പന്നികള്‍ കൃഷി നശിപ്പിച്ചു; മൂന്ന് പേരെ ആള്‍ക്കൂട്ടം അടിച്ചു കൊന്നു

റാഞ്ചി: പന്നികള്‍ കൃഷി നശിപ്പിച്ചെന്നാരോപിച്ച് രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ ഒരു കുടുംബത്തിലെ മുന്നുപേരെ ആള്‍ക്കൂട്ടം അടിച്ചു കൊന്നു. ജാര്‍ഖണ്ഡിലെ ഒര്‍മഞ്ചി പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഝഞ്ജി തോല ഗ്രാമത്തിലാണ് സംഭവം. പത്തോളം പേരടങ്ങുന്ന സംഘമാണ് കൊലപാതകം നടത്തിയത്. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്ന് റാഞ്ചി റൂറല്‍ പോലീസ് സൂപ്രണ്ട് ഹാരിസ് ബിന്‍ സമാന്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.
ജനേശ്വര്‍ ബേഡിയ (42), സരിതാ ദേവി (39), സഞ്ജു ദേവി (25) എന്നിവരാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാവിലെയാണ് ജനക്കൂട്ടം മൂന്നുപേരെയും ആക്രമിച്ച് കൊലപ്പെടുത്തിയത്. മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്കായി അയച്ചതായി എസ്പി പറഞ്ഞു. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് ഗ്രാമത്തില്‍ കൂടുതല്‍ പോലീസിനെ വിന്യസിച്ചതായി എസ്പി കൂട്ടിച്ചേര്‍ത്തു.
കൊല്ലപ്പെട്ടവര്‍ വളര്‍ത്തിയിരുന്ന പന്നികള്‍ ദിവസങ്ങള്‍ക്ക് മുന്‍പ് സമീപത്തെ കൃഷിയിടത്തില്‍ കയറി വിളകള്‍ നശിപ്പിച്ചിരുന്നുവെന്ന് എസ്പി പറഞ്ഞു. ഈ സംഭവത്തില്‍ ഇരു കുടുംബങ്ങളും തമ്മില്‍ തര്‍ക്കമുണ്ടായി. വ്യാഴാഴ്ച രാവിലെ 11 മണിയോടെ വടികളും ആയുധങ്ങളുമായി എത്തിയ പത്തോളം പേരടങ്ങുന്ന സംഘം മൂന്നുപേരെയും ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് എസ്പി ഹാരിസ് ബിന്‍ സമാന്‍ വ്യക്തമാക്കി.