മമതാ ബാനര്‍ജി മന്ത്രിസഭയിലെ അംഗം ജ്യോതി പ്രിയ മല്ലിക്കിനെ ഇ ഡി അറസ്റ്റ് ചെയ്തു
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ വനം മന്ത്രി ജ്യോതിപ്രിയ മല്ലിക്കിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് അറസ്റ്റ് ചെയ്തത്. റേഷന്‍ വിതരണവുമായി ബന്ധപ്പെട്ട അഴിമതി ആരോപണ കേസില്‍ കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ വസതിയിലടക്കം ഇ ഡി റെയ്ഡ് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്. സംസ്ഥാനത്തെ മുന്‍ ഭക്ഷ്യമന്ത്രിയായിരുന്നു ജ്യോതി പ്രിയ മല്ലിക്ക്. അദ്ദേഹത്തിന്റെ രണ്ട് വീടുകളിലും മറ്റ് മൂന്ന് സ്ഥലങ്ങളിലുമായിട്ടായിരുന്നു റെയ്ഡ് നടത്തിയത്.
പാര്‍ത്ഥ ചാറ്റര്‍ജി, അനുബ്രത മൊണ്ടല്‍, മണിക് ഭട്ടാചാര്യ എന്നിവരുള്‍പ്പെടെ തൃണമൂല്‍ കോണ്‍ഗ്രസ് (ടിഎംസി) നേതാക്കളുടെയും മന്ത്രിമാരുടെയും അറസ്റ്റുകളുടെ പരമ്പരയിലെ ഏറ്റവും പുതിയ അറസ്റ്റാണ് മല്ലിക്കിന്റെ അറസ്റ്റ്.
Also Read; അതിര്‍ത്തിയില്‍ പ്രകോപനവുമായി വീണ്ടും പാക്കിസ്ഥാന്‍
സ്‌കൂള്‍ റിക്രൂട്ട്മെന്റ്, പശുക്കടത്ത്, കല്‍ക്കരി കള്ളക്കടത്ത് അഴിമതികള്‍, വിവിധ നിയമനത്തിലെ ക്രമക്കേടുകള്‍ എന്നിവയുമായി ബന്ധപ്പെട്ട് ടിഎംസി നേതാക്കള്‍ ഒന്നിലധികം അന്വേഷണങ്ങളാണ് നേരിടുന്നത്. കല്‍ക്കരി കള്ളക്കടത്ത്, അധ്യാപക നിയമന അഴിമതി എന്നിവയില്‍ ടിഎംസി നേതാവ് അഭിഷേക് ബാനര്‍ജിയേയും ഭാര്യയേയും ചോദ്യം ചെയ്തിരുന്നു. അതേസമയം വലിയ ഗൂഢാലോചനയുടെ ഇരയാണ് താനെന്ന് മല്ലിക് പറഞ്ഞു. ഇഡിയുടെ നടപടി പ്രതികാര രാഷ്ട്രീയത്തിന്റെ ഭാഗമാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ശശി പഞ്ച പ്രതികരിച്ചു.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ Metro Post വാട്സ്ആപ്പ് ചാനലിൽ അംഗമാകൂ





Malayalam 












































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































