ഹസന്‍ അനുനയിപ്പിച്ചു; സുധാകരനെതിരെ മത്സരിക്കില്ലെന്ന് മമ്പറം ദിവാകരന്‍
കണ്ണൂര്‍: കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന തീരുമാനത്തില്‍ നിന്ന് പിന്‍വാങ്ങി കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കപ്പെട്ട മമ്പറം ദിവാകരന്‍. യു ഡി എഫ് കണ്‍വീനര്‍ എം എം ഹസനുമായി സംസാരിച്ചതിനു പിന്നാലെയാണു മമ്പറം ദിവാകരന്‍ തീരുമാനത്തില്‍ നിന്നും പിന്‍വാങ്ങിയത്. പാര്‍ട്ടിയില്‍ തിരിച്ചെടുക്കാമെന്നും പദവി തിരികെ നല്‍കുന്നതില്‍ ഉടന്‍ തീരുമാനമെടുക്കാമെന്നും ഹസന്‍ മമ്പറം ദിവാകരനെ അറിയിച്ചതായാണു വിവരം. കെ പി സി സി എക്‌സിക്യൂട്ടീവ് അംഗമായിരുന്നു മമ്പറം ദിവാകരന്‍.
കണ്ണൂരില്‍ യു ഡി എഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത് കെ സുധാകരനാണെങ്കില്‍ താന്‍ സ്വതന്ത്രനായി മത്സരിക്കുമെന്നായിരുന്നു മമ്പറം ദിവാകരന്‍ നേരത്തെ പ്രഖ്യാപിച്ചത്. സുധാകരന്റെ ജനാധിപത്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് എതിരെയാണു തന്റെ മത്സരമെന്നായിരുന്നു ദിവാകരന്റെ വാദം. രണ്ട് വര്‍ഷം മുന്‍പാണ് ദിവാകരനെ കോണ്‍ഗ്രസ് പുറത്താക്കിയത്. തലശ്ശേരിയിലെ ഇന്ദിരാ ഗാന്ധി ആശുപത്രി സഹകരണ സംഘം തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ ഔദ്യോഗിക പാനലിനെതിരെ മമ്പറം ദിവാകരന്റെ നേതൃത്വത്തിലുള്ള ബദല്‍ പാനല്‍ മത്സരിക്കുന്നത് അച്ചടക്ക ലംഘനമാണെന്നു ചൂണ്ടിക്കാട്ടിയായിരുന്നു കെ പി സി സിയുടെ നടപടി. കെ പി സി സി നിര്‍വാഹക സമിതി അംഗമായിരുന്ന ദിവാകരന്‍ രണ്ട് തവണ ധര്‍മടം മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ചിട്ടുണ്ട്.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം