സൗരജ്വാലയുടെ തീവ്രത രേഖപ്പെടുത്തി ആദിത്യ എല്‍-1
ന്യൂഡെല്‍ഹി: ആദിത്യ-എല്‍1-ന്റെ പഠനവിവരങ്ങള്‍ ഐഎസ്ആര്‍ഒ പുറത്തുവിട്ടു. സൗരജ്വാലയുടെ തീവ്രതയെക്കുറിച്ചുള്ള എക്‌സ്-റേ പഠന വിവരങ്ങളാണ് ഐഎസ്ആര്‍ഒ പുറത്തുവിട്ടത്.
പേടകത്തിന്റെ ഹൈ എനര്‍ജി എല്‍1 ഓര്‍ബിറ്റിംഗ് എക്‌സ്-റേ സ്‌പെക്ട്രോമീറ്റര്‍ (HEL1OS) എന്ന പേലോഡാണ് സൗരജ്വാലയുടെ തീവ്രത അളന്നത്. ഒക്ടോബര്‍ 29-ന് നടത്തിയ നിരീക്ഷണത്തിലാണ് ഒരു സൗരജ്വാലയെ സംബന്ധിച്ചുള്ള വിവരങ്ങള്‍ രേഖപ്പെടുത്തിയത്. സൗരജ്വാലയിലെ ഉയര്‍ന്ന അളവിലുള്ള ഊര്‍ജത്തിന്റെ എക്സ്-റേ പ്രവര്‍ത്തനം നിരീക്ഷിക്കുന്നത്തിനായി രൂപകല്പന ചെയ്തെടുത്ത പേലോഡാണ് എച്ച്ഇഎല്‍1ഒഎസ്.
സൂര്യന്റെ അന്തരീക്ഷത്തില്‍ നിന്ന് ക്ഷണനേരം കൊണ്ട് സ്‌ഫോടനാത്മകമായി പ്രകാശം പ്രവഹിക്കുന്നതിനെയാണ് സൗരജ്വാല എന്ന് പറയുന്നത്. സൂര്യന്റെ അന്തരീക്ഷത്തിലെ വൈദ്യുതകാന്തിക വികിരണത്തിന്റെ ഫലമായാണ് ഇത് സംഭവിക്കുന്നത്. കൊറോണല്‍ മാസ് ഇജക്ഷനുകള്‍, സോളാര്‍ കണിക സംഭവങ്ങള്‍ തുടങ്ങിയവയ്ക്കൊപ്പവും അല്ലാതെയും സൗരജ്വാല ഉണ്ടാകുന്നു. ഓരോ സൗരജ്വാലയും വ്യത്യസ്തപ്പെട്ടിരിക്കുന്നു.
Also Read; ബീഹാറിലെ ജാതി സര്‍വേ റിപ്പോര്‍ട്ട് പുറത്ത്
പുറത്തുവന്ന വിവരങ്ങള്‍ സൗരജ്വാലകളുടെ ബഹിര്‍ഗമന സമയത്തെ ഊര്‍ജ പ്രവാഹവത്തെക്കുറിച്ചും ഇലക്ട്രോണ്‍ ത്വരണത്തെക്കുറിച്ചും പഠിക്കാന്‍ സഹായിക്കുമെന്നാണ് വിലയിരുത്തല്‍. സൂര്യന്റെ അന്തരീക്ഷത്തിലെ കാന്തിക ഊര്‍ജ്ജം ചുറ്റുമുള്ള പ്ലാസ്മയിലെ ചാര്‍ജ്ജ് കണങ്ങളെ ത്വരിതപ്പെടുത്തുമ്പോള്‍ സൗരജ്വാലകള്‍ ഉണ്ടാകുന്നുവെന്ന് പഠനങ്ങള്‍ കാണിക്കുന്നു. സൗരജ്വാലകള്‍ ഉയര്‍ന്ന ഊര്‍ജ്ജമുള്ള വൈദ്യുതകാന്തിക വികിരണം പുറപ്പെടുവിക്കുന്നു.
ഇതുവരെയുള്ള പഠനങ്ങള്‍ എക്‌സ്-റേകളിലൂടെയും ഗാമാ-റേകളിലൂടെയുമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ പെട്ടെന്നുണ്ടാകുന്ന മഹാജ്വാലകളെ അടിസ്ഥാനപരമായി പഠിക്കാനോ മനസിലാക്കാനോ ശാസ്ത്രലോകത്തിന് ഇതുവരെ സാധിച്ചിട്ടില്ല. ആദിത്യ എല്‍-1ല്‍ ഘടിപ്പിച്ചിട്ടുള്ള എച്ച്ഇഎല്‍1ഒഎസ് പേലോഡിനെ സജ്ജമാക്കിയിരിക്കുന്നത് ഇത്തരം പഠനങ്ങള്‍ നടത്തുന്നതിനാണ്.