പാണക്കാട് ഹൈദരലി തങ്ങളുടെ മകനെ വീല്‍ച്ചെയറിലാക്കുമെന്ന് ഭീഷണി; ലീഗ് പ്രവര്‍ത്തകനെതിരെ കേസ്
മലപ്പുറം: പാണക്കാട് ഹൈദരലി തങ്ങളുടെ മകന്‍ പാണക്കാട് മുഈനലി തങ്ങള്‍ക്ക് ഭീഷണിസന്ദേശം അയച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു. മുഈനലി തങ്ങളുടെ പരാതിയില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകനായ റാഫി പുതിയകടവിലിനെതിരെ കലാപാഹ്വാനം, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് മലപ്പുറം ടൗണ്‍ പോലീസ് കേസെടുത്തിരിക്കുന്നത്.
വാട്സാപ്പ് വഴിയാണ് പാണക്കാട് മുഈനലി തങ്ങള്‍ക്ക് ഭീഷണിസന്ദേശം അയച്ചത്. പാര്‍ട്ടിനേതാക്കളെ വെല്ലുവിളിച്ച് പോകാനാണ് തീരുമാനമെങ്കില്‍ ഇനി പുറത്തിറങ്ങാനാകില്ലെന്നും വീല്‍ചെയറില്‍ പോകേണ്ടിവരുമെന്നുമായിരുന്നു വാട്സാപ്പില്‍ ലഭിച്ച ശബ്ദസന്ദേശത്തിലുണ്ടായിരുന്ന ഭീഷണി.
അതേസമയം, ഭീഷണിക്ക് പിന്നില്‍ മറ്റാരെങ്കിലുമുണ്ടോ എന്നകാര്യം പോലീസ് പരിശോധിക്കട്ടെ എന്നും മുഈനലി തങ്ങള്‍ പ്രതികരിച്ചു. ‘റാഫിയുടെ പശ്ചാത്തലമൊന്നും അറിയില്ല. ലീഗ് പ്രവര്‍ത്തകനാകണമെന്നുമില്ല. പാര്‍ട്ടി മനസ്സിലുണ്ടെങ്കില്‍ നേതാക്കന്മാരുമായും ബന്ധമുണ്ടാകുമല്ലോ. ഒരുപക്ഷേ, ഔദ്യോഗികമായി ബന്ധമുണ്ടാകണമെന്നില്ല. ഭീഷണിപ്പെടുത്തിയതിന്റെ കാരണം എന്താണെന്ന് അയാളോട് ചോദിച്ചാല്‍ മാത്രമേ അറിയാനാകൂ. സമസ്തയോ ലീഗോ പാണക്കാട് കുടുംബമോ തമ്മില്‍ വിഷയങ്ങളൊന്നുമില്ല. വളരെ ഊഷ്മളമായാണ് ആ ബന്ധവും ബഹുമാനവും എല്ലാവരും കൊണ്ടുപോകുന്നതെന്നും’ പാണക്കാട് മുഈനലി തങ്ങള്‍ പറഞ്ഞു.
പി.കെ. കുഞ്ഞാലിക്കുട്ടി സമസ്ത വിഷയത്തില്‍ കഴിഞ്ഞ ദിവസം നടത്തിയ പരാമര്‍ശത്തിനെതിരേ മുഈനലി തങ്ങള്‍ പരസ്യമായിത്തന്നെ രംഗത്തെത്തിയിരുന്നു. പാണക്കാട് കുടുംബത്തിന്റെ ചില്ലയും കൊമ്പും വെട്ടാന്‍ ആരെയും അനുവദിക്കില്ലെന്ന മുസ്ലീം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയുടെ പരാമര്‍ശത്തിന് മറുപടിയായി, ആരുമിവിടെ കൊമ്പ് വെട്ടാനും ചില്ല വെട്ടാനും പോകുന്നില്ലെന്നും അതൊക്കെ ചിലരുടെ വെറും തോന്നലുകള്‍ മാത്രമാണെന്നുമായിരുന്നു മുഈനലി തങ്ങള്‍ പ്രതികരിച്ചത്. ഇതിനുപിന്നാലെയാണ് മുഈനലി തങ്ങള്‍ക്ക് വാട്സാപ്പില്‍ ഭീഷണിസന്ദേശം ലഭിച്ചത്. അതേസമയം കുഞ്ഞാലിക്കുട്ടിക്കെതിരേ സംസാരിച്ചെന്ന പേരില്‍ നേരത്തെ ലീഗ് ഹൗസില്‍ വെച്ച് മുഈനലി തങ്ങള്‍ക്കെതിരേ റാഫി പരസ്യമായി പ്രതിഷേധിച്ചിരുന്നു.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം





Malayalam 






























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































