കാഞ്ചന്‍ജംഗ എക്സ്പ്രസില്‍ സിഗ്‌നല്‍ തെറ്റിച്ച് ഇടിച്ചുകയറിയത് ഗുഡ്‌സ് ട്രെയിന്‍; ലോക്കോ പൈലറ്റടക്കം 15 മരണം, അറുപതോളം പേര്‍ക്ക് പരിക്ക്
കൊല്‍ക്കത്ത: കാഞ്ചന്‍ജംഗ എക്സ്പ്രസില്‍ ചരക്ക് തീവണ്ടി ഇടിച്ചുണ്ടായ അപകടത്തില്‍ മരണസംഖ്യ 15 ആയി ഉയര്‍ന്നു. 60പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരിച്ചവരുടെ കുടുംബത്തിന് ധനസഹായമായി രണ്ട് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ട്രെയിനിന്റെ മൂന്ന് കമ്പാര്‍ട്ട്മെന്റുകള്‍ പാളം തെറ്റിയെന്നാണ് റെയില്‍വേ അധികൃതര്‍ പറഞ്ഞത്. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഡോക്ടര്‍മാരും ആംബുലന്‍സും ഉള്‍പ്പെടെ വന്‍ രക്ഷാ സന്നാഹം തന്നെ സ്ഥലത്തുണ്ട്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റുകയാണ്.
അപകടത്തില്‍ സിഗ്നല്‍ തെറ്റിച്ച് വന്ന ചരക്ക് ട്രെയിനിന്റെ ലോക്കോ പൈലറ്റും കാഞ്ചന്‍ജംഗ എക്സ്പ്രസിന്റെ ഗാര്‍ഡും മരിച്ചു. അഗര്‍ത്തല -സീല്‍ദാ റൂട്ടിലുള്ള എല്ലാ റെയില്‍വേ സ്റ്റേഷനുകളിലും ഹെല്‍പ്പ് ഡെസ്‌ക്കുകള്‍ സ്ഥാപിച്ചതായി റെയില്‍വേ ബോര്‍ഡ് ചെയര്‍മാനും സിഇഒയുമായ ജയ വര്‍മ്മ സിന്‍ഹ പറഞ്ഞു രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായെന്നും അദ്ദേഹം പറഞ്ഞു. പരിക്കേറ്റ എല്ലാവരുടെയും ചികിത്സാ ചെലവ് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കും.
ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. അസമിലെ സില്‍ച്ചാറില്‍ നിന്ന് കൊല്‍ക്കത്തയിലെ സീല്‍ഡയിലേക്ക് പോവുകയായിരുന്ന കാഞ്ചന്‍ജംഗ എക്സ്പ്രസ് ന്യൂ ജല്‍പായ്ഗുരിക്ക് സമീപമുള്ള രംഗപാണി സ്റ്റേഷന് സമീപമെത്തിയപ്പോള്‍ പിന്നില്‍ നിന്ന് ഗുഡ്സ് ട്രെയിന്‍ ഇടിക്കുകയായിരുന്നു. റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അപകടസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ സേന ഉള്‍പ്പെടെ സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
Join with metro post : കോട്ടയം ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ നിരവധി ജോലി ഒഴിവുകള്‍ ; ഇന്റര്‍വ്യൂവിലൂടെ മാത്രം





Malayalam 















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































