നെന്മാറ വല്ലങ്ങി വേല; വെടിക്കെട്ടിന് അനുമതിയില്ല
പാലക്കാട്: പ്രശസ്തമായ നെന്മാറ വല്ലങ്ങി വേലയുടെ ഭാഗമായുള്ള വെടിക്കെട്ടിന് അനുമതിയില്ല. ക്ഷേത്ര കമ്മിറ്റി വെടിക്കെട്ട് അനുവദിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ അപേക്ഷ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് സി ബിജു നിരസിച്ചു. കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാല്‍ അപേക്ഷ നിരസിച്ചെന്നാണ് ഉത്തരവിലുള്ളത്. ശാസ്ത്രീയമായി തയ്യാറാക്കിയ റിസ്‌ക് അസ്സെസ്‌മെന്റ് പ്ലാന്‍, ഓണ്‍ സൈറ്റ് എമര്‍ജന്‍സി പ്ലാന്‍ എന്നിവ പ്രകാരമുള്ള ആസൂത്രിതമായ മുന്നൊരുക്കങ്ങള്‍ വെടിക്കെട്ട് നടത്താന്‍ ആവശ്യമാണെന്നും ക്ഷേത്ര കമ്മിറ്റി ഇത് കോടതിയില്‍ ഹാജരാക്കിയിട്ടില്ലെന്നുമാണ് ഉത്തരവില്‍ പറയുന്നത്.
വെടിക്കെട്ട് നടത്താനുദ്ദേശിക്കുന്ന തീയതിക്ക് രണ്ടുമാസം മുമ്പ് അനുമതിക്കായി അപേക്ഷിക്കണം. ഈ മാനദണ്ഡം ക്ഷേത്രകമ്മിറ്റി പാലിച്ചില്ല. അതിനാല്‍ ദുരന്തനിവാരണ മുന്നൊരുക്കങ്ങള്‍ നടത്താനുള്ള സമയം ലഭിച്ചിട്ടില്ലെന്നത് അപേക്ഷ നിരസിക്കാന്‍ കാരണമായിട്ടുണ്ട്. എന്നാല്‍ വെടിക്കെട്ടിന് അനുമതി തേടി ഹൈക്കോടതിയെ ഇന്ന് സമീപിക്കുമെന്ന് നെന്മാറ വേല കമ്മറ്റി സെക്രട്ടറി അറിയിച്ചിട്ടുണ്ട്.
എപ്രില്‍ 1,2,3 തീയതികളിലാണ് നെന്മാറ വല്ലങ്ങി വേല നടക്കുന്നത്. കേരളത്തില്‍ നടക്കുന്ന ഏറ്റവും വലിയ വെടിക്കെട്ടുകളിലൊന്ന്് ഇവിടുത്തേതാണ്. ഒന്നാം തീയതി വൈകീട്ട് 7.30നാണ് സാമ്പിള്‍ വെടിക്കെട്ട്. രണ്ടാം തീയതി വൈകീട്ട് 6.30നും മൂന്നാം തീയതി പുലര്‍ച്ചെ 3.00 മണിക്കുമാണ് പ്രധാന വെടിക്കെട്ടുകള്‍.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം