കുട്ടികര്‍ഷകര്‍ക്ക് സഹായവുമായി സിനിമാലോകം; ജയറാമിന് പിന്നാലെ മമ്മുട്ടിയും പൃഥ്വിരാജും രംഗത്ത്
ഇടുക്കി: തൊടുപുഴയില്‍ വിഷബാധയേറ്റ് കുട്ടികര്‍ഷകരുടെ പശുക്കള്‍ ചത്ത സംഭവത്തില്‍ സഹായവുമായി സിനിമാലോകം. നടന്‍ ജയറാമിന് പിന്നാലെ മമ്മൂട്ടിയും പൃഥ്വിരാജും സഹായവുമായി രംഗത്തെത്തിയിട്ടുണ്ട്. മമ്മൂട്ടി ഒരു ലക്ഷം രൂപയും പൃഥ്വിരാജ് രണ്ട് ലക്ഷം രൂപയും നല്‍കുമെന്ന് അറിയിച്ചു.
ഇത്രയധികം സഹായം ലഭിക്കുമെന്ന് പ്രതീക്ഷിച്ചില്ലെന്ന് കുട്ടി കര്‍ഷകന്‍ മാത്യു പറഞ്ഞു. അതിനാല്‍ പശുവളര്‍ത്തല്‍ കൂടുതല്‍ ഊര്‍ജിതമായി നടത്തുമെന്നും മാത്യു കൂട്ടിച്ചേര്‍ത്തു. മുന്‍ മന്ത്രി പി ജെ ജോസഫ് ഇന്ന് ഒരു പശുവിനെ കൈമാറുമെന്നും അറിയിച്ചിട്ടുണ്ട്.
ജയറാം കുട്ടികളെ നേരില്‍ക്കണ്ടാണ് അഞ്ച് ലക്ഷം രൂപയുടെ ചെക്ക് കൈമാറിയത്. എന്ത് ആവശ്യമുണ്ടെങ്കിലും തന്നെ വിളിക്കാമെന്നും കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ കൃഷി തുടരാന്‍ സാധിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
‘ഞാനും കാലിത്തൊഴുത്തുകൊണ്ടുനടക്കുന്നയാളാണ്. രണ്ട് തവണ കേരള സര്‍ക്കാരിന്റെ ക്ഷീരകര്‍ഷകനുള്ള പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. ഷൂട്ടിംഗ് ഇല്ലാത്ത സമയങ്ങളില്‍ കൂടുതല്‍ സമയവും ഫാമിലാണ് ചെലവഴിക്കാറ്. ഈ കുഞ്ഞുങ്ങള്‍ക്കുണ്ടായ ഇതേ അനുഭവം ആറ് വര്‍ഷം മുമ്പ് ഉണ്ടായിട്ടുണ്ട്. ഒറ്റദിവസം 24 പശുക്കളാണ് ചത്തത്. അന്ന് നിലത്തിരുന്ന് കരയാന്‍ മാത്രമേ സാധിച്ചുള്ളൂ. വിഷബാധയേറ്റാണ് പശുക്കള്‍ ചത്തതെന്നായിരുന്നു ഡോക്ടര്‍ പറഞ്ഞത്. പക്ഷേ എങ്ങനെ വിഷബാധയേറ്റെന്ന് അറിയില്ല.’- ജയറാം പറഞ്ഞു.
Also Read; യുഎഇയില്‍ നിവാസികള്‍ക്ക് പുതുവര്‍ഷത്തില്‍ സന്തോഷവാര്‍ത്ത
ഒറ്റ ദിവസം കൊണ്ട് 13 പശുക്കളാണ് തൊടുപുഴ വെള്ളിയാമറ്റത്ത് കിഴക്കേപ്പറമ്പില്‍ മാത്യു, ജോര്‍ജ് എന്നിവര്‍ നടത്തുന്ന ഫാമില്‍ ചത്തത്. പശുക്കള്‍ ചത്തതോടെ പത്ത് ലക്ഷം രൂപയുടെ നാഷ്ടമാണ് കണക്കാക്കുന്നത് അതിനാല്‍ കുടുംബത്തിന്റെ വരുമാനവും നിലച്ചു. പശുക്കള്‍ക്ക് കപ്പത്തൊലി കൊടുത്തിരുന്നു. ഇതാണ് മരണത്തിന് കാരണമെന്നാണ് മൃഗസംരക്ഷണ വകുപ്പിന്റെ കണ്ടെത്തല്‍.





Malayalam 






























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































