December 21, 2024
#Top News

ആനക്കൊമ്പ് കേസ്: മോഹന്‍ലാലിനെതിരെ തുടര്‍നടപടികള്‍ക്ക് സ്റ്റേ

കൊച്ചി: ആനക്കൊമ്പ് കൈവശം വച്ച കേസില്‍ നടന്‍ മോഹന്‍ലാലിനെതിരെയുള്ള തുടര്‍നടപടികള്‍ക്ക് സ്റ്റേ. പെരുമ്പാവൂര്‍ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിലെ നടപടികളാണ് ആറ് മാസത്തേക്ക് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തടഞ്ഞത്. മോഹന്‍ലാലിന് എതിരായ കേസ് അവസാനിപ്പിക്കാന്‍ അനുമതി തേടി പ്രോസിക്യൂഷന്‍ നല്‍കിയ അപേക്ഷ നേരത്തെ മജിസ്ട്രേറ്റ് കോടതി തളളിയിരുന്നു. ഇത് ചോദ്യം ചെയ്താണ് മോഹന്‍ലാല്‍ ഹൈക്കോടതിയെ സമീപിച്ചത്.

പ്രോസിക്യൂഷന് എതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയായിരുന്നു നേരത്തെ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ്. മോഹന്‍ലാലിനെതിരായ കുറ്റം നിസാരമായി കാണാനാവില്ലെന്നും കേസ് പിന്‍വലിക്കുന്നത് രാജ്യതാല്‍പര്യത്തിന് എതിരാണെന്നുമായിരുന്നു വിമര്‍ശനം.

മോഹന്‍ലാലിന്റെ കൊച്ചി തേവരയിലെ വീട്ടില്‍ 2011 ഡിസംബര്‍ 21-ന് ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ 2 ജോഡി ആനക്കൊമ്പും ആനക്കൊമ്പില്‍ തീര്‍ത്ത വിഗ്രഹങ്ങളും കണ്ടെടുത്തിരുന്നു. ഇതാണ് കേസിനാധാരം. ആദായ നികുതി വകുപ്പ് വനം വകുപ്പിനെ അറിയിച്ചതിനെ തുടര്‍ന്ന് കേസ് എടുക്കുകയായിരുന്നു. ആനക്കൊമ്പ് തനിക്ക് സമ്മാനമായി ലഭിച്ചതാണെന്നായിരുന്നു മോഹന്‍ലാലിന്റെ വാദം.

Leave a comment

Your email address will not be published. Required fields are marked *