കോടതി വിധി കുഞ്ഞുങ്ങള്‍ക്ക് നേരെ അതിക്രമം കാട്ടുന്നവര്‍ക്ക് ശക്തമായ താക്കീത്: മുഖ്യമന്ത്രി പിണറായി വിജയന്‍
തിരുവനന്തപുരം: കുഞ്ഞുങ്ങള്‍ക്ക് നേരെ അതിക്രമം കാട്ടുന്നവര്‍ക്കുള്ള ശക്തമായ താക്കീതാണ് ശിശുദിനത്തിലെ ഈ കോടതി വിധിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സമഗ്രവും പഴുതടച്ചതുമായ അന്വേഷണത്തിലൂടെയും വിചാരണയിലൂടെയും കുറ്റവാളിക്ക് പരമാവധി ശിക്ഷ വാങ്ങി നല്‍കിയ അന്വേഷകസംഘത്തെയും പ്രോസിക്യൂഷനെയും മുഖ്യമന്ത്രി അഭിനന്ദിച്ചു.
‘ശിശുദിനത്തിലെ ഈ വിധി കുഞ്ഞുങ്ങളെ അതിക്രമങ്ങള്‍ക്ക് ഇരയാക്കുന്നവര്‍ക്കുള്ള ശക്തമായ താക്കീതുകൂടിയാണ്. സമൂഹമനസ്സാക്ഷിയെ ഞെട്ടിച്ച അത്യന്തം ഹീനമായ ക്രൂരതയ്ക്കാണ് ആ കുഞ്ഞ് ഇരയായത്. കുറ്റവാളിയെ പിടികൂടുന്നതിനും നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതിനും ഏറ്റവും കാര്യക്ഷമമായാണ് ബന്ധപ്പെട്ട സംവിധാനങ്ങള്‍ പ്രവര്‍ത്തിച്ചത്. പരാതി ലഭിച്ചപ്പോള്‍ തന്നെ പോലീസ് അന്വേഷണം ആരംഭിക്കുകയും മണിക്കൂറുകള്‍ക്കകം പ്രതിയെ പിടികൂടുകയും ചെയ്തു. 35 ദിവസംകൊണ്ട് അന്വേഷണം പൂര്‍ത്തീകരിച്ച് കുറ്റപത്രം സമര്‍പ്പിച്ചു. 100 ദിവസംകൊണ്ട് റെക്കോര്‍ഡ് വേഗത്തില്‍ വിചാരണയും പൂര്‍ത്തികരിച്ച് പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പിച്ചു. അന്വേഷണ സംഘവും പ്രോസിക്യൂഷനും ഏറ്റവും കൃത്യതയോടെയും ചടുലതയോടെയുമാണ് പ്രവര്‍ത്തിച്ചത്. സമഗ്രവും പഴുതടച്ചതുമായ അന്വേഷണത്തിലൂടെയും വിചാരണയിലൂടെയും കുറ്റവാളിക്ക് പരമാവധി ശിക്ഷ വാങ്ങി നല്‍കിയ അന്വേഷകസംഘത്തെയും പ്രോസിക്യൂഷനെയും അഭിനന്ദിക്കുന്നു’, മുഖ്യമന്ത്രി പറഞ്ഞു.
Also Read; വിമർശനം അധിക്ഷേപമായി മാറുന്നു; അപചയം തിരുത്തേണ്ടത് മാധ്യമ ധർമം: മുഖ്യമന്ത്രി





Malayalam 




































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































