ആത്മഹത്യയ്ക്കു ശ്രമിച്ച ഈറോഡ് എംപി എ ഗണേശമൂര്‍ത്തി അന്തരിച്ചു

കോയമ്പത്തൂര്‍: ആത്മഹത്യയ്ക്കു ശ്രമിച്ച് ചികിത്സയിലായിരുന്ന ഈറോഡ് എംപി എ ഗണേശമൂര്‍ത്തി ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. എംഡിഎംകെ നേതാവായ ഗണേശമൂര്‍ത്തിയ്ക്ക് ഇത്തവണ സീറ്റ് ലഭിച്ചിരുന്നില്ല. ഇതിനെത്തുടര്‍ന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചെന്നാണ് റിപ്പോര്‍ട്ട്. ഞായറാഴ്ച പുലര്‍ച്ചെ 2:30നാണ് ഗണേശമൂര്‍ത്തിയെ റൂമില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയിരുന്നത്. തുടര്‍ന്ന് ഈറോഡിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോയമ്പത്തൂരിലേക്ക് മാറ്റുകയുമായിരുന്നു അതിനാല്‍ ചികിത്സയിലിരിക്കേയാണ് അദ്ദേഹത്തിന്റെ അന്ത്യം.
എംഡിഎംകെ പാര്‍ട്ടി നേതാവായ ഗണേശമൂര്‍ത്തി കഴിഞ്ഞതവണ ഡിഎംകെ ചിഹ്നത്തില്‍ മത്സരിച്ചാണ് വിജയിച്ചത്. ഇത്തവണ മണ്ഡലത്തില്‍ ഇന്ത്യ മുന്നണിയുടെ ഭാഗമായ ഡിഎംകെയാണു മത്സരിക്കുന്നത്. സഖ്യകക്ഷിയുടെ സീറ്റ് ഡിഎംകെ ഏറ്റെടുക്കുകയായിരുന്നു. പകരം വിരുതുനഗര്‍ സീറ്റാണ് എംഡിഎംകെയ്ക്കു വിട്ടുനല്‍കിയത്.
Also Read; രണ്ടാംഘട്ട തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന്
ഇത്തവണയും എംഡിഎംകെ തനിക്ക് സീറ്റ് നല്‍കുമെന്ന് ഗണേശമൂര്‍ത്തി എല്ലാവരോടും പറഞ്ഞിരുന്നു. എന്നാല്‍ ഇദ്ദേഹത്തോട് ആലോചിക്കുക പോലും ചെയ്യാതെ പാര്‍ട്ടി സീറ്റ് വച്ചുമാറ്റം നടത്തിയത്. മുതിര്‍ന്ന നേതാവായ ഗണേശമൂര്‍ത്തിയ്ക്ക് പകരം വിരുതുനഗറില്‍ എംഡിഎംകെ നേതാവ് വൈക്കോയുടെ മകനെയാണ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. അതിനാല്‍ തന്നോട് ആലോചിക്കാതെ സീറ്റ് നിഷേധിച്ചതിനെത്തുടര്‍ന്ന് ഗണേശമൂര്‍ത്തി മനോവിഷമത്തില്‍ ആയിരുന്നെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ പറയുന്നത്. ഉറക്കഗുളിക വെള്ളത്തില്‍ കലക്കിയതായി റൂമില്‍നിന്നു കണ്ടെത്തിയിരുന്നു.