‘എന്റെ കയ്യിലുള്ളത് ആറ്റം ബോംബാണ് മുഖ്യമന്ത്രിയുടെ എല്ലാ പരിപാടികളും എനിക്കറിയാം’ മുന്നറിയിപ്പ് നല്‍കി സാബു എം ജേക്കബ്
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിച്ച് ട്വന്റി 20 ചീഫ് കോ-ഓര്‍ഡിനേറ്റര്‍ സാബു എം ജേക്കബ്. കേസില്‍ കുടുക്കി തന്നെ അറസ്റ്റ് ചെയ്താല്‍ ഒരാഴ്ചയ്ക്കുള്ളില്‍ മുഖ്യമന്ത്രിയുടെ ഓമനപ്പുത്രിയെ അകത്താക്കുമെന്നാണ് സാബു വെല്ലുവിളിച്ചതിരിക്കുന്നത്. കിഴക്കമ്പലത്ത് നടന്ന ട്വന്റി 20 പാര്‍ട്ടിയുടെ മഹാസംഗമത്തിലായിരുന്നു അദ്ദേഹത്തിന്റെ വെല്ലുവിളി. ‘എന്റെ കയ്യിലുള്ളത് ആറ്റം ബോംബാണ്. മുഖ്യമന്ത്രിയുടെ എല്ലാ പരിപാടികളും എനിക്കറിയാം. അതുകൊണ്ട് തന്നെ എതിര്‍ക്കുന്ന എംഎല്‍എയും പാര്‍ട്ടി പ്രവര്‍ത്തകരും സൂക്ഷിക്കണം’- സാബു മുന്നറിയിപ്പ് നല്‍കി.
‘എന്നെ അറസ്റ്റ് ചെയ്യുന്ന സാഹചര്യം ഉണ്ടായാല്‍ ഒരാഴ്ചയ്ക്കുള്ളില്‍ നമ്മുടെ മുഖ്യമന്ത്രിയുടെ ഓമനപ്പുത്രിയെ ഞാന്‍ അകത്താക്കും. ഇത് സ്വപ്നയുടെ കയ്യിലിരിക്കുന്ന ബോംബല്ല. സാബു ജേക്കബിന്റെ കയ്യിലിരിക്കുന്നത് ആറ്റം ബോംബാണ്. പൂത്തൃക്കയില്‍ പാര്‍ട്ടിയുടെ പരിപാടി തടസപ്പെടുത്താന്‍ എംഎല്‍എയും കൂട്ടരും ഇന്റര്‍നെറ്റ് കട്ട് ചെയ്തു. പി വി ശ്രീനിജന്‍ എംഎല്‍എ ചെയ്യുന്ന ദ്രോഹം മൂലം കഴിഞ്ഞ ഒരാഴ്ചയായി പോലീസ് സ്റ്റേഷനില്‍ കയറിയിറങ്ങുകയാണ്. അധികാരമോ പദവിയോ ആഗ്രഹിച്ചിട്ടില്ല. എനിക്ക് രാജ്യസഭാ സീറ്റ് വാദ്ഗാനം മുമ്പ് വന്നിട്ടുണ്ട്. യുഡിഎഫിലും സിപിഎമ്മിലും ബിജെപിയിലും സീറ്റ് കിട്ടുന്നതില്‍ എനിക്ക് ബുദ്ധിമുട്ടില്ല. 2021ലെ തിരഞ്ഞെടുപ്പ് സമയത്ത് ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും വി ഡി സതീശനും വന്ന് സീറ്റുകള്‍ ഓഫര്‍ ചെയ്തു.’ – സാബു പറഞ്ഞു.
Also Read; കടം തീര്‍ക്കാന്‍ പണം വേണം; അമ്മയുടെ പേരില്‍ ഇന്‍ഷൂറന്‍സ് പോളിസി എടുത്ത് കൊലപ്പെടുത്തി മകന്‍
‘മന്ത്രി പി രാജീവ് ഉള്‍പ്പെടെയുള്ള സിപിഎം നേതാക്കള്‍ അഞ്ചുതവണ എന്റെ വീട്ടിലെത്തി ചര്‍ച്ച നടത്തിയിട്ടുണ്ട്. അതിനു തെളിവ് ചോദിച്ചാല്‍ വീഡിയോ ദൃശ്യങ്ങള്‍ കാണിക്കാം. ഇവരൊക്കെ രാത്രി വന്ന് എന്റെ സഹായം തേടുന്നവരാണ്. ഞാന്‍ സിപിഎം ആണെന്ന് പ്രചാരണമുണ്ടായി. കഴിഞ്ഞ ദിവസം സംഘിയാക്കി, നാളെ കൊങ്ങിയാക്കും. ബിജെപിക്കാരന്‍ വന്നുപറഞ്ഞാല്‍ സീറ്റിന് വേണ്ടി ചാടുന്നവനല്ല ഞാന്‍. കെ സുരേന്ദ്രനുമായി ഫോണിലൂടെ സംസാരിച്ചിട്ടില്ല. നേരിട്ട് ഇതുവരെ കണ്ടിട്ടുപോലുമില്ല. മുഖ്യമന്ത്രി വിദേശത്ത് മേയോ ക്ലിനിക്കില്‍ ചികിത്സയിലായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ കൂടെനിന്ന് ശുശ്രൂഷിച്ചിട്ടുണ്ട്. എന്നാല്‍, എന്നെ നായയെപ്പോലെ വളഞ്ഞിട്ട് ആക്രമിച്ചപ്പോള്‍ മുഖ്യമന്ത്രി കണ്ടില്ലെന്ന് നടിച്ചു.’ – സാബു എം ജേക്കബ് കൂട്ടിച്ചേര്‍ത്തു.