ഞാനും ശൈലജ ടീച്ചറും തമ്മില്‍ എന്തോ പ്രശ്നം നടക്കുന്നുണ്ടെന്ന് വരുത്താനാണ് ശ്രമം, മുഖ്യമന്ത്രി പിണറായി വിജയന്‍
കോഴിക്കോട്: നവകേരള സദസില്‍ എംഎല്‍എയും മുന്‍ ആരോഗ്യ മന്ത്രിയുമായ കെകെ ശൈലജയുടെ പ്രസംഗത്തില്‍ അതൃപ്തി രേഖപ്പെടുത്തിയെന്ന മാധ്യമ റിപ്പോര്‍ട്ടുകളോട് പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. താനും ശൈലജ ടീച്ചറും തമ്മില്‍ എന്തോ വലിയ പ്രശ്നം നടക്കുന്നുണ്ടെന്ന് വരുത്താനുള്ള ശ്രമങ്ങളാണ് ഇതിന് പിന്നിലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂര്‍ മട്ടന്നൂര്‍ മണ്ഡലത്തിലെ നവകേരള സദസില്‍ കെകെ ശൈലജ എംഎല്‍എ നടത്തിയ അധ്യക്ഷ പ്രസംഗത്തെ അതേ വേദിയില്‍ മുഖ്യമന്ത്രി വിമര്‍ശിച്ചു എന്ന വാര്‍ത്തയോടായിരുന്നു പ്രതികരണം.
‘ഞാനും ശൈലജ ടീച്ചറും തമ്മില്‍ എന്തോ പ്രശ്നം നടക്കുന്നുണ്ടെന്ന് വരുത്താനാണ് ശ്രമം. അത് ശൈലജ ടീച്ചറുടെ അടുത്ത് പോലും ചെലവാകില്ല. ഞാന്‍ ശൈലജ ടീച്ചര്‍ക്കെതിരെ എന്തോ പറഞ്ഞെന്ന് പരത്തുന്നു. അതില്‍ ചിലര്‍ക്ക് വല്ലാത്ത ബുദ്ധിയാണ്. അത് നല്ലതല്ല, ആ കളി അധികം വേണ്ട. എന്റെ ശീലം വച്ച് സാധാരണ പറയുന്ന രീതിയാണ് മട്ടന്നൂരിലും കണ്ടത്.
മട്ടന്നൂര്‍ എല്‍ഡിഎഫിന്റെ ശക്തികേന്ദ്രമാണ്. എല്‍ഡിഎഫിന് ഏറ്റവും കൂടുതല്‍ ആളുകളെ അണിനിരത്താവുന്ന സ്ഥലം. അത്രയും ആളുകളെ കണ്ട് ഹരം തോന്നിയിട്ടായിരിക്കും ‘എങ്ങനെ ഉണ്ട് പരിപാടി’ എന്ന് അവര്‍ ചോദിച്ചത്.
അപ്പോള്‍ ഞാന്‍ പറഞ്ഞു, നമ്മള്‍ ഒരുപാട് വലിയ ജനക്കൂട്ടത്തെ കണ്ട് വരുമ്പോള്‍ ഏതാണ് വലിയത് എന്ന് പറയാനാകില്ല. ആളുകള്‍ കൂടാന്‍ സാധ്യത ഇല്ലാതിരുന്ന മഞ്ചേശ്വരത്ത് പോലും ആളുണ്ടായ സാഹചര്യത്തില്‍ ആണ് അങ്ങനെ പറഞ്ഞത്’ – പിണറായി വിജയന്‍ വ്യക്തമാക്കി.
നവകേരള സദസില്‍ 21 പേരാണ് ഉള്ളതെങ്കിലും ആദ്യം തന്നെ മൂന്ന് പേര്‍ സംസാരിക്കുകയെന്ന ക്രമമാണുളളത്. ആ ക്രമത്തിന് കുറച്ചൊരു കുറവ് ഇടിവ് ഇവിടെ സംഭവിച്ചു. നിരന്തരം നിങ്ങളെ കാണുന്ന ബഹുമാന്യയായ അധ്യക്ഷയ്ക്ക് ഇന്ന് കുറേ കാര്യങ്ങള്‍ സംസാരിക്കണമെന്ന് തോന്നിപ്പോയി.
Also Read; നവകേരള സദസിന് കുട്ടികളെ പങ്കെടുപ്പിക്കണം; സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കുന്നു
ആ സമയം കുറച്ച് കൂടിപ്പോയെന്നാണ് തോന്നുന്നത്. അതുകൊണ്ട് ഇനിയുള്ള സംസാരം ചുരുക്കുകയാണ്. കാരണം, എല്ലായിടത്തും എത്തിപ്പെടേണ്ടതല്ലേ. 2 മണിക്കൂറാണ് സംസാരം എന്ന നിലയ്ക്കാണ് ഞങ്ങള്‍ കണ്ടിട്ടുളളതെന്നുമായിരുന്നു മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞത്.