‘ഹിന്ദുക്കള്‍ കുറഞ്ഞു, മുസ്‌ലിം, ക്രൈസ്തവര്‍ കൂടി’: പ്രധാനമന്ത്രി മോദിയുടെ പുതിയ കണക്ക്
ന്യൂഡല്‍ഹി: രാജ്യത്തെ ഹിന്ദു ജനസംഖ്യ കുറഞ്ഞെന്നും മുസ്ലിം, ക്രൈസ്തവ ജനസംഖ്യ കൂടിയെന്നും പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക കൗണ്‍സില്‍ തയ്യാറാക്കിയ വര്‍ക്കിങ് റിപ്പോര്‍ട്ട്. തിരഞ്ഞെടുപ്പില്‍ ജനശ്രദ്ധ തിരിക്കാനുള്ള നീക്കമാണിതെന്നും സെന്‍സസ് നടത്താതെ എങ്ങനെ കണക്ക് കിട്ടിയെന്നും പ്രതിപക്ഷം വിമര്‍ശിച്ചു. അതേസമയം, കോണ്‍ഗ്രസ് ന്യൂനപക്ഷ പ്രീണനം നടത്തുകയാണെന്ന് റിപ്പോര്‍ട്ടിനെ ആയുധമാക്കി ബി.ജെ.പി. പ്രചാരണം തുടങ്ങി.
1950 മുതല്‍ 2015 വരെയുള്ള കാലയളവില്‍ ഹിന്ദു ജനസംഖ്യ 7.82 ശതമാനം കുറഞ്ഞെന്നാണ് കൗണ്‍സില്‍ അംഗം ഷമിക രവിയുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ വര്‍ക്കിങ് പേപ്പറില്‍ പറയുന്നത്. മുസ്ലിം ജനസംഖ്യ 1950-നെ അപേക്ഷിച്ച് 43.15 ശതമാനവും ക്രൈസ്തവര്‍ 5.38 ശതമാനവും സിഖുകാര്‍ 6.58 ശതമാനവും വര്‍ധിച്ചെന്നും പറയുന്നു. ജൈന, പാഴ്സി ജനസംഖ്യ കുറഞ്ഞു. എന്നാല്‍, 2011-നു ശേഷം രാജ്യത്ത് സെന്‍സസ് നടന്നിട്ടില്ലാത്തതിനാല്‍ 2015-ലെ കണക്കുകള്‍ ചേര്‍ത്തിരിക്കുന്നത് എന്ത് അടിസ്ഥാനത്തിലാണെന്ന് വ്യക്തമല്ല.
ബി.ജെ.പി. വിദ്വേഷപ്രചാരണം നടത്തുകയാണെന്ന് ആര്‍.ജെ.ഡി. നേതാവ് തേജസ്വി യാദവ് വിമര്‍ശിച്ചു. 2021-ല്‍ നടക്കേണ്ട സെന്‍സസ് ഇതുവരെയായിട്ടും നടത്താത്ത കേന്ദ്രം തിരഞ്ഞെടുപ്പില്‍ ജനങ്ങളുടെ ശ്രദ്ധ തിരിക്കാന്‍ വര്‍ഗീയ വിഷയങ്ങളുയര്‍ത്തുകയാണ്. 10 വര്‍ഷം ഭരിച്ചിട്ട് ജനക്ഷേമത്തിന് ഒന്നും ചെയ്യാതിരുന്ന മോദിസര്‍ക്കാര്‍ വീണ്ടും ജനങ്ങളെ പറ്റിക്കാന്‍ ശ്രമിക്കുകയാണെന്നും തേജസ്വി കുറ്റപ്പെടുത്തി. പൊതു തിരഞ്ഞെടുപ്പിന്റെ മധ്യത്തില്‍ റിപ്പോര്‍ട്ട് പുറത്തുവന്നതിന്റെ ഉദ്ദേശ്യശുദ്ധി ചോദ്യംചെയ്ത സി.പി.ഐ. ജനറല്‍ സെക്രട്ടറി ഡി. രാജ, ഹിന്ദു-മുസ്ലിം പ്രചാരണം നടത്തി ഭിന്നിപ്പുണ്ടാക്കാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നതെന്നും ആരോപിച്ചു.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം