അധ്യാപകര്‍ക്ക് റസിഡന്‍ഷ്യല്‍ പരിശീലനം നല്‍കണമെന്ന് പാഠ്യപദ്ധതി പരിഷ്‌കരണ കമ്മിറ്റിയുടെ നിര്‍ദേശം
തിരുവനന്തപുരം: ഒന്നു മുതല്‍ പത്ത് വരെയുള്ള ക്ലാസുകളില്‍ പഠിപ്പിക്കുന്ന അധ്യാപകര്‍ക്ക് റസിഡന്‍ഷ്യല്‍ പരിശീലനം നല്‍കണമെന്ന നിര്‍ദേശവുമായി പാഠ്യപദ്ധതി പരിഷ്‌കരണ കമ്മിറ്റി. ആദ്യ ഘട്ടത്തില്‍ റസിഡന്‍ഷ്യല്‍ പരിശീലനം നല്‍കുന്നത് പുതുതായി ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്ക് മാത്രമാണ്്. എന്നാല്‍ ഭാരിച്ച സാമ്പത്തിക ബാധ്യത ശുപാര്‍ശ നടപ്പാക്കാന്‍ വെല്ലുവിളിയാവാന്‍ സാധ്യതയുണ്ട്.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ Metro Post വാട്സ്ആപ്പ് ചാനലിൽ അംഗമാകൂ
ചട്ടപ്പടി ക്ലസ്റ്റര്‍ യോഗങ്ങള്‍ അധ്യാപകരുടെ അധ്യാപന മികവ് ഉയര്‍ത്തുന്നില്ലെന്ന വിലയിരുത്തലിലാണ് പാഠ്യപദ്ധതി പരിഷ്‌കരണ കമ്മിറ്റിയുള്ളത്. അതിനാലാണ് റസിഡന്‍ഷ്യല്‍ ക്യാമ്പുകള്‍ വ്യാപകമാക്കാനുള്ള ശുപാര്‍ശ നല്‍കിയത്. ഇപ്പോള്‍ റസിഡന്‍ഷ്യല്‍ പരിശീലന ക്ലാസുകള്‍ നല്‍കുന്നത് ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍ക്കും അധ്യാപകരായി ജോലിയില്‍ പ്രവേശിക്കും മുന്‍പ് ഒന്ന് മുതല്‍ 10 വരെ ക്ലാസുകളിലെ അധ്യാപകര്‍ക്കും മാത്രമാണ്. ഇത് കൃത്യമായ ഇടവേളകളില്‍ സര്‍വീസില്‍ ഉള്ളവര്‍ക്കും നല്‍കണമെന്ന നിലപാടാണ് പാഠ്യപദ്ധതി പരിഷ്‌കരണ കമ്മിറ്റിയുടേത്.
ജില്ലയിലെ ഒന്നോ രണ്ടോ കേന്ദ്രങ്ങളിലായി താമസ സൗകര്യത്തോടെ ഏഴ് ദിവസത്തെ പരിശീലനം നല്‍കണമെന്നാണ് പുതിയ നിര്‍ദേശം. സാങ്കേതിക വിദ്യ, മനഃശാസ്ത്രം, പഠന ബോധന സമീപനം തുടങ്ങിയ കാര്യങ്ങളില്‍ പൊതുവായ മൊഡ്യൂള്‍ അടിസ്ഥാനമാക്കിയാകും അധ്യാപകര്‍ക്ക് പരിശീലനം നല്‍കുക. യുപി, എച്ച്എസ് അധ്യാപകര്‍ക്ക് മാത്രമായിരിക്കും വിഷയങ്ങള്‍ ആസ്പദമാക്കിയുള്ള പരിശീലനം നല്‍കുക. എല്‍പി അധ്യാപകര്‍ക്ക് അതുണ്ടാകില്ലെന്നും കമ്മിറ്റി അറിയിച്ചിട്ടുണ്ട്.