ട്രാഫിക് പിഴ അടക്കാതെ ഇനി ഖത്തര്‍ വിടാനാവില്ല; വിവിധ നിയമ പരിഷ്‌ക്കാരങ്ങളുമായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം
ദോഹ: ഖത്തറില്‍ ട്രാഫിക് പിഴകള്‍, ഗതാഗത നിയമങ്ങള്‍, വാഹന ലൈസന്‍സിംഗ് നിയമങ്ങള്‍ തുടങ്ങിയവയില്‍ സമഗ്ര ഭേദഗതികള്‍ പ്രഖ്യാപിച്ച് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം. ഇവയില്‍ ചില നിയമങ്ങള്‍ മെയ് 22 മുതല്‍ പ്രാബല്യത്തില്‍ വന്നു. മറ്റു ചില നിയമങ്ങള്‍ ജൂണ്‍ ഒന്ന്, സെപ്റ്റംബര്‍ ഒന്ന് തീയതികളില്‍ നിലവില്‍ വരും. ട്രാഫിക് ലംഘനങ്ങള്‍ക്കുള്ള പിഴ ഇനത്തില്‍ കുടിശ്ശികയുള്ള വ്യക്തികള്‍ക്കും വാഹനങ്ങള്‍ക്കും യാത്രാനിരോധനം, ട്രാഫിക് ലംഘനങ്ങള്‍ക്കുള്ള പിഴയില്‍ ഇളവ് അനുവദിക്കല്‍, വാഹന ലൈസന്‍സിംഗ് നടപടിക്രമങ്ങള്‍, 25-ലധികം യാത്രക്കാരുള്ള ബസുകള്‍ക്കുള്ള ലെയ്ന്‍ മാറ്റം തുടങ്ങിയവയുമായി ബന്ധപ്പെട്ടതാണ് പുതിയ വ്യവസ്ഥകള്‍.
പുതിയ നിയമപ്രകാരം, 2024 സെപ്റ്റംബര്‍ ഒന്ന് മുതല്‍, ട്രാഫിക് പിഴകളും കുടിശ്ശികയും അടയ്ക്കാതെ വ്യക്തികള്‍ക്കോ വാഹനങ്ങള്‍ക്കോ രാജ്യത്തിന് പുറത്തേക്ക് പോവാന്‍ കഴിയില്ലെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ അബ്ദുല്ല ഖലീഫ അല്‍ മുഫ്ത വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇതുപ്രകാരം, ട്രാഫിക് നിയമ ലംഘകര്‍ക്ക് കര, വായു, കടല്‍ അതിര്‍ത്തികള്‍ വഴി യാത്ര ചെയ്യണമെങ്കില്‍ കുടിശ്ശിക സഹിതം ട്രാഫിക് പിഴകള്‍ അടയ്ക്കണം. മെട്രാഷ് 2 ആപ്പ്, ആഭ്യന്തര മന്ത്രാലയം വെബ്‌സൈറ്റ്, ട്രാഫിക് വിഭാഗം ഓഫീസുകള്‍, ഏകീകൃത സേവന കേന്ദ്രങ്ങള്‍ എന്നിവ വഴി പിഴകള്‍ അടക്കാം.
വാഹനങ്ങള്‍ക്ക് എക്‌സിറ്റ് പെര്‍മിറ്റ് വേണം
രാജ്യത്ത് നിന്ന് പുറത്തുകടക്കുന്ന വാഹനങ്ങള്‍ക്കും ഇതേ നിയമം ബാധകമാണ്. പുതിയ വ്യവസ്ഥ പ്രകാരം വാഹനങ്ങള്‍ രാജ്യത്തിന് പുറത്ത് കടക്കണമെങ്കില്‍ എക്‌സിറ്റ് പെര്‍മിറ്റ് എടുക്കണം. പെര്‍മിറ്റ് ലഭിക്കുന്നതിന്, വാഹനത്തിന് ട്രാഫിക് ലംഘനങ്ങളൊന്നും ഉണ്ടാകരുത് എന്നാണ് വ്യവസ്ഥ. ട്രാഫിക് പിഴകള്‍ ഉള്ളവര്‍ അവ പൂര്‍ണ്ണമായും തീര്‍ത്ത ശേഷം മാത്രമേ പെര്‍മിറ്റ് ലഭിക്കുകയുള്ളൂ. എവിടേക്കാണ് പോകുന്നത് എന്ന കാര്യം മുന്‍കൂട്ടി അറിയിക്കണം എന്നതാണ് മറ്റൊരു വ്യവസ്ഥ. പെര്‍മിറ്റിന് അപേക്ഷിക്കുന്നത് വാഹനത്തിന്റെ ഉടമയായിരിക്കണം. അല്ലെങ്കില്‍ രാജ്യത്തിന് പുറത്ത് പോകാനുള്ള ഉടമയുടെ അനുവാദം വ്യക്തമാക്കുന്ന സമ്മതപത്രം ഹാജരാക്കണം. ജിസിസി രാജ്യങ്ങളിലേക്ക് പോകുന്ന വാഹനങ്ങള്‍ക്കും ചരക്ക് കൊണ്ടുപോകുന്ന വാഹനങ്ങള്‍ക്കും വെഹിക്കിള്‍ എക്സിറ്റ് പെര്‍മിറ്റ് ആവശ്യമില്ല.
നേരത്തെ അടക്കുന്നവര്‍ക്ക് 50 ശതമാനം പിഴയിളവ്
അതിനിടെ, ഗതാഗത നിയമലംഘന പിഴ നേരത്തെ അടയ്ക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഖത്തര്‍ പൗരന്മാര്‍, താമസക്കാര്‍, സന്ദര്‍ശകര്‍, ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങളിലെ പൗരന്മാര്‍ എന്നിവര്‍ക്ക് പിഴയില്‍ 50 ശതമാനം ഇളവിന് അര്‍ഹതയുണ്ടെന്ന് ആഭ്യന്തരവകുപ്പ് അറിയിച്ചു. 2024 ജൂണ്‍ ഒന്നു മുതല്‍ 2024 ഓഗസ്റ്റ് 31 വരെ പിഴ അടക്കുന്നവര്‍ക്കാണ് 50 ശതമാനം ഇളവ് ബാധകമാകുക. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ ഉണ്ടായ നിയമലംഘനങ്ങള്‍ക്കുള്ള പിഴകള്‍ മാത്രമേ ഇളവിന് പരിഗണിക്കുകയുള്ളൂ.
ബസ്സുകള്‍ ഇടതുപാത ഉപയോഗിക്കരുത്
ഇതിനു പുറമെ, ലിമോസിനുകള്‍, ടാക്‌സികള്‍, ബസുകള്‍, ഡെലിവറി മോട്ടോര്‍സൈക്കിള്‍ എന്നിവ ഹൈവേയില്‍ ഇടത് പാത ഉപയോഗിക്കുന്നത് നിരോധിച്ചതായും ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ബസുകള്‍, ടാക്‌സികള്‍, ലിമോസിനുകള്‍, എന്നിവ മൂന്നോ അതിലധികമോ പാതകളുള്ള റോഡുകളില്‍ ഇടത് പാത ഉപയോഗിക്കുന്നത് നിരോധിച്ചിരിക്കുകയാണ്. ഡെലിവറി മോട്ടോര്‍ സൈക്കിള്‍ റൈഡര്‍മാര്‍ എല്ലാ റോഡുകളിലും വേഗത കുറഞ്ഞ വലത് ലൈനാണ് ഉപയോഗിക്കേണ്ടത്. ഇന്റര്‍ സെക്ഷനുകള്‍ക്ക് കുറഞ്ഞത് 300 മീറ്റര്‍ മുമ്പായി ഈ വാഹനങ്ങള്‍ക്ക് ലെയിന്‍ മാറ്റാന്‍ അനുവാദമുണ്ട്. മെയ് 22 മുതല്‍ പുതുക്കിയ നിയമനടപടികള്‍ പ്രാബല്യത്തില്‍ വന്നു. നിയമ ലംഘകര്‍ക്കെതിരെ കനത്ത നടപടികള്‍ സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയത്തിന്റെ പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഖത്തറിന് പുറത്തുള്ള വാഹനങ്ങള്‍ക്കും നിയമങ്ങള്‍
ഖത്തറിന് പുറത്തുള്ള വാഹനങ്ങള്‍ 90 ദിവസത്തിനുള്ളില്‍ അവ തിരിച്ച് കൊണ്ടുവരണം എന്നതാണ് പുതുതായി നടപ്പിലാക്കിയ മറ്റൊരു നിയമം. അല്ലാത്തപക്ഷം കൂടുതല്‍ കാലം വിദേശത്ത് തുടരാന്‍ പ്രത്യേക അനുമതി തേടണം. എക്‌സിറ്റ് പെര്‍മിറ്റോടെ രാജ്യത്തിന് പുറത്തേക്ക് പോകുന്ന വാഹനങ്ങള്‍ അവയുടെ പെര്‍മിറ്റ് കാലഹരണപ്പെടുന്നതിന് മുമ്പ് രാജ്യത്ത് മടങ്ങിയെത്തണം. ഇത് പാലിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ 90 ദിവസത്തേക്ക് വാഹനം പിടിച്ചെടുക്കുന്നത് ഉള്‍പ്പെടെയുള്ള നിയമ നടപടികളിലേക്ക് അത് നയിക്കും. ഖത്തറിന് പുറത്തുള്ള വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ പുതുക്കണമെങ്കില്‍ അവ രാജ്യത്തേക്ക് തിരിച്ചുകൊണ്ടുവന്ന് സാങ്കേതിക പരിശോധനയ്ക്ക് വിധേയമാക്കണമെന്നും പുതിയ നിയമം അനുശാസിക്കുന്നു. വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ കാലഹരണപ്പെട്ട് 30 ദിവസത്തിനുള്ളില്‍ പുതുക്കിയില്ലെങ്കില്‍, ലൈസന്‍സ് പ്ലേറ്റുകള്‍ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കിലേക്ക് തിരികെ നല്‍കണം. മേല്‍പ്പറഞ്ഞ നിയമങ്ങള്‍ ലംഘിച്ചാല്‍ അത്തരം കേസുകള്‍ പബ്ലിക് പ്രോസിക്യൂഷനിലേക്ക് റഫറല്‍ ചെയ്യും, ഒരാഴ്ച മുതല്‍ ഒരു വര്‍ഷം വരെ തടവും 3,000 മുതല്‍ 10,000 വരെ പിഴയുമാണ് ലഭിക്കാന്‍ സാധ്യതയുള്ള ശിക്ഷ.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം





Malayalam 

































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































