രാജസ്ഥാനില്‍ പ്രകടനപത്രിക പുറത്തിറക്കി ബിജെപി
ജെയ്പൂര്‍: ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ തൂക്കം നല്‍കി ബിജെപി രാജസ്ഥാനിലെ തിരഞ്ഞെടുപ്പ് പ്രകടനപത്രിക പുറത്തിറക്കി. എല്ലാ ജില്ലകളിലും വനിതാ പൊലീസ് സ്റ്റേഷന്‍, നിര്‍ധന കുടുംബത്തിലെ പെണ്‍കുഞ്ഞുങ്ങള്‍ക്ക് ഘട്ടം ഘട്ടമായി 2 ലക്ഷം രൂപയുടെ നിക്ഷേപം, എയിംസ് മാതൃകയില്‍ ആശുപത്രി തുടങ്ങിയ വാഗ്ദാനങ്ങളാണ് പത്രികയിലുള്ളത്. ഗലോട്ടും കുടുംബവും നടത്തിയ അഴിമതി പുറത്ത് കൊണ്ടുവരാന്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുമെന്നും പ്രകടനപത്രിക ഉറപ്പ് നല്‍കുന്നു.
സമഭാവനയോടെയുള്ള വികസനമാണ് ലക്ഷ്യമിടുന്നതെന്ന് പത്രിക പുറത്തിറക്കിക്കൊണ്ട് പാര്‍ട്ടി ദേശീയാധ്യക്ഷന്‍ ജെ പി നദ്ദ വ്യക്തമാക്കി.
സ്ത്രീകള്‍ക്ക് കെജി മുതല്‍ പിജി വരെ സൗജന്യ വിദ്യാഭ്യാസം, സംസ്ഥാനത്തെ കര്‍ഷകരുടെ ലേലം ചെയ്ത ഭൂമിക്ക് ന്യായമായ നഷ്ടപരിഹാരം നല്‍കാന്‍ നഷ്ടപരിഹാര നയം, മാതൃ വന്ദനയുടെ തുക 4,000 രൂപയില്‍ നിന്ന് 8,000 രൂപയായി ഉയര്‍ത്തും, ലഖ്പതി ദീദി പദ്ധതി പ്രകാരം 6 ലക്ഷത്തിലധികം ഗ്രാമീണ സ്ത്രീകള്‍ക്ക് നൈപുണ്യ പരിശീലനം, പ്രധാനമന്ത്രി ഉജ്ജ്വല യോജന പ്രകാരം എല്ലാ പാവപ്പെട്ട കുടുംബങ്ങളിലെയും സ്ത്രീകള്‍ക്ക് 450 രൂപയ്ക്ക് ഗ്യാസ് സിലിണ്ടര്‍, അടുത്ത 5 വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്ത് 2.5 ലക്ഷം തൊഴില്‍ രഹിതര്‍ക്ക് ജോലി, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് യൂണിഫോമിനും മറ്റും 1200 രൂപ വാര്‍ഷിക സഹായം, ഓരോ ഡിവിഷനിലും എയിംസ്, ഐഐടി എന്നിവയുടെ മാതൃകയില്‍ രാജസ്ഥാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയും മെഡിക്കല്‍ കോളേജുകളും, ഗോതമ്പ് ഉല്‍പന്നങ്ങള്‍ ക്വിന്റലിന് 2,700 രൂപയ്ക്ക് വാങ്ങുകയും എംഎസ്പിയില്‍ ബോണസ് നല്‍കുകയും ചെയ്യും, ലാഡ്ലി പ്രോത്സാഹന്‍ യോജന ആരംഭിക്കും, ഇതിന് കീഴില്‍ ഓരോ പെണ്‍കുട്ടിയുടെയും ജനനത്തിന് 2 ലക്ഷം രൂപ ബോണ്ട് നല്‍കും, മുഖ്യമന്ത്രിയുടെ സൗജന്യ സ്‌കൂട്ടി പദ്ധതി പ്രകാരം 12-ാം ക്ലാസ് വിജയിക്കുന്ന മികച്ച വിദ്യാര്‍ഥിനികള്‍ക്ക് സ്‌കൂട്ടര്‍, രാജസ്ഥാനിലെ പേപ്പര്‍ ചോര്‍ച്ചയും മറ്റ് അഴിമതികളും അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കും, എല്ലാ ജില്ലയിലും വനിതാ പൊലീസ് സ്റ്റേഷനുകളും ഓരോ പൊലീസ് സ്റ്റേഷനിലും വനിതാ ഡെസ്‌ക്ക്, എല്ലാ പ്രധാന നഗരങ്ങളിലും ആന്റി റോമിയോ സ്‌ക്വാഡുകള്‍, വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനായി അഞ്ച് ലക്ഷം യുവാക്കളെ പരിശീലിപ്പിക്കുന്നതിനും തൊഴിലും സ്വയംതൊഴില്‍ അവസരങ്ങളും നല്‍കുന്നതിനുമായി ടൂറിസം നൈപുണ്യ കോഴ്‌സുകള്‍ സൃഷ്ടിക്കും തുടങ്ങിയവയാണ് ബിജെപി പ്രകടന പത്രികയിലെ പ്രധാനവാഗ്ദാനങ്ങള്‍. ഇ-മെയിലുകള്‍, സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ എന്നിവയിലൂടെ ഒരു കോടിയിലധികം ആളുകളുടെ നിര്‍ദ്ദേശങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് ബിജെപിയുടെ പ്രകടനപത്രികയെന്ന് മാനിഫെസ്റ്റോ തയ്യാറാക്കിയ കമ്മിറ്റിയുടെ കണ്‍വീനറായ മേഘ്വാള്‍ അവകാശപ്പെട്ടു.





Malayalam 

























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































