ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം; ശുഭകരമായ വാര്‍ത്ത പ്രതീക്ഷിക്കാമെന്ന് ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍
ഓയൂര്‍ (കൊല്ലം): ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ശുഭകരമായ വാര്‍ത്ത പ്രതീക്ഷിക്കാം എന്ന വിവരം പോലീസില്‍ നിന്ന് ലഭിച്ചതായി ബാലാവകാശ കമ്മിഷന്‍ ചെയര്‍മാന്‍ കെ.വി. മനോജ് കുമാര്‍. പോലീസ് കൃത്യമായി അന്വേഷിക്കുന്നുണ്ടെന്നും ശുഭവാര്‍ത്തയ്ക്കായി കാത്തിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുട്ടിയുടെ വീട്ടിലെത്തി രക്ഷിതാക്കളെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
പോലീസ് കുട്ടിക്കുവേണ്ടിയുള്ള തിരച്ചില്‍ ശക്തമാക്കിയിരിക്കുകയാണ്. കുട്ടി കാണാതായിട്ട് 17 മണിക്കൂര്‍ പിന്നിടുകയാണ്. തിരുവനന്തപുരത്ത് നിന്നും കുട്ടിയെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട് സംശയാസ്പദമായി മൂന്നുപേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇവര്‍ക്ക് കേസുമായി ബന്ധമില്ല എന്ന നിഗമനത്തിലാണ് പോലീസുള്ളത്. അതിനാല്‍ ഇവരെ വിട്ടയച്ചേക്കുമെന്നാണ് വിവരം.
Also Read; ആറ് വയസ്സുകാരിയെ തട്ടികൊണ്ടുപോയ സംഭവം, തിരുവനന്തപുരത്ത് നിന്ന് മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു
തിങ്കളാഴ്ച വൈകീട്ട് 4.20-ന് ഓട്ടുമല കാറ്റാടി റജിഭവനില്‍ റജി ജോണിന്റെയും സിജി റജിയുടെയും മകള്‍ അബിഗേല്‍ സാറാ റജിയെയാണ് വീടിന് സമീപത്തുനിന്നും തട്ടിക്കൊണ്ടുപോയത്. രാത്രിയോടെ അമ്മയുടെ ഫോണിലേക്ക് അഞ്ചുലക്ഷം രൂപ മോചനദ്രവ്യമാവശ്യപ്പെട്ട് വിളി വന്നു. തുടര്‍ന്ന് അച്ഛനോട് സംസാരിച്ചപ്പോള്‍ 10 ലക്ഷം രൂപയും ആവശ്യപ്പെടുകയായിരുന്നു.