January 22, 2025
#Movie

രജനീകാന്ത് പത്ത് ദിവസം കേരളത്തില്‍

രജനീകാന്ത് ഇനി പത്ത് ദിവസം കേരളത്തില്‍. ഒക്ടോബര്‍ മൂന്ന് മുതല്‍ പത്ത് ദിവസത്തേക്ക് താരം തിരുവനന്തപുരത്ത് ഉണ്ടാകുമെന്നാണ് വിവരം. പുതിയ സിനിമയുടെ ചിത്രീകരണത്തിനായാണ് താരം തലസ്ഥാനത്തെത്തുന്നത്. രജനീകാന്തിന്റെ സൂപ്പര്‍ഹിറ്റ് സിനിമയായ ജയിലറിന്റെ ഉജ്വല വിജയിത്തിന് ശേഷം താരം അഭിനയിക്കുന്ന ‘തലൈവര്‍ 170’ യുടെ ചിത്രീകരണമാണ് തിരുവനന്തപുരത്ത് നടക്കുന്നത്.

ഒരു രജനി ചിത്രം തലസ്ഥാനത്ത് ചിത്രീകരിക്കുന്നത് ആദ്യമായാണ്. ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങളായി അമിതാഭ് ബച്ചന്‍, മഞ്ജു വാര്യര്‍, ഫഹദ് ഫാസില്‍, റാണ ദഗുബാട്ടി എന്നിവരും അണിനിരക്കുന്നുണ്ട്. അമിതാഭ് ബച്ചന്‍ ഒഴികെയുള്ള മറ്റ് താരങ്ങളെല്ലാം തിരുവനന്തപുരത്തെത്തുന്നുണ്ട്. ചിത്രം സംവിധാനം ചെയ്യുന്നത് ടി ജെ ജ്ഞാനവേലാണ്.

തമിഴിലെ പ്രശസ്ത നിര്‍മ്മാണക്കമ്പനിയായ ലൈക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുബാസ്‌കരന്‍ ആണ് നിര്‍മ്മാണം. രജനികാന്തിന്റെ വില്ലനായെത്തുന്നത് ഫഹദ് ഫാസില്‍ ആണെന്നാണ് റിപ്പോര്‍ട്ട്. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം അമിതാഭ് ബച്ചനും രജനിയും ഒന്നിക്കുന്ന ചിത്രമാകും ‘തലൈവര്‍ 170’.

ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദര്‍ ആണ്. രജനിയുടെ കേരളത്തിലേക്കുള്ള വരവ് ആരാധകരെ ഹരം കൊള്ളിക്കുമെന്നതിനാല്‍ ശക്തമായ സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരം കൂടാതെ നാഗര്‍കോവില്‍, കന്യാകുമാരി എന്നിവിടങ്ങളും ‘തലൈവര്‍ 170’ യുടെ ലൊക്കേഷനാണ്.

Leave a comment

Your email address will not be published. Required fields are marked *