പൂക്കളും പൂമാലയും സ്വീകരിക്കാതെ പുസ്തകം സ്വീകരിക്കുന്ന എംപി
പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പ്രഭാഷണമായ മന്‍കിബാത്തില്‍ ഒരിക്കല്‍ അദ്ദേഹം പറഞ്ഞു പൂക്കളും പൂമാലയും സ്വീകരിക്കാതെ പുസ്തകം വാങ്ങുന്ന നല്ല മാതൃക നമുക്കിടയില്‍ തുടങ്ങിയിട്ടുണ്ട്. മറ്റുള്ളവര്‍ക്കും ഈ മാതൃക അനുകരിക്കാവുന്നതാണെന്ന്. ഈ മാതൃക ആരെന്ന് പറഞ്ഞില്ലെങ്കിലും പലരും തിരിച്ചറിഞ്ഞിരുന്നു അത് തൃശ്ശൂര്‍ എംപി ടിഎസ് പ്രതാപനായിരുന്നെന്ന്.
2019 ജൂണ്‍ 19 ന് ലോക്സഭയിലെ സത്യപ്രതിജ്ഞ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ ടിഎന്‍ പ്രതാപന്‍ മറ്റൊരു പ്രതിജ്ഞ കൂടി എടുത്തിരുന്നു എംപിയെന്ന നിലയില്‍ പങ്കെടുക്കുന്ന ഒരു ചടങ്ങിലും പൂക്കളും ഷാളും മൊമന്റോകളും വാങ്ങില്ല, ഒരു പുസ്തകം അല്ലെങ്കില്‍ ഷെയ്ക്ക് ഹാന്‍ഡ് മാത്രമെന്ന്. തന്റെ ഈ നിലപാട് ഔദ്യോഗിക പേജില്‍ അറിയിപ്പായി നല്‍കുകയും ചെയ്തു. എംപിയായ ആദ്യ നാളുകളില്‍ ഞാന്‍ മനസ്സ് കൊണ്ട് വിചാരിച്ചെങ്കിലും നടപ്പാക്കാന്‍ പറ്റാതെ പോയ കാര്യമാണിതെന്ന് ഡോ ശശി തരൂര്‍ എംപി തന്റെ പേജില്‍ എഴുതിയപ്പോഴാണ് പ്രതാപന്റെ പ്രതിജ്ഞ കൂടുതല്‍ പേര്‍ അറിയുന്നത്.
നാല് വര്‍ഷം പിന്നിടുമ്പോള്‍ ഒന്നേകാല്‍ ലക്ഷം പുസ്തകങ്ങളാണ് അദ്ദേഹത്തിന് സമ്മാനമായി ലഭിച്ചിട്ടുള്ളത്. രണ്ട് വര്‍ഷം കോവിഡ് മൂലം പൊതുചടങ്ങുകള്‍ കുറവായിട്ടുപോലും തൃശ്ശൂരില്‍ നിന്ന് മാത്രമായി അദ്ദേഹത്തിന് സമ്മാനമായി ലഭിച്ചത് 26000 പുസ്തകങ്ങളാണ്. കെപിഎസ്ടിയു തൃശൂരില്‍ നടത്തിയ സംസ്ഥാന സമ്മേളനത്തില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ അധ്യാപകര്‍ പതിനായിരത്തോളം പുസ്തകം സംഘാടക സമിതി ചെയര്‍മാനായ ടിഎന്‍ പ്രതാപന് സമ്മാനമായി നല്‍കിയിരുന്നു. തേക്കിന്‍കാട് മൈതാനത്ത് പ്രത്യേക പവലിയന്‍ ഒരുക്കി പുസ്തക കൂമ്പാരമാണ് പ്രതാപന് നല്‍കിയത്.
ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ പ്രതാപന്‍ എഴുതിയ പുസ്തകത്തിന്റെ പ്രകാശനത്തിന് എത്തിയപ്പോഴാണ് ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജ ഭാരവാഹികള്‍ പ്രതാപന്റെ പുസ്തകപ്രേമം അറിയുന്നത്. അവര്‍ കഴിഞ്ഞ വര്‍ഷം ഒരു ലക്ഷം പുസ്തങ്ങള്‍ സമ്മാനിച്ചു. ഈ പുസ്തകങ്ങള്‍ ഉപയോഗിച്ച് ഷാര്‍ജ എക്സ്പോ സെന്ററില്‍ ഷാര്‍ജ ഭരണാധികാരിയുടെ ഛായാചിത്രം തൃശൂര്‍ക്കാരനായ ഡാവിഞ്ചി സുരേഷ് ഒരുക്കിയിട്ടുണ്ട്.
ഇന്ത്യന്‍ അസോസിയേഷനു കീഴിലുള്ള വിദ്യാലയങ്ങളിലെ ഇരുപതിനായിരത്തില്‍ താഴെ വരുന്ന വിദ്യാര്‍ത്ഥികളും അധ്യാപകരും യുഎഇയിലെ വിവിധ സംഘടനകളും സ്ഥാപനങ്ങളും വഴിയാണ് പുസ്തകങ്ങള്‍ സമാഹരിച്ചത്.
ഷാര്‍ജയില്‍ സമ്മാനമായി ലഭിച്ച പുസ്തകങ്ങള്‍ അവര്‍ നാട്ടിലെത്തിച്ച് തരാമെന്ന് ഉറപ്പുനല്‍കിയിട്ടുണ്ട്. ഇങ്ങനെ പല ഇടത്തുനിന്നും ലഭിച്ച പുസ്തകങ്ങള്‍ കൊണ്ട് വിയ്യൂര്‍ അതിസുരക്ഷാ ജയിലില്‍ വായനശാല സ്ഥാപിച്ചു. സ്‌കൂള്‍ ലൈബ്രറികള്‍ക്കും പൊതു വായനശാലകള്‍ക്കും പുസ്തകങ്ങള്‍ നല്‍കാറുമുണ്ട്. ഇപ്പോഴും തളിക്കുളം പബ്ലിക് ലൈബ്രറി ആന്‍ഡ് റീഡിങ് റൂമിന്റെ പ്രസിഡന്റ് ആണ് ടിഎന്‍ പ്രതാപന്‍. രണ്ടായിരത്തോളം പുസ്തകങ്ങള്‍ ഈ വായനശാലയ്ക്കും കൈമാറിയിട്ടുണ്ട്.
കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഇനി ഷാളും പുസ്തകവും സ്വീകരിക്കില്ലെന്നും പകരം പുസ്തകം മാത്രമേ സ്വീകരിക്കൂ എന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.