അധ്യാപകന്റെ കൈവെട്ടിയ കേസ്; പ്രാദേശിക എസ്ഡിപിഐ പ്രവര്‍ത്തകര്‍ എന്‍ഐഎ നിരീക്ഷണത്തില്‍
മട്ടന്നൂര്‍: പ്രൊഫ. ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസിലെ ഒന്നാം പ്രതിയായ സവാദിന് ഒളിവില്‍ കഴിയാന്‍ സഹായം നല്‍കിയവരെ അന്വേഷിച്ച് എന്‍ഐഎ. അന്വേഷണസംഘം പ്രതിയെ പിടികൂടിയ മട്ടന്നൂര്‍ ബേരത്ത് വീണ്ടുമെത്തി. സവാദ് അറസ്റ്റിലായതോടെ ഒളിവിലായ സഹായി റിയാസിനെയും പ്രാദേശിക എസ്ഡിപിഐ നേതാക്കളെയും കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. സവാദ് മട്ടന്നൂരിലെത്തുന്നതിന് മുന്‍പ് താമസിച്ച വളപട്ടണത്തും വിളക്കോടും പ്രാദേശിക സഹായം നല്‍കിയവരെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്.
Also Read ;ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് മണിപ്പൂരില്‍ നിന്ന് തുടങ്ങും
സവാദിന് ഷാജഹാന്‍ എന്ന പേരില്‍ ഒളിവില്‍ കഴിയാന്‍ പ്രാദേശിക സഹായം ലഭിച്ചു എന്ന കാര്യം എന്‍ഐഎ സ്ഥിരീകരിച്ചിരുന്നു. സവാദ് അറസ്റ്റിലായതിന് തൊട്ടു പിന്നാലെ ഒളിവിലായ റിയാസ് കേരളത്തില്‍ നിന്നും കടന്നതായാണ് സൂചന. റിയാസിനെ കേന്ദ്രീകരിച്ച് നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായി അന്വേഷണസംഘം കഴിഞ്ഞ ദിവസം മട്ടന്നൂര്‍ കുംഭം മൂലയിലെത്തിയിരുന്നു. പ്രദേശത്തെ എസ്ഡിപിഐ പ്രവര്‍ത്തകരും അന്വേഷണസംഘത്തിന്റെ നിരീക്ഷണത്തിലാണ്.
സവാദ് ബേരത്തേക്ക് താമസം മാറ്റുന്നതിന് മുന്‍പ് താമസിച്ചിരുന്ന ഇരിട്ടി വിളക്കോട് വാടക വീട് നല്‍കിയ ഉടമയെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. വളപട്ടണം മന്നയില്‍ അഞ്ചു വര്‍ഷം സവാദ് കഴിഞ്ഞിരുന്നതായും ഇവിടെയുള്ള ഫ്രൂട്‌സ് കടയില്‍ ജോലി ചെയ്തിരുന്നതായും പറയുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കട ഉടമയെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്. കഴിഞ്ഞ 13 വര്‍ഷങ്ങള്‍ക്കിടയില്‍ പ്രതിക്ക് ഒളിവില്‍ കഴിയാന്‍ ആരുടെയൊക്കെ സഹായം ലഭിച്ചു എന്നതാണ് എന്‍ഐഎ പരിശോധിക്കുന്നത്.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം