ജനന രജിസ്ട്രേഷനില്‍ ഇനി മാതാപിതാക്കളുടെ മതവും രേഖപ്പെടുത്തണം
ന്യൂഡല്‍ഹി: ജനന രജിസ്ട്രേഷനില്‍ ഇനിമുതല്‍ കുട്ടിയുടെ പിതാവിന്റെയും മാതാവിന്റെയും മതം രേഖപ്പെടുത്തേണ്ടി വരും. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ കരട് ചട്ടങ്ങളിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ഇതുവരെ, കുടുംബത്തിന്റെ മതം മാത്രം രേഖപ്പെടുത്തിയാല്‍ മതിയായിരുന്നു. ജനന, മരണ രജിസ്ട്രേഷന് (ഭേദഗതി) നിയമം, 2023 കഴിഞ്ഞ ആഗസ്റ്റ് 11നാണ് പാര്‍ലമെന്റ് പാസാക്കിയത്. സംസ്ഥാന സര്‍ക്കാറുകള്‍ അംഗീകാരം നല്കി വിജ്ഞാപനം ചെയ്യുമ്പോഴാണ് നിയമം നടപ്പാവുക.
കുട്ടിയുടെ മതത്തിനൊപ്പം പിതാവിന്റെയും മാതാവിന്റെയും മതം രേഖപ്പെടുത്താനുള്ള പ്രത്യേക കോളം നിര്‍ദിഷ്ട ഫോറം നമ്പര്‍ ഒന്നില്‍ ഉണ്ടാകും. ജനന, മരണ, സ്ഥിതിവിവര കണക്കുകള്‍ ദേശീയ ജനസംഖ്യ രജിസ്റ്റര്‍, വോട്ടര്‍ പട്ടിക, ആധാര്‍ നമ്പര്‍, റേഷന്‍ കാര്‍ഡ്, പാസ്പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ്, വസ്തു രജിസ്ട്രേഷന് തുടങ്ങിയവക്ക് ഉപയോഗിക്കാന്‍ കഴിയുന്ന തരത്തിലാണ് ചട്ടങ്ങള്‍ ആവിഷ്കരിച്ചിരിക്കുന്നത്.
Also Read; പാനൂര്‍ ബോംബ് സ്ഫോടനം; എഫ്ഐആറില്‍ രണ്ട് പേരുകള്‍ മാത്രം, അന്വേഷണം മെല്ലെപ്പോക്കെന്ന് പരാതി
ഭേദഗതിയനുസരിച്ച്, രാജ്യത്തെ എല്ലാ ജനനങ്ങളും മരണങ്ങളും സിവില്‍ രജിസ്ട്രേഷനുള്ള കേന്ദ്ര സര്‍ക്കാറിന്റെ പോര്‍ട്ടലില്‍ ഡിജിറ്റലായി രജിസ്റ്റര്‍ ചെയ്യണം. ഈ പോര്‍ട്ടലിലൂടെ ലഭിക്കുന്ന ഡിജിറ്റല്‍ ജനന സര്‍ട്ടിഫിക്കറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനം ഉള്‍പ്പെടെ വിവിധ സേവനങ്ങള്‍ക്ക് പ്രായം തെളിയിക്കുന്നതിനുള്ള ഏക രേഖയായി മാറും.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
രാജ്യത്തെ ജനനങ്ങളുടെയും മരണങ്ങളുടെയും സ്ഥിതിവിവര കണക്കുകള്‍ രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ ദേശീയതലത്തില്‍ സൂക്ഷിക്കും. ചീഫ് രജിസ്ട്രാര്‍മാരും രജിസ്ട്രാര്‍മാരും ജനന, മരണ വിവരങ്ങള്‍ ദേശീയതലത്തിലെ ഡേറ്റബേസിലേക്ക് നിര്‍ബന്ധമായും കൈമാറണമെന്നും നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്.





Malayalam 





























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































