ബിജെപി സഖ്യത്തിന് പിണറായി വിജയന്‍ പൂര്‍ണ സമ്മതം തന്നുവെന്ന് ദേവഗൗഡ: നിഷേധിച്ച് മന്ത്രി കൃഷ്ണന്‍കുട്ടി
ബംഗളൂരു: കര്‍ണാടകയില്‍ ബിജെപിയുമായി സഖ്യമുണ്ടാക്കുന്നതില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മതം അറിയിച്ചതായി ജെഡിഎസ് ദേശീയ അധ്യക്ഷന്‍ എച്ച്ഡി ദേവഗൗഡ.
‘കേരളത്തില്‍ ജെഡിഎസ് ഇടതുമുന്നണിക്കൊപ്പമാണ്. പാര്‍ട്ടിയുടെ ഒരു എംഎല്‍എ അവിടെ മന്ത്രിയാണ്. ബിജെപിയുമായി ഒരുമിച്ച് പോകുന്നതിന്റെ കാരണം അവര്‍ മനസ്സിലാക്കി. മന്ത്രി കെ. കൃഷ്ണന്‍കുട്ടി സമ്മതം തന്നു. പാര്‍ട്ടിയെ രക്ഷിക്കാന്‍ ബിജെപിക്കൊപ്പം ചേരുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ പൂര്‍ണ സമ്മതം തന്നതാണ്’- ദേവഗൗഡ പറഞ്ഞു. എന്‍ഡിഎ സഖ്യത്തെ തമിഴ്‌നാട്, മഹാരാഷ്ട്ര ഉള്‍പ്പെടെയുള്ള സംസ്ഥാന ഘടകങ്ങള്‍ അംഗീകരിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുമായി സഖ്യമുണ്ടാക്കിയതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയ സിഎം ഇബ്രാഹിമിനെ സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കിയതറിയിച്ച വാര്‍ത്താസമ്മേളനത്തിലാണ് ഗൗഡയുടെ വെളിപ്പടുത്തല്‍.
Also Read; ഇസ്രായേല്‍ പോലീസിന് യൂണിഫോം നല്‍കുന്നത് നിര്‍ത്തിവെച്ച് കണ്ണൂരിലെ മരിയന്‍ അപ്പാരല്‍സ്
അതേസമയം ദേവഗൗഡയെ തള്ളി മന്ത്രി കെ കൃഷ്ണന്‍ കുട്ടി രംഗത്തെത്തി. ജെഡിഎസ്- ബിജെപി സഖ്യത്തെ പിണറായി പിന്തുണച്ചിട്ടില്ല. എന്‍ഡിഎയെ എതിര്‍ക്കുന്നവരാണ് ഞങ്ങള്‍. പിന്നെ എങ്ങനെ പിന്തുണയ്ക്കാന്‍ കഴിയുമെന്ന് കൃഷ്ണന്‍ കുട്ടി ചോദിച്ചു. അവിടത്തെ രാഷ്ട്രീയം വച്ചായിരിക്കും ഗൗഡയുടെ പരാമര്‍ശമെന്നും കൃഷ്ണന്‍ കുട്ടി പറഞ്ഞു. ഞങ്ങള്‍ ഗാന്ധിജിയുടെയും ലോഹിയുടെയും ആശയങ്ങളാണ് പിന്തുടരുന്നത്. അത് എന്‍ഡിഎക്ക് എതിരാണ്. എന്‍ഡിഎ സഖ്യത്തിന് കേരള ഘടകം യാതൊരുവിധ സമ്മതവും മൂളിയിട്ടില്ല. താനും മാത്യു ടി തോമസും ദേവ ഗൗഡയെ കണ്ട് എന്‍ ഡി എ സഖ്യത്തില്‍ ഇല്ലെന്ന് പറഞ്ഞിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ Metro Post വാട്സ്ആപ്പ് ചാനലിൽ അംഗമാകൂ





Malayalam 






























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































