രാജ്യത്ത് തോട്ടിപ്പണി പൂര്‍ണമായും നിര്‍ത്തലാക്കണം; സുപ്രീം കോടതി
ന്യൂഡല്‍ഹി: രാജ്യത്ത് തോട്ടിപ്പണി പൂര്‍ണമായും നിര്‍ത്തലാക്കണമെന്ന് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സുപ്രീംകോടതിയുടെ നിര്‍ദേശം. അഴുക്കുചാലുകളും മറ്റും വൃത്തിയാക്കുന്നതിനിടെ മരിച്ചവര്‍ക്കുള്ള നഷ്ടപരിഹാരം 30 ലക്ഷമായി ഉയര്‍ത്തണമെന്നും ജസ്റ്റിസുമാരായ എസ് രവീന്ദ്രഭട്ടും അരവിന്ദ് കുമാറും അടങ്ങുന്ന ബെഞ്ച് ഉത്തരവിട്ടിട്ടുണ്ട്. തോട്ടിപ്പണിക്കാരെ നിയമിക്കുന്നതിനെതിരെ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയില്‍ വിധി പറയുകയായിരുന്നു ബെഞ്ച്.
ഇവര്‍ക്ക് സ്ഥായിയായ അംഗവൈകല്യമുണ്ടായാല്‍ 20 ലക്ഷവും മറ്റ് വൈകല്യങ്ങള്‍ സംഭവിച്ചവര്‍ക്ക് 10 ലക്ഷവും നഷ്ടപരിഹാരമായി നല്‍കണം. ഓടകളും സെപ്റ്റിക്ക് ടാങ്കുകളും വൃത്തിയാക്കുന്നതിനിടെ 1993 മുതല്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം വിതരണം ചെയ്യണമെന്ന് 2014ല്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് നഷ്ടപരിഹാരത്തുക വര്‍ധിപ്പിച്ചുള്ള സുപ്രീം കോടതിയുടെ ഉത്തരവ്. തോട്ടിപ്പണി നിരോധനവും, ആ തൊഴില്‍ ചെയ്യുന്നവരുടെ പുനരധിവാസ നിയമവും ഫലപ്രദമായി നടപ്പിലാക്കാനുമായി പതിനാല് നിര്‍ദേശങ്ങളാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സുപ്രീം കോടതി നല്‍കിയത്.
Also Read;ഓസ്ട്രിയയിലേക്കും ജര്‍മ്മനിയിലേക്കും നഴ്സുമാര്‍ക്ക് മികച്ച അവസരങ്ങള്‍
‘രാജ്യത്തെ പൗരന്‍മാര്‍ക്ക് എല്ലാത്തരത്തിലുമുള്ള തുല്യത ഉറപ്പാക്കണമെന്ന ഭരണഘടനാ സൃഷ്ടാക്കളുടെ സ്വപ്നം സാക്ഷാല്‍ക്കരിക്കണമെങ്കില്‍ തോട്ടിപ്പണിപോലുള്ളവ പൂര്‍ണമായി നിരോധിക്കണം. 2013ലെ മാനുവല്‍ സ്‌കാവഞ്ചേഴ്സ് പ്രൊഹിബിഷന്‍ ആന്‍ഡ് റീഹാബിലിറ്റേഷന്‍ നിയമത്തിലെ വ്യവസ്ഥകള്‍ നടപ്പാക്കാന്‍ സര്‍ക്കാരുകള്‍ക്ക് ഉത്തരവാദിത്വമുണ്ട്’ എന്നും കോടതി പറഞ്ഞു.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ Metro Post വാട്സ്ആപ്പ് ചാനലിൽ അംഗമാകൂ





Malayalam 



















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































