കണ്ടല ബാങ്ക് തട്ടിപ്പ് കേസില്‍ ഭാസുരാംഗനും മകനും അറസ്റ്റില്‍
കൊച്ചി: കണ്ടല ബാങ്ക് കള്ളപ്പണക്കേസില്‍ ബാങ്ക് മുന്‍ പ്രസിഡന്റും സി പി ഐ നേതാവുമായ ഭാസുരാംഗനെയും മകന്‍ അഖില്‍ ജിത്തിനെയും എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. ബാങ്കിലും ഭാസുരാംഗന്റെ വീട്ടിലും നടത്തിയ റെയ്ഡില്‍ കണ്ടെത്തിയ രേഖകളുടെ അടിസ്ഥാനത്തില്‍ 10 മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇവരെ നാളെ കോടതിയില്‍ ഹാജരാക്കും.
101 കോടിയുടെ തട്ടിപ്പാണ് മുന്‍പ് ബാങ്കില്‍ കണ്ടെത്തിയത്. ഒരു പ്രമാണംവച്ച് നിരവധി വായ്പ്പകള്‍ എടുത്തതിന്റെ തെളിവും ലഭിച്ചിരുന്നു. പലതവണയായി 3.20 കോടി രൂപ എട്ട് വര്‍ഷത്തിനിടെ ഭാസുരാംഗന്‍ വായ്പയെടുത്തു. ഇത് 14 സെന്റ് വസ്തുവിന്റെ ആധാരം ഉപയോഗിച്ചായിരുന്നു. എട്ട് തവണയായി ഒരുകോടി രൂപ ഭാസുരാംഗന്റെ മകന്റെ പേരില്‍ ലോണായെടുക്കുകയും ചെയ്തെന്ന് കണ്ടെത്തി. പണമൊന്നും തിരികെ അടക്കാതെയായിരുന്നു ഇത്.
Also Read; റോബിന്‍ ബസ് തമിഴ്നാട് എം.വി.ഡി വിട്ടുനല്‍കി
അതേസമയം, ബാങ്കില്‍ തട്ടിപ്പല്ല, ക്രമക്കേടാണ് നടന്നതെന്നും താന്‍ നിരപരാധിയാണെന്നും ഭാസുരാംഗന്‍ മാദ്ധ്യമങ്ങളോട് മുന്‍പ് പറഞ്ഞിരുന്നു. ബാങ്കിലും ജീവനക്കാരുടെയും ഭാസുരാംഗന്റെയും വീടുകളിലും നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്ത ഡിജിറ്റല്‍ രേഖകളുള്‍പ്പെടെ ഇ ഡി പരിശോധിച്ചുവരികയാണ്. കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌ക്, സി.പി.യു തുടങ്ങിയവയുടെ ശാസ്ത്രീയപരിശോധനയും ആരംഭിച്ചിട്ടുണ്ട്. 35 മണിക്കൂര്‍ നീണ്ട റെയ്ഡില്‍ നിരവധി രേഖകള്‍ പിടിച്ചെടുത്തിരുന്നു. ഇവയില്‍ നിന്ന് പ്രാഥമികമായി ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവരെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചത്.





Malayalam 





































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































