അമേരിക്കയെ സംബന്ധിച്ചിടത്തോളം ഇന്ത്യ ‘ഏറ്റവും പ്രധാനപ്പെട്ട രാജ്യം’: അംബാസഡര്‍ എറിക് ഗാര്‍സെറ്റി

ന്യൂഡല്‍ഹി: യുഎസിന് ഇന്ത്യ ഏറ്റവും പ്രധാനപ്പെട്ട രാജ്യമാണെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധമാണ് ഈ നൂറ്റാണ്ടിലെ ഏറ്റവും നിര്‍ണായകമായ ബന്ധമെന്നും ഇന്ത്യയിലെ യുഎസ് അംബാസഡര്‍ എറിക് ഗാര്‍സെറ്റി പറഞ്ഞു. ന്യൂഡല്‍ഹിയില്‍ ഗ്ലോബല്‍ എനര്‍ജി അലയന്‍സ് ഫോര്‍ പീപ്പിള്‍ ആന്‍ഡ് പ്ലാനറ്റ് (ജിഇഎപിപി) സംഘടിപ്പിച്ച ദി എനര്‍ജി ട്രാന്‍സിഷന്‍ ഡയലോഗിലാണ് ഗാര്‍സെറ്റി ഇക്കാര്യം പറഞ്ഞത്.
‘ഞാന്‍ ഇത് സ്വകാര്യമായി പറയുമായിരുന്നു, പക്ഷേ ഇപ്പോള്‍ എനിക്ക് അത് പരസ്യമായി പറയാന്‍ കഴിയും, ഇന്ത്യയിലെ അംബാസഡറുടെ പോസ്റ്റ് പരിഗണിക്കണമെന്ന് (യുഎസ്) പ്രസിഡന്റ് എന്നോട് ആവശ്യപ്പെട്ടപ്പോള്‍, ഇന്ത്യയാണ് എനിക്ക് ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട രാജ്യമെന്ന് അദ്ദേഹം പറഞ്ഞു. ഏതെങ്കിലും അമേരിക്കന്‍ പ്രസിഡന്റ് എപ്പോഴെങ്കിലും അങ്ങനെ പറഞ്ഞിട്ടുണ്ടോ എന്ന് അറിയില്ലെന്നും’ അംബാസഡര്‍ പറഞ്ഞു. ഈ നൂറ്റാണ്ടിലെ ഏറ്റവും നിര്‍ണായകമായ ബന്ധമാണ് യുഎസ്-ഇന്ത്യ ബന്ധമെന്ന് താന്‍ വിശ്വസിക്കുന്നതായും ഗാര്‍സെറ്റി പറഞ്ഞു.
Also Read; ഗാസയില്‍ നിന്ന് 7,000 വിദേശികളെ ഒഴിപ്പിക്കാന്‍ ഈജിപ്ത് റഫ അതിര്‍ത്തി വീണ്ടും തുറന്നു
സെപ്തംബറില്‍ ഇന്ത്യയുടെ അദ്ധ്യക്ഷതയില്‍ സംഘടിപ്പിച്ച ജി20 ഉച്ചകോടി ചരിത്രത്തിലെ എക്കാലത്തെയും മികച്ചതാണെന്ന് അദ്ദേഹം പറഞ്ഞു. ബിസിനസ് അവസരങ്ങളെക്കുറിച്ച് സംസാരിക്കവെ, ഇന്ത്യന്‍, യുഎസ് വിപണികളില്‍ പുനരുപയോഗിക്കാവുന്ന മേഖലയില്‍ ധാരാളം നിക്ഷേപ അവസരങ്ങളുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇരുവശത്തുമുള്ള കമ്പനികള്‍ക്ക് പരസ്പരം വിപണിയിലെ അവസരങ്ങളില്‍ നിന്ന് നേട്ടമുണ്ടാക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.