യമാണ്. കഴിഞ്ഞ രണ്ട് ടി20 ലോകകപ്പുകളിലും സഞ്ജുവിനെ ഇതേ രീതിയിലാണ് ഒഴിവാക്കിയത്.
ഏകദിന ലോകകപ്പില്‍ സഞ്ജു കളിക്കില്ലെന്ന് ഉറപ്പുവരുത്താന്‍ നേരത്തെ തന്നെ ചിലര്‍ നീക്കം നടത്തിയിരുന്നു എന്നുവേണം കരുതാന്‍. ടി20 ലോകകപ്പിന് ശേഷം മികച്ച ഫോമിലായിരുന്നിട്ടും സഞ്ജുവിനെ ഏകദിന മത്സരങ്ങളില്‍ ഉള്‍പ്പെടുത്താന്‍ ബിസിസിഐ തയ്യറാകാതിരുന്നതോടെ താരത്തെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തില്ലെന്ന് ഉറപ്പായിരുന്നു.
എന്നും എപ്പോഴും സഞ്ജുവിനെ രണ്ടാംനിര കളിക്കാരനായിട്ടാണ് സെലക്ടര്‍മാര്‍ പരിഗണിച്ചിരുന്നത്. അതായത്, സീനിയര്‍ കളിക്കാര്‍ വിശ്രമിക്കുമ്പോഴോ അല്ലെങ്കില്‍ രണ്ടാംനിര കളിക്കാരെ ഉള്‍പ്പെടുത്തുന്ന പരമ്പരയ്ക്കോ മാത്രമായി സഞ്ജുവിനെ ടീമിലെത്തിച്ചു. ദേശീയ ടീമില്‍ അരങ്ങേറി വര്‍ഷങ്ങളായിട്ടും 2022ലും 2023ലും മാത്രമാണ് സഞ്ജുവിന് ഇത്രയും അവസരങ്ങളെങ്കിലും ലഭിച്ചത് എന്നതും ശ്രദ്ധേയമാണ്.
വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്ത് വാഹനാപകടത്തില്‍പ്പെട്ട് പുറത്തായതിനാല്‍ ഇക്കുറി ലോകകപ്പ് ടീമിലെത്താന്‍ സഞ്ജുവിന് മികച്ച സാധ്യതയുണ്ടായിരുന്നു. എന്നാല്‍, മുംബൈ ഇന്ത്യന്‍സ് ബാറ്റര്‍ ഇഷാന് കിഷനായിരുന്നു ബിസിസിഐ പ്രധാന പരിഗണന നല്‍കിയത്. കിഷന് കൂടുതല്‍ അവസരങ്ങള്‍ നല്‍കിയും സീനിയര്‍ കളിക്കാര്‍ക്കൊപ്പം ടീമിലുള്പ്പെടുത്തിയും താരത്തെ പ്രോത്സാഹിപ്പിച്ചു.
ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ഇരട്ടസെഞ്ച്വറി നേടിയ കിഷന് തന്റെ സ്ഥാനം ഏറെക്കുറെ ഉറപ്പിക്കുകയും ചെയ്തു. എന്നാല്‍, ഇതിനുശേഷം തുടര്‍ച്ചയായ മത്സരങ്ങളില്‍ ഫോമില്ലാതായിട്ടും താരത്തെ പുറത്തിരുത്തി സഞ്ജുവിന് അവസരം നല്കാന് തയ്യാറായില്ല. കിഷനെ ലോകകപ്പ് ടീമിലെത്തിക്കാന്‍ ആവശ്യമായതെല്ലാം സെലക്ടര്‍മാര്‍ ഒരുക്കിനല്കി എന്നതാണ് യാഥാര്‍ത്ഥ്യം.
ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ഇഷ്ടക്കാരനായതും കിഷന് തുണയായി. മുംബൈ ഇന്ത്യന്‍സിലെ സഹതാരമായ കിഷനുവേണ്ടി സഞ്ജുവിനെ ഒഴിവാക്കാന്‍ രോഹിത് ശ്രമിച്ചെന്നാണ് റിപ്പോര്‍ട്ട്. സഞ്ജുവിനെ ലോകകപ്പ് ടീമിലേക്ക് പരിഗണിക്കേണ്ടതില്ലെന്ന് രോഹിത് നേരത്തെതന്നെ സെലക്ടര്‍മാരോടും ബിസിസിഐയോടും അറിയിച്ചിരുന്നു.
ലഭിച്ച അവസരങ്ങള്‍ മുതലെടുക്കാന്‍ സഞ്ജുവിന് സാധിച്ചില്ലെന്ന് പലരും ചൂണ്ടിക്കാട്ടുന്നുണ്ട്. ഒരുപരിധിവരെ ഇത് ശരിയാണെങ്കിലും താരത്തിന്റെ ശരാശരിയും സ്ട്രൈക്ക് റേറ്റും ഇപ്പോള്‍ ടീമിലെത്തിയ ചില കളിക്കാരേക്കാള്‍ മികച്ചതാണ്. സീനിയര്‍ കളിക്കാര്‍ക്കൊപ്പം നിരന്തരം അവസരം ലഭിച്ചിരുന്നെങ്കില്‍ സഞ്ജു ഇപ്പോള്‍ ലോകകപ്പ് ടീമിലുണ്ടാകുമായിരുന്നെന്ന് നിസ്സംശയം പറയാം. 2021 ജൂലൈയില്‍ അരങ്ങേറ്റം കുറിച്ച ശേഷം, 13 ഏകദിന മത്സരങ്ങളില്‍ മാത്രമാണ് സഞ്ജുവിന് അവസരം ലഭിച്ചത്. ഇത്രയും ഏകദിനത്തില്‍ 55.71 ശരാശരി ഉള്ള താരമാണ് സഞ്ജു സാംസണ് എന്നുകൂടി ഓര്‍ക്കണം.
ഇഷാന് കിഷന് കഴിഞ്ഞ ചില മത്സരങ്ങളില്‍ ലഭിച്ച അവസരം വിനിയോഗിച്ചതും സഞ്ജുവിന് ദോഷം ചെയ്തു. ടീമില്‍ ഇടം ഉറപ്പിക്കാന്‍ സ്ഥിരത ഒരു ഘടകമാണെങ്കിലും കിഷന്റെ കാര്യത്തില്‍ അത് പരിഗണിച്ചില്ല. മധ്യനിര ബാറ്ററായി ശ്രേയസ് അയ്യര്‍ തിരിച്ചെത്തിയതും സൂര്യകുമാര്‍ യാദവ് ടീമിലുള്ളതും സഞ്ജുവിനെ ഒഴിവാക്കാനുള്ള മറ്റു ഘടകങ്ങളാണ്.
പരിക്കേറ്റ കെഎല്‍ രാഹുലിന്റെ തിരിച്ചുവരവ് എത്രത്തോളം ഫലം കാണുമെന്ന് കണ്ടറിയണം. ഫോമില്ലായ്മയുടെ ആഴങ്ങളിലേക്ക് വീണ രാഹുല്‍ പരിക്കിന്റെ പിടിയില്‍ നിന്നും മടങ്ങിയെത്തുമ്പോള്‍ പ്ലേയിംഗ് ഇലവനില്‍ തന്നെ സ്ഥാനംപിടിക്കാനാണ് സാധ്യത. വിക്കറ്റ് കീപ്പറായി പ്രഥമ പരിഗണനയും രാഹുലിനാണ്. പരിക്കിനുശേഷം നേരിട്ട് ലോകകപ്പില്‍ ഒരു താരത്തെ കളിപ്പിക്കുന്നതിന് പകരം എന്തുകൊണ്ട് സഞ്ജുവിന് സ്ഥാനം നല്‍കിയില്ലെന്ന് ലോകകപ്പിന് ശേഷം ചോദ്യമുയരാനും ഇടയുണ്ട്.