October 18, 2024
#Movie #Trending

തലൈവരെ കാണാനെത്തി ഉലകനായകന്‍

ഇരുപത്തിയൊന്ന് വര്‍ഷത്തിനുശേഷം സിനിമാ ചിത്രീകരണത്തിനിടെ ഒരേ സ്റ്റുഡിയോയില്‍ കണ്ടുമുട്ടി ഉലകനായകനും തലൈവരും. ‘ഇന്ത്യന്‍ 2’ എന്ന സിനിമയിലാണ് കമലഹാസന്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത് അതേസമയം രജനീകാന്ത് ‘തലൈവര്‍ 170’ എന്ന സിനിമയിലും.

രണ്ട് സിനിമകളുടെയും ചിത്രീകരണം ചെന്നൈയില ഒരേ സ്റ്റുഡിയോയിലാണ് നടക്കുന്നത്. ഇതിനിടെ രജനിയെ കാണാന്‍ കമല്‍ എത്തുകയായിരുന്നു. 2002ല്‍ രജനിയുടെ ബാബ എന്ന സിനിമയും കമലഹാസന്റെ പഞ്ചതന്ത്രവും ആണ് ഒടുവില്‍ ഒരേ സ്റ്റുഡിയോയില്‍ ചിത്രീകരിച്ചത്. അടുത്ത സുഹൃത്തുക്കളായ രണ്ട് താരങ്ങളും പരസ്പരം ആശ്ലേഷിക്കുകയും കുറച്ച് നേരം സംസാരിക്കുകയും ചെയ്തു. തങ്ങളുടെ മുന്‍കാലങ്ങള്‍, ഒരുമിച്ച് ഷൂട്ട് ചെയ്തിരുന്ന സമയങ്ങള്‍, അവരുടെ നിലവിലെ പ്രോജക്റ്റുകള്‍ എന്നിവയെക്കുറിച്ചും സംസാരിച്ചതായി അടുത്ത വൃത്തങ്ങള്‍ പറയുന്നു. ഇരുവരും സൗഹൃദം പങ്കിടുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാവുകയാണ്.

1996ല്‍ പുറത്തിറങ്ങിയ ‘ഇന്ത്യന്‍’ എന്ന സൂപ്പര്‍ഹിറ്റ് ഷങ്കര്‍ ചിത്രത്തിന്റെ തുടര്‍ച്ചയാണ് ഇന്ത്യന്‍ 2. 90 വയസുള്ള സേനാപതി എന്ന കഥാപാത്രമായാണ് കമല്‍ഹാസന്‍ എത്തുന്നത്. കാജല്‍ അഗര്‍വാള്‍ ആണ് നായിക. 2019ല്‍ ആണ് ഇന്ത്യന്‍ 2ന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. രാകുല്‍ പ്രീത്സിംഗ്, പ്രിയ ഭവാനി ശങ്കര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. അനിരുദ്ധ് ആണ് സംഗീത സംവിധാനം. ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രം സുബാസ്‌കരന്റെ ലൈക പ്രൊഡക്ഷന്‍സും കമല്‍ഹാസന്റെ രാജ് കമല്‍ ഫിലിംസും ഉദയനിധി സ്റ്റാലിന്റെ റെഡ് ജയന്റ് മൂവീസും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.

‘ജയിലര്‍’ എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം രജനികാന്ത് അഭിനയിക്കുന്ന പുതിയ ചിത്രമാണ് തലൈവര്‍ 170. ലൈക്ക പ്രോഡക്ഷന്‍സ് നിര്‍മിക്കുന്ന ഈ ബ്രഹ്‌മാണ്ഡ സിനിമയില്‍ രജനിക്കും മഞ്ജു വാര്യര്‍ക്കുമൊപ്പം ഇന്ത്യന്‍ സിനിമയിലെ ബിഗ് ബി അമിതാഭ് ബച്ചനും സുപ്രധാന റോളില്‍ എത്തുന്നു.

Also Read; നടന്‍ ആസിഫ് അലിക്ക് പരിക്ക്

ചിത്രം സംവിധാനം ചെയ്യുന്നത് ജയ് ഭീം എന്ന ഹിറ്റ് സിനിമയുടെ സംവിധായകന്‍ ടി ജെ ജ്ഞാനവേല്‍ ആണ്. തലൈവര്‍ 170 എന്ന് താത്കാലികമായി പേരിട്ട ചിത്രത്തില്‍ ഇതുവരെ അവതരിപ്പിക്കാത്ത കഥാപാത്രമായാണ് സൂപ്പര്‍ സ്റ്റാര്‍ എത്തുന്നത്. മഞ്ജുവാര്യര്‍ രജനികാന്തിന്റെ ഭാര്യ വേഷത്തില്‍ എത്തുന്നു. ദുഷാര വിജയന്‍, റിതിക സിംഗ് എന്നിവരാണ് മറ്റ് നായികമാര്‍. സര്‍പ്പട്ട പരമ്പരൈ, അനിതി തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിലൂടെ ശ്രദ്ധേയയായ നടിയാണ് ദുഷാര. ഫഹദ് ഫാസില്‍, റാണ ദഗുബാട്ടി തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.

 

 

Leave a comment

Your email address will not be published. Required fields are marked *