അഴിഞ്ഞാട്ട പരാമര്‍ശം; ഉമര്‍ ഫൈസി മുക്കത്തിന് എതിരെ വി.പി സുഹറ പോലീസില്‍ പരാതി നല്‍കി
അഴിഞ്ഞാട്ട പരാമര്‍ശത്തില്‍ സാമൂഹ്യ പ്രവര്‍ത്തക വി.പി സുഹ്‌റ പോലീസില്‍ പരാതി നല്‍കി. സമസ്ത ജോയന്റ് സെക്രട്ടറി ഉമര്‍ ഫൈസി മുക്കത്തിന്റെ പരാമര്‍ശത്തിലാണ് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. ഉമര്‍ ഫൈസിയുടെ പരാമര്‍ശത്തെതുടര്‍ന്ന് കഴിഞ്ഞ ദിവസം വി പി സുഹറ തട്ടം ഊരി പ്രതിഷേധിച്ചിരുന്നു. നല്ലളം സ്‌കൂളില്‍ കുടുംബശ്രീ സംഘടിപ്പിച്ച ‘തിരികെ സ്‌കൂളിലേക്ക്’ എന്ന പരിപാടിയിലായിരുന്നു വി പി സുഹ്‌റ പ്രതിഷേധം നടത്തിയത്. പരിപാടി ഫ്ലാഗ് ഓഫ് ചെയ്യാന്‍ ‘നിസ’യുടെ പ്രസിഡന്റ് കൂടിയായ വി.പി സുഹറ മുഖ്യാതിഥിയായാണ് എത്തിയത്. പ്രസംഗത്തിനിടെയാണ് അവര്‍ തട്ടംമാറ്റി പ്രതിഷേധം പ്രകടിപ്പിച്ചത്.
ഒരു ചാനല്‍ ചര്‍ച്ചയില്‍ ഉമര്‍ ഫൈസി മുക്കം സ്ത്രീകള്‍ക്കെതിരേ നടത്തിയ വിവാദപരാമര്‍ശത്തില്‍ പ്രതിഷേധിച്ചാണ് തട്ടംമാറ്റിയതെന്ന് സുഹറ പറഞ്ഞു. തട്ടമിടാത്ത സ്ത്രീകള്‍ അഴിഞ്ഞാട്ടക്കാരാണെന്ന് സമസ്ത നേതാവ് പറഞ്ഞതായുളള വാര്‍ത്തയാണ് വിവാദത്തിലായത്. ഇതിനെതിരേ ശക്തമായി നിയമനടപടി സ്വീകരിക്കുമെന്നും മനുഷ്യാവകാശ കമ്മീഷനിലും വനിതാ കമ്മിഷനിലും പരാതിനല്‍കുമെന്നും വി.പി. സുഹറ പറഞ്ഞു.
അതേസമയം, സുഹറയുടെ നിലപാടില്‍ വേദിയിലുണ്ടായിരുന്ന സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് ഷാഹുല്‍ ഹമീദ് പ്രതിഷേധം പ്രകടിപ്പിച്ചു. കുടുംബശ്രീയിലെ മുഴുവന്‍ അംഗങ്ങളും പങ്കെടുക്കുന്ന ചടങ്ങില്‍ ഇത്തരത്തില്‍ പ്രതിഷേധം പ്രകടിപ്പിച്ചതിനെയാണ് അദ്ദേഹം ചോദ്യം ചെയ്തത്. കൂടാതെ ഇത്തരത്തില്‍ പ്രതിഷേധം നടത്തിയതിന് ക്ഷമപറയണമെന്ന് അദ്ദേഹവും മറ്റുചിലരും ആവശ്യപ്പെട്ടു. ഇതിന് പിന്നാലെ സുഹറക്കെതിരെ പ്രതിഷേധവുമായി കുടുംബശ്രീയിലെ ചില അംഗങ്ങളും രംഗത്തെത്തിയതോടെ പരിപാടിയില്‍നിന്ന് അവര്‍ക്ക് പിന്‍മാറേണ്ടി വന്നു.
Join with metro post: മെട്രോ പോസ്റ്റ് വാട്‌സാപ്പ് ചാനലില്‍ ജോയിന്‍ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക