8 വര്‍ഷത്തിനിടെ 1000 ബാറുകള്‍ പക്ഷേ കുട്ടികള്‍ക്ക് സീറ്റില്ല ; സഭയില്‍ പ്രതിപക്ഷ ബഹളം
തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ പതിനൊന്നാം സമ്മേളനത്തിന്റെ രണ്ടാ ദിവസം മലബാറിലെ പ്ലസ് വണ്‍ സീറ്റ് ക്ഷാമത്തില്‍ സഭയ്ക്കുള്ളില്‍ തര്‍ക്കം. മലബാറില്‍ പത്താം ക്ലാസ് കഴിഞ്ഞ വിദ്യാര്‍ത്ഥികളുടെ ഉപരിപഠനത്തില്‍ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ പ്രതിപക്ഷം നിയമസഭയില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയെങ്കിലും അത് നിഷേധിച്ചു. അടിയന്തരപ്രമേയ നോട്ടീസിന്മേല്‍ നടന്ന ചര്‍ച്ചയില്‍ ഭരണപ്രതിപക്ഷ എംഎല്‍എമാര്‍ തമ്മില്‍ വാക്‌പോര് നടന്നു. അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം ഇറങ്ങിപ്പോയി.
Also Read ; കൊലപാതകക്കേസ് ; കന്നഡ സൂപ്പര്‍താരം ദര്‍ശന്‍ അറസ്റ്റില്‍
നിയമസഭയില്‍ നടന്ന ചര്‍ച്ചയില്‍ നിന്ന്
മലബാറില്‍ എസ്എസ്എല്‍സി ജയിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിന് പ്രതിസന്ധിയില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. മൂന്നാംഘട്ട അലോട്ട്‌മെന്റിന് ശേഷം കുറവുണ്ടെങ്കില്‍ പരിഹരിക്കാം. ലീഗ് എംഎല്‍എമാര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. എല്ലാം ഗൗരവത്തോടെയാണ് മുഖ്യമന്ത്രി കേട്ടത്. കോഴിക്കോട് ജില്ലയില്‍ 8208 പ്ലസ് വണ്‍ അധിക സീറ്റുകള്‍ ഉണ്ടാകും. പാലക്കാട് ജില്ലയില്‍ 2206 സീറ്റുകളും കണ്ണൂര്‍ ജില്ലയില്‍ അഞ്ചായിരത്തിലേറെ സീറ്റുകളും ബാക്കി വരും. മലപ്പുറം ജില്ലയില്‍ 74840 പ്ലസ് വണ്‍ അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്. മലപ്പുറത്ത് അണ്‍ എയ്ഡഡ്, വിഎച്ച്എസ്ഇ, പോളി സീറ്റുകള്‍ കൂട്ടിയാല്‍ ഉപരിപഠനത്തിന് സീറ്റുകള്‍ ധാരാളമാണ്. മലബാര്‍ മേഖലയിലാണ് കൂടുതല്‍ താല്‍ക്കാലിക ബാച്ചുകള്‍ അനുവദിച്ചത്. മലപ്പുറത്ത് സീറ്റ് ക്ഷാമം ഇല്ലെന്നും വിദ്യാഭ്യാസമന്ത്രി സഭയില്‍ പറഞ്ഞു.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
എന്നാല്‍ മന്ത്രി പറഞ്ഞ കണക്കുകള്‍ ശരിയല്ലെന്ന് എന്‍ ഷംസുദ്ദീന്‍ തിരിച്ചടിച്ചു. പതിനായിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ സീറ്റ് ലഭിക്കാതെ പുറത്തു നില്‍ക്കുകയാണ്. മുഴുവന്‍ വിഷയത്തിലും എ പ്ലസ് ലഭിച്ച വിദ്യാര്‍ഥികള്‍ക്ക് പോലും ആദ്യ അലോട്ട്‌മെന്റില്‍ സീറ്റ് ലഭിച്ചിട്ടില്ലെന്നും ഷംസുദ്ദീന്‍ പറഞ്ഞു. ഇതോടെ നിയമസഭയില്‍ ഭരണപക്ഷ ബഹളം ആരംഭിച്ചു. വസ്തുതകള്‍ പറയുമ്പോള്‍ കുരയ്ക്കുന്നതെന്തെന്ന ഷംസുദീന്റെ പരാമര്‍ശവും പ്രതിഷേധത്തിനിടയാക്കി. ഇതോടെ ഷംസുദ്ദീന്‍ പരാമര്‍ശം പിന്‍വലിച്ചു. അടിയന്തര പ്രമേയ ചര്‍ച്ചയ്ക്കിടെ ഭരണപക്ഷം ബഹളം വെച്ചപ്പോള്‍ ആയിരുന്നു ഷംസുദ്ദീന്റെ വിവാദ പരാമര്‍ശം. ഷംസുദ്ദീന്റെ വിവാദ പരാമര്‍ശം രേഖകളില്‍ ഉണ്ടാകില്ലെന്ന് സ്പീക്കര്‍ വ്യക്തമാക്കി.
എട്ട് കൊല്ലത്തിനിടയില്‍ 1000 ബാര്‍ നല്‍കി, പക്ഷെ കുട്ടികള്‍ക്ക് പഠിക്കാന്‍ സീറ്റ് നല്‍കിയില്ല. വെബ്‌സൈറ്റിലെ കണക്കുകളല്ല മന്ത്രി പറയുന്നത്. ഒരു എ പ്ലസ് പോലുമില്ലാത്ത കുട്ടിക്ക് പത്തനംതിട്ടയില്‍ സയന്‍സ് സീറ്റ് ലഭിക്കും. പാര്‍ട്ടി ഗ്രാമങ്ങളില്‍ പോലും അടപടലം പോയിട്ടും സിപിഐഎം പഠിക്കുന്നില്ലെ. ഇനിയും കണ്ണ് തുറന്നില്ലെങ്കില്‍ കണ്ണ് തുറക്കുമ്പോള്‍ ഒന്നും കാണില്ലെന്നും പ്രതിപക്ഷം പരിഹസിച്ചു.
ന്യൂനപക്ഷങ്ങള്‍ക്ക് ഇപ്പോഴും അത്താണി ഇടതുപക്ഷം തന്നെയെന്ന് വി ശിവന്‍കുട്ടി തിരിച്ചടിച്ചു. തോല്‍വി നിങ്ങള്‍ക്കും ഉണ്ടായിട്ടില്ലേ എന്ന് ശിവന്‍കുട്ടി ചോദിച്ചു. വീടിനടുത്ത് സീറ്റ് കിട്ടണമെന്ന് പറഞ്ഞാല്‍ ഷംസുദ്ദീന്‍ മന്ത്രിയായാലും നടക്കില്ല. ന്യൂനപക്ഷങ്ങള്‍ക്ക് അത്താണിയായ ഏക പാര്‍ട്ടി ഇടതുപക്ഷമാണ്.
പൊന്നാനിയിലെ കുട്ടിക്ക് നിലമ്പൂരില്‍ അഡ്മിഷന്‍ കിട്ടിയാല്‍ പോകാന്‍ പറ്റുമോ എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ തിരിച്ചടിച്ചു. സര്‍ക്കാറിന് തീവ്ര വലതുപക്ഷ വ്യതിയാനം സംഭവിച്ചു. പൊതു വിദ്യാലയങ്ങളിലേക്ക് വരുന്ന കുട്ടികളുടെ എണ്ണം കുറയുന്നു. സര്‍ക്കാരിന്റെ ആദ്യ പത്ത് പ്രയോറിറ്റിയില്‍ വിദ്യാഭ്യാസ മേഖലയില്ല. താലൂക്കില്‍ യൂണിറ്റായി സീറ്റുകളുടെ കാര്യം കാണണമെന്നും സതീശന്‍ ആവശ്യപ്പെട്ടു. ഇതിന് പിന്നാലെ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.





Malayalam 























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































