‘അമൃതേശ്വര ഭൈരവ’ ശില്പം സ്വന്തമാക്കി മോഹന്‍ലാല്‍
വര്‍ഷങ്ങള്‍ക്കുമുന്‍പ് നടത്തിയ യാത്രയ്ക്കിടെയാണ് നാലുകൈകളാല്‍ സ്വയം അമൃതാഭിഷേകം ചെയ്യുന്ന ശിവഭഗവാന്റെ പ്രതിഷ്ഠ മോഹന്‍ലാല്‍ കണ്ടത്. ആ ഭാവത്തെക്കുറിച്ച് ലാല്‍ പലപ്പോഴും സുഹൃത്തുക്കളോട് സംസാരിക്കുമായിരുന്നു. കശ്മീരിലെ മഞ്ഞുതാഴ്വരകളിലൂടെയുള്ള യാത്രയ്ക്കിടെയാണ് മോഹന്‍ലാലിന്റെ മനസ്സിന്റെ അകത്തളത്തില്‍ ‘അമൃതേശ്വര ഭൈരവന്‍’ എന്ന ശിവരൂപം ഉരുത്തിരിഞ്ഞത്. ഒടുവില്‍ തന്റെ വീടിന്റെ അകത്തളത്തില്‍ ആ അപൂര്‍വ ശിവഭാവം മോഹന്‍ലാല്‍ പ്രതിഷ്ഠിച്ചു.സുഹൃത്ത് ആര്‍. രാമാനന്ദന്‍ പ്രതിഷ്ഠയുടെ ഫോട്ടോ പകര്‍ത്തി മോഹന്‍ലാലിന് അയച്ചുകൊടുത്തിരുന്നതിനാലാണ് ഈ ശിവരൂപം നിര്‍മിക്കാന്‍ തീരുമാനിച്ചത്.
ശ്രീനഗറിലെ കല്‍മണ്ഡപത്തില്‍ കണ്ട അമൃത് സ്വയം അഭിഷേകംചെയ്യുന്ന ശിവഭഗവാന്റെ അത്യപൂര്‍വഭാവമുള്ള പ്രതിഷ്ഠയാണ് മോഹന്‍ലാല്‍ തടിയില്‍ പണിയിച്ച് തന്റെ ഫ്‌ലാറ്റില്‍ സ്ഥാപിച്ചത്. ലാലിന്റെ ആത്മീയവാഞ്ഛയും വെള്ളറട നാഗപ്പന്‍ എന്ന ശില്പിയുടെ കലാസപര്യയും ഒരുമിച്ച ശില്പം കൊച്ചി കുണ്ടന്നൂരിലെ ഫ്‌ളാറ്റിലാണുള്ളത്.
Also Read; കശ്മീരിലേക്ക് വിനോദയാത്രപോയ 13 പേരുടെ സംഘത്തിന് അപ്രതീക്ഷിത ദുരന്തം
കുമ്പിളിന്റെ ഒറ്റത്തടിയിലാണ് ശില്പം നിര്‍മിച്ചത്. മൊത്തം എട്ട് കൈകളാണ് അമൃതേശ്വരന്. ഇരു കൈകളിലും അമൃതകുംഭങ്ങള്‍. ഇടതുകൈയില്‍ അമൃതമുദ്രയും വലതുകൈയില്‍ അക്ഷമാലയുമുണ്ട്. ഇന്ദുചൂടിയ ജട. പദ്മാസനസ്ഥിതി. ഈ അംഗവിന്യാസത്തോടെയുള്ള അഞ്ചരയടി ഉയരമുള്ള ശില്പം നാഗപ്പന്റെ വെള്ളാര്‍ ദിവാ ഹാന്‍ഡിക്രാഫ്റ്റില്‍ മൂന്നുമാസത്തിലേറെയെടുത്താണ് പൂര്‍ത്തിയായത്.