ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത ; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ബീച്ചില്‍ പോകരുത്, രാത്രിയില്‍ ഉയര്‍ന്ന തിരമാലകളടിക്കും
തിരുവനന്തപുരം: കേരളത്തില്‍ ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ മുപ്പത് മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നും മുന്നറിയിപ്പ്. ഒക്ടോബര്‍ ആറിന് ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ബീച്ചില്‍ പോകുന്നതിന് നിരോധനം
തിരുവനന്തപുരം ജില്ലയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ബീച്ചില്‍ പോകുന്നത് നിരോധിച്ച് ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ്. ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതു വരെ നിരോധനം തുടരും. ഇന്ന് ജില്ലയിലെ പ്രൊഫഷണല്‍ കോളജ്, കേന്ദ്രീയ വിദ്യാലയങ്ങള്‍ ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണ്.
മത്സ്യത്തൊഴിലാളികള്‍ ശ്രദ്ധിക്കണം
കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശ വാസികളും ജാഗ്രത പാലിക്കണം. അപകടമേഖലയിലുള്ളവര്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറിത്താമസിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ചാനലിൽ അംഗമാകൂ..





Malayalam 























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































