സൈബര്‍ സെല്ലിന്റെ പേരില്‍ പണമാവശ്യപ്പെട്ട് സന്ദേശം, വിദ്യാര്‍ഥി ജീവനൊടുക്കി
കോഴിക്കോട്: സൈബര്‍ സെല്ലിന്റെ പേരില്‍ പണമാവശ്യപ്പെട്ട് വ്യാജ സന്ദേശം ലഭിച്ച വിദ്യാര്‍ഥി ജീവനൊടുക്കി. കോഴിക്കോട് സാമൂതിരി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥി ആദിനാഥ് (16) ആണ് മരിച്ചത്. കോഴിക്കോട് ചേവായൂരില്‍ ബുധനാഴ്ചയാണ് വിദ്യാര്‍ഥിയെ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
വിദ്യാര്‍ഥി ലാപ്പ്‌ടോപ്പില്‍ സിനിമ കാണുന്നതിനിടെ 33900 രൂപ ആവശ്യപ്പെട്ട് സന്ദേശമെത്തുകയായിരുന്നു. ആറ് മണിക്കൂറിനുള്ളില്‍ പണം നല്‍കണമെന്നായിരുന്നു ആവശ്യം. നിയമ വിരുദ്ധമായ സൈറ്റില്‍ കയറിയെന്നും പണം തന്നില്ലെങ്കില്‍ പൊലീസില്‍ വിവരം അറിയിച്ച് അറസ്റ്റ് രേഖപ്പെടുത്തുമെന്നും ആയിരുന്നു ലഭിച്ച സന്ദേശം. പറഞ്ഞ തുക നല്‍കിയില്ലെങ്കില്‍ രണ്ട് ലക്ഷം രൂപ പിഴയും രണ്ട് വര്‍ഷം തടവും അനുഭവിക്കേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നാണ് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തതെന്നാണ് പൊലീസിന്റെ പ്രാഥമിക വിവരം.
നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയോട് സാമ്യമുള്ള സൈറ്റ് ഉപയോഗിച്ചാണ് ഹാക്കര്‍ പണം ആവശ്യപ്പെട്ടതെന്നാണ് വിവരം.
(ജീവിതത്തിലെ പ്രതിസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)