നാളെ മുതല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് വേണമെങ്കില്‍ ക്യാമറയും സീറ്റ് ബെല്‍റ്റും നിര്‍ബന്ധം
തിരുവനന്തപുരം: ബസുകളിലും ഹെവി വാഹനങ്ങളും സീറ്റ് ബെല്‍റ്റും ക്യാമറയും നാളെ മുതല്‍ നിര്‍ബന്ധമാക്കിയതില്‍ നിന്ന് ഗതാഗതവകുപ്പ് പിന്നോട്ട്. നവംബര്‍ ഒന്നിന് ശേഷം ഫിറ്റ്‌നസിന് ഹാജരാക്കുന്ന വാഹനങ്ങള്‍ക്കാണ് നിബന്ധനയെന്ന് ഗതാഗതവകുപ്പ് പുതിയ ഉത്തരവിറക്കി. അതേസമയം, കെഎസ്ആര്‍ടിസിയില്‍ സീറ്റ് ബെല്‍റ്റും ക്യാമറയും ഉറപ്പാക്കാന്‍ കഴിയാത്തതാണ് പിന്നോട്ടുപോക്കിന് കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്.
കെഎസ്ആര്‍ടിസിയും സ്വകാര്യ ബസുകളും ഉള്‍പ്പെടെ എല്ലാ ഹെവി വാഹനങ്ങളുടെയും ഡ്രൈവര്‍ക്കും മുന്‍ സീറ്റില്‍ യാത്ര ചെയ്യുന്നവര്‍ക്കും നവംബര്‍ ഒന്ന് മുതല്‍ സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാണെന്നായിരുന്നു ആദ്യ ഉത്തരവ്. ഇത് നാളെ മുതല്‍ എല്ലാ വാഹനങ്ങളിലും നിര്‍ബന്ധം എന്നതിന് പകരം ഉത്തരവ് നാളെ മുതല്‍ പ്രാബല്യത്തില്‍ വരുമെന്നാണ് ഇപ്പോള്‍ പറയുന്നത്. അതായത് നാളെ മുതല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് വേണമെങ്കില്‍ ക്യാമറയും സീറ്റ് ബെല്‍റ്റും നിര്‍ബന്ധമാണ്.
കൂടാതെ സമരം ഭാഗികമാണെന്നും സ്വകാര്യ ബസ് പണിമുടക്ക് അനവസരത്തിലാണെന്നും ഗതാഗതമന്ത്രി പറഞ്ഞു. സ്വകാര്യ ബസ്സുടമകളുടെ ആവശ്യം അനാവശ്യമെന്ന് പറയുന്നില്ല. എന്നാല്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരിക്കുന്നത് ശബരിമല സീസണിലാണ്. ശബരിമല സീസണില്‍ ബസുടമകള്‍ സമ്മര്‍ദ്ദതന്ത്രം പ്രയോഗിക്കുകയാണ്. വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ ചാര്‍ജിന്റെ കാര്യത്തില്‍ പഠനം നടക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
Also Read; റോഡപകടങ്ങളില്‍ പെടുന്നവരെ ആശുപത്രിയില്‍ എത്തിക്കുന്നവരെ ബുദ്ധിമുട്ടിക്കരുതെന്ന് എംവിഡി
അതേസമയം ഗതാഗത മന്ത്രിയുടെ പ്രസ്ഥാവനയ്‌ക്കെതിരെ ബസുടമകള്‍ രംഗത്തെത്തി. ശബരിമല സീസണിലെ സമ്മര്‍ദ്ദ തന്ത്രമെന്ന പ്രസ്താവന തെറ്റാണ്. ശബരിമല സീസണില്‍ എവിടെയാണ് സ്വകാര്യ ബസുകള്‍ക്ക് അനുമതി നല്‍കാറുള്ളത്. സമരം ഭാഗികമല്ല. എവിടെയും സ്വകാര്യ ബസ് ഓടുന്നില്ലെന്നും വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്ക് കൂട്ടാതെ ചര്‍ച്ചയ്ക്കില്ലെന്നും അവര്‍ പറഞ്ഞു.