#Trending

ഭാര്യ പറഞ്ഞത് കേട്ടിരുന്നെങ്കില്‍, ഓണം ബമ്പറടിച്ചിട്ടും ദുരിതത്തിലായ അനൂപിന്റെ വെളിപ്പെടുത്തല്‍ !

മറ്റൊരു ഓണം ബമ്പറിന്റെ നറുക്കെടുപ്പ് ആഘോഷത്തിലാണ് കേരളം. എല്ലാ വര്‍ഷവും ലോട്ടറി വകുപ്പ് ഏറ്റവും വലിയ സമ്മാനത്തുക നല്‍കുന്ന ഓണം ബമ്പര്‍ നറുക്കെടുപ്പ് ഏവരും ആകാംഷയോടെയാണ് കാത്തിരിക്കാറുള്ളത്. ഭാഗ്യം പരീക്ഷിക്കാനായി ലോട്ടറിയെടുത്തവര്‍ ഇത്തവണ ബമ്പര്‍ നറുക്കെടുപ്പിന് ദിവസങ്ങള്‍ക്ക് മുന്‍പേ കാത്തിരിപ്പ് തുടങ്ങിയിരുന്നു.

25 കോടി രൂപയാണ് ഇക്കുറിയും ഒന്നാം സമ്മാനത്തിന് നല്‍കുന്ന തുക. അതേസമയം, രണ്ടാം സമ്മാനത്തിന്റെ ഘടന മാറ്റിയത് സമ്മാനം ആകര്‍ഷകമാക്കിയിട്ടുണ്ട്. 1 കോടി രൂപ വീതം 20 പേര്‍ക്കാണ് രണ്ടാം സമ്മാനം. കഴിഞ്ഞ തവണ 5 കോടി രൂപയുടെ ഒറ്റ സമ്മാനമായിരുന്നു നല്‍കിയത്. അതായത് ഇത്തവണ നറുക്കെടുപ്പ് കഴിയുന്നതോടെ കൂടുതല്‍ പേര്‍ക്ക് കോടീശ്വരന്മാരാകാം.

75 ലക്ഷത്തിനടുത്ത് ലോട്ടറി ഇക്കുറി വിറ്റുപോയതായാണ് കണക്ക്. കഴിഞ്ഞ തവണത്തേക്കാള്‍ 10 ലക്ഷത്തോളം ടിക്കറ്റുകള്‍ വിറ്റുപോയതിനാല്‍ അധികമായി നല്‍കേണ്ട തുക സര്‍ക്കാരിന് ബാധ്യതയാകില്ല. കൂട്ടായ്മകള്‍ വഴി ടിക്കറ്റെടുക്കുന്നത് വര്‍ധിച്ചതും ഇതര സംസ്ഥാനക്കാര്‍ കൂടുതല്‍ ടിക്കറ്റെടുത്തതും ടിക്കറ്റ് വില്‍പ്പനയെ സഹായിച്ചിട്ടുണ്ട്.

ഓണം ബമ്പര്‍ നറുക്കെടുക്കുമ്പോള്‍ ആദ്യമായി 25 കോടിയുടെ ഒന്നാം സമ്മാനമടിച്ച തിരുവനന്തപുരം സ്വദേശിയായ അനൂപിനെ അധികമാരും മറന്നിരിക്കാനിടയില്ല. വമ്പന്‍ സമ്മാനമടിച്ചതിന് പിന്നാലെ ചാനലുകളിലും സോഷ്യല്‍ മീഡിയയിലും താര സമാനമായ സ്വീകാര്യത ലഭിച്ച അനൂപിന് പിന്നീട് ഒരിക്കലും പ്രതീക്ഷിക്കാത്ത കാര്യങ്ങളെയാണ് നേരിടേണ്ടിവന്നത്.

25 കോടി രൂപയുടെ ഭാഗ്യവാനെന്ന നിലയില്‍ കേരളക്കരയാകെ പ്രശസ്തനായെങ്കിലും ജീവിതം മുന്‍പുള്ളതിനേക്കാള്‍ ദുരിതത്തിലായെന്നുകാട്ടി ഇയാള്‍ സോഷ്യല്‍ മീഡിയയിലെത്തിയിരുന്നു. സഹായം ആവശ്യപ്പെട്ട് എത്തുന്നവരെക്കൊണ്ട് പൊറുതിമുട്ടിയ അനൂപിന് സ്വന്തം വീട്ടിലെത്താന്‍ പോലും കഴിയാത്ത അവസ്ഥയായിരുന്നു ഏറെക്കാലം.

തന്റെ ജീവിതത്തിലുണ്ടായ അനുഭവങ്ങളുടെ വെളിച്ചത്തില്‍ ലോട്ടറിയടിക്കുന്നവര്‍ക്ക് ഇത്തവണ അനൂപ് ഉപദേശം നല്‍കുന്നുണ്ട്. ലോട്ടറിയടിച്ചാല്‍ ആരോടും പറയരുതെന്ന് അനൂപ് പറയുന്നു. വീട്ടുകാരല്ലാതെ മറ്റാരും അറിയാതിരിക്കുന്നതാണ് നല്ലത്. ഭാര്യയുടെ ഉപദേശം കേള്‍ക്കാതെ എല്ലാവരോടും പറഞ്ഞതാണ് തനിക്ക് അബദ്ധംപറ്റാന്‍ കാരണം.

അടുപ്പമുള്ളവരെ സഹായിക്കണം. എന്നാല്‍, പല പ്രാവശ്യം ഒരാള്‍ തന്നെ സഹായം ചോദിച്ചെത്തുകയാണ്. അത് നല്‍കാന്‍ നമുക്ക് നമുക്ക് സാധിച്ചെന്ന് വരില്ല. അതോടെ പിണക്കമാകും. അതിന് മുന്‍പ് കൊടുത്തതൊന്നും കാര്യമാക്കുകയും ഇല്ല. സഹായം ആവശ്യമുള്ളവരെ സഹായിക്കുകതന്നെ വേണം. എന്നാല്‍, സഹായം അവകാശമെന്ന രീതിയില്‍ വരുന്നവരുണ്ടെന്നാണ് അനൂപ് സൂചിപ്പിക്കുന്നത്.

ലോട്ടറിയടിച്ചയാള്‍ പണം ശരിയായി വിനിയോഗിച്ചില്ലെങ്കില്‍ പിന്നീട് ബുദ്ധിമുട്ടാകുമെന്ന് അനൂപ് ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യത്തില്‍ മറ്റുള്ളവരോട് അയാള്‍ക്ക് ചിലത് പറയാനുമുണ്ട്. വീട്ടുകാരോട് മാത്രമായി സംസാരിച്ച് ലോട്ടറി അടിച്ചത് മറ്റുള്ളവരോട് മറച്ചുവെക്കണം. സമ്മാനം കിട്ടിയ ഉടന്‍ ഒരു ചാര്‍ട്ടേഡ് അക്കൗണ്ടന്റിനെ കണ്ട് എന്തൊക്കെ കാര്യങ്ങളാണ് ചെയ്യേണ്ടത് എന്ന് മനസിലാക്കുക. തുടര്‍ന്ന് ലോട്ടറി ഓഫീസുമായി ബന്ധപ്പെട്ട് തുക മാറ്റാനുള്ള വഴി നോക്കണം.

ഏകദേശം ഒരുവര്‍ഷമെങ്കിലും തുക മറ്റു കാര്യങ്ങള്‍ക്കായി വിനിയോഗിക്കരുത്. ടാക്സും മറ്റു കാര്യങ്ങളും കഴിഞ്ഞ ശേഷം മാത്രം ഉപയോഗിക്കുക. ലോട്ടറിയടിച്ചാല്‍ കൂടുതല്‍ പണം ലഭിക്കുമെന്നതിനാല്‍ ചിലരൊക്കെ ബ്ലാക്കില്‍ ടിക്കറ്റുകള്‍ മാറ്റി എടുക്കുന്നു എന്ന് കേട്ടിട്ടുണ്ട്. അങ്ങനെ ചെയ്താല്‍ വലിയൊരു പ്രശ്നത്തിലെ അത് കലാശിക്കൂ. അറിവുള്ളവരോട് ചോദിച്ച് കാര്യങ്ങള്‍ മനസിലാക്കി തുക ഉപയോഗിക്കണമെന്നും ഇല്ലെങ്കില്‍ ഒരുപക്ഷേ ഉള്ളതിനെക്കാള്‍ വലിയ കടക്കാരാകും നമ്മളെന്നും അനൂപ് മുന്നറിയിപ്പ് നല്‍കുന്നു.

12 കോടിയോളം രൂപയാണ് നികുതികഴിച്ച് അനൂപിന് ലഭിച്ചത്. പണം ലഭിച്ചശേഷം അനൂപ് സ്വന്തമായി ഒരു ലോട്ടറിസ്റ്റാള്‍ ആരംഭിച്ചു. ശേഷിക്കുന്ന പണം ബാങ്കിലിട്ടശേഷം പലിശകൊണ്ടാണ് മറ്റുള്ളവരെ സഹായിക്കുന്നതും മറ്റും. നേരത്തെ സഹായം അഭ്യര്‍ത്ഥിച്ചെത്തുന്നവരുടെ ശല്യത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ അനൂപ് വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഇതിന് ശേഷമാണ് ഇയാള്‍ക്ക് സ്വാതന്ത്ര്യത്തോടെ ജീവിക്കാന്‍ കഴിഞ്ഞത്.

Leave a comment

Your email address will not be published. Required fields are marked *