December 22, 2024
#life

ആരാണ് പ്രോതിമ ബേദി

ഒരു കാലത്ത് മുംബൈ ഗ്ലാമര്‍ ലോകത്തെ നിറസാന്നിധ്യമായിരുന്ന പ്രശസ്ത മോഡല്‍. യാദൃശ്ചികമായ് കണ്ടൊരു നൃത്ത രൂപം തന്റെ ആത്മാവിനെ തൊട്ടുണര്‍ത്തിയെന്ന് പറഞ്ഞ നര്‍ത്തകി, പ്രോതിമ ബേദി.

ബെംഗളൂരു നഗരത്തില്‍ നിന്ന് 35 കിലോമീറ്റര്‍ മാത്രം ദൂരമുള്ള ഹാസരഘട്ട എന്ന കൊച്ചുഗ്രാമം. അവിടെ ഇന്ത്യയിലെ ആദ്യത്തെ ഫ്രീ ഡാന്‍സ് ഗുരുകുലം, നൃത്യഗ്രാം. 1975 ഓഗസ്റ്റ് മാസത്തിലെ മഴയാണ് പ്രോതിമയുടെ മനസ്സില്‍ ഒഡീസി എന്ന നൃത്തരൂപത്തിനോട് ആഴത്തില്‍ വേരൂന്നിയ ഒരിഷ്ടം മുളപൊട്ടിച്ചതെന്ന് പറയാം. മഴയില്‍ നിന്ന് രക്ഷപ്പെടാന്‍ അന്ന് ബുലാഭായ് മെമ്മോറിയല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വരാന്തയില്‍ കയറിനിന്ന പ്രോതിമ സമയം കളയാന്‍ വേണ്ടിയാണ് അന്ന് ഓഡിറ്റോറിയത്തിനുള്ളില്‍ കയറിയത്. അരങ്ങില്‍ രണ്ട് പെണ്‍കുട്ടികള്‍ അവതരിപ്പിച്ചിരുന്നത് ഏത് നൃത്തരൂപമാണെന്ന് പോലും പ്രോതിമയ്ക്ക് അന്ന് അറിയില്ലായിരുന്നു. പ്രശസ്ത നര്‍ത്തകനായിരുന്ന കേളുചരണ്‍ മഹാപാത്രയുടെ സംഘമാണ് അന്നവിടെ ഒഡീസി അവതരിപ്പിച്ചിരുന്നത്. ഒഡീസിയുടെ മായാവലയത്തില്‍പ്പെട്ട പ്രോതിമ നൃത്തം കഴിഞ്ഞയുടന്‍ സ്റ്റേജിന്റെ പിന്നിലെത്തി തന്നെ നൃത്തം പഠിപ്പിക്കണമെന്ന് ഗുരുവിനോട് ആവശ്യപ്പെട്ടു.

കൈയില്‍ എരിയുന്ന സിഗരറ്റും നാലിഞ്ച് ഹീലുള്ള ചെരുപ്പും ഇറുകിയ പാന്റ്സും ഹാള്‍ട്ടര്‍ നെക്ക് ടോപ്പും ധരിച്ച പ്രോതിമയെ തെല്ല് അമ്പരപ്പോടെയാണ് ഗുരു നോക്കിയത്. അതുവരെ ഒരു ശാസ്ത്രീയ നൃത്തച്ചുവട് പോലും വെച്ചിട്ടില്ലാത്ത പ്രോതിമയെ ഒഴിവാക്കാന്‍ ഗുരു കണ്ടെത്തിയ തന്ത്രമാകട്ടെ അതിഗംഭീരം. എന്നാല്‍ ഒഡീസിയുടെ മോഹനതാളം പ്രോതിമയെ പിന്‍തിരിപ്പിച്ചില്ല. മക്കളെ ഭര്‍ത്താവും നടനുമായ കബീര്‍ ബേദിയെ ഏല്‍പ്പിച്ച് ഗുരുവിന്റെ അടുത്തേക്ക് യാത്രതിരിച്ചു. നൃത്തത്തില്‍ സ്വയം മറന്ന പ്രോതിമ ഭര്‍ത്താവിനെയും കുഞ്ഞുങ്ങളെയും വിസ്മരിക്കത്തക്കവിധത്തില്‍ ഒഡീസിയില്‍ ലയിച്ചിരുന്നു.

കഠിനമായ പരിശീലനത്തിലൂടെ ഒഡീസി സ്വായക്തമാക്കാന്‍ തയാറായ പ്രോതിമ ഒരു ദിവസം 12 മുതല്‍ 14 മണിക്കൂര്‍ നൃത്തത്തിനായ് മാറ്റിവെച്ചിരുന്നു. നൃത്തത്തിലേക്ക് പ്രവേശിച്ച് 14 വര്‍ഷത്തിനുശേഷം തിരിഞ്ഞു നോക്കുമ്പോള്‍ താന്‍ നൃത്തത്തിനുവേണ്ടി സമര്‍പ്പിച്ചത് സ്വന്തം ജീവിതമാണ് എന്ന തിരിച്ചറിവ് പ്രോതിമയെ ഒരിക്കലും തളര്‍ത്തിയിരുന്നില്ല. ഇതിനെല്ലാം ഇടയിലും ആടിയുലയാത്ത ഒരു സ്വപ്നമുണ്ടായിരുന്നു. പാരമ്പര്യരീതിയില്‍ ഇന്ത്യന്‍ ക്ലാസിക്കല്‍ നൃത്തങ്ങള്‍ പരിശീലിപ്പിക്കുന്ന ഗുരുകുലം സ്ഥാപിക്കുക എന്നതായിരുന്നു അത്.

ഒടുവില്‍ നേരിടേണ്ടിവന്ന എല്ലാ പ്രതിസന്ധികളേയും മറികടന്ന് 1989ല്‍ അന്നത്തെ കര്‍ണാടക മുഖ്യമന്ത്രിയായിരുന്ന രാമകൃഷ്ണ ഹെഗ്ഡെയുടെ സഹായത്തോടുകൂടി മുപ്പതു വര്‍ഷത്തെ പാട്ടത്തിനുകിട്ടിയ പത്ത് ഏക്കര്‍ ഭൂമിയിലാണ് തന്റെ സ്വപ്നമായ ഗുരുകുലം പ്രോതിമ സാക്ഷാത്കരിച്ചത്. പിന്നീട് 1990ലാണ് അന്ന് പ്രധാനമന്ത്രിയായിരുന്ന വി.പി. സിങ് നൃത്യഗ്രാമം ഔപചാരികമായ് ഉദ്ഘാടനം ചെയ്തത്. നൃത്യഗ്രാമം സ്ത്രീശാക്തീകരണത്തിന്റെ എല്ലാ ലക്ഷ്യങ്ങളും മൂല്യങ്ങളും ഉള്‍ക്കൊള്ളുന്നുണ്ടെന്ന് പറയാം.

Leave a comment

Your email address will not be published. Required fields are marked *