#india #Movie #Top News

രേണുകാസ്വാമിയുടെ കുടുംബത്തിനും ജനിക്കാനിരിക്കുന്ന കുഞ്ഞിനും നീതി കിട്ടണം ,ഈ കേസില്‍ നീതി വിജയിക്കണം ; കന്നഡ സൂപ്പര്‍താരം ദര്‍ശന്റെ അറസ്റ്റില്‍ കിച്ചാ സുദീപ് പറയുന്നു.

രേണുകാസ്വാമി എന്നയാളുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കന്നഡ സൂപ്പര്‍താരം ദര്‍ശന്‍ തൂഗുദീപയും സുഹൃത്തും നടിയുമായ പവിത്ര ഗൗഡയും അറസ്റ്റിലായതിന്റെ അലയൊലികള്‍ ഇനിയും അവസാനിച്ചിട്ടില്ല. കേസില്‍ ഒന്നാം പ്രതിയാണ് പവിത്ര. ദര്‍ശന്‍ രണ്ടാം പ്രതിയും. പവിത്ര ഗൗഡയുടെ നിര്‍ദേശപ്രകാരമാണ് ചിത്രദുര്‍ഗ സ്വദേശി രേണുകാസ്വാമിയെ കൊലപ്പെടുത്തിയതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ഇരുവരുടേയും അറസ്റ്റുമായി ബന്ധപ്പെട്ട് കന്നഡയിലെ മറ്റൊരു സൂപ്പര്‍താരമായ കിച്ചാ സുദീപിന്റെ പ്രതികരണം ശ്രദ്ധനേടുകയാണ്.

Also Read ;പശ്ചിമ ബംഗാളില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് വന്‍ അപകടം; നിരവധി യാത്രക്കാര്‍ക്ക് പരിക്ക്

കൊല്ലപ്പെട്ട രേണുകാസ്വാമിയുടെ ഭാര്യക്കും അവര്‍ക്ക് ജനിക്കാനിരിക്കുന്ന കുഞ്ഞിനും നീതി ലഭിക്കണമെന്ന് സുദീപ് മാധ്യമങ്ങളോടുപറഞ്ഞു. കന്നഡ ചലച്ചിത്ര മേഖലയെ ഒന്നടങ്കം ജനങ്ങള്‍ കുറ്റപ്പെടുത്തുകയാണെന്ന് അദ്ദേഹം നിരീക്ഷിച്ചു. കുറ്റം ചെയ്തയാള്‍ക്ക് ശിക്ഷ കിട്ടിയാലേ ജനങ്ങളില്‍നിന്ന് ക്ലീന്‍ ചിറ്റ് കിട്ടൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ദര്‍ശന്റെ പേര് പരാമര്‍ശിക്കാതെയായിരുന്നു സുദീപിന്റെ അഭിപ്രായപ്രകടനം.

‘മാധ്യമങ്ങളില്‍ വരുന്നതുമാത്രമാണ് നമുക്കറിയാവുന്നത്. കാരണം നമ്മളാരും വിവരം തിരക്കാന്‍ പോലീസ് സ്റ്റേഷനില്‍ പോകുന്നില്ലല്ലോ. സത്യം മറനീക്കിക്കൊണ്ടുവരാന്‍ മാധ്യമങ്ങളും പോലീസും കഠിനാധ്വാനം ചെയ്യുന്നുണ്ട്. അക്കാര്യത്തില്‍ യാതൊരു സംശയവുമില്ല. കൊല്ലപ്പെട്ടയാളുടെ കുടുംബവും ഭാര്യയും നീതി അര്‍ഹിക്കുന്നുണ്ട്. തെരുവില്‍ക്കിടന്ന് മരിച്ച രേണുകാസ്വാമിക്ക് നീതി ലഭിക്കണം. അയാളുടെ ജനിക്കാനിരിക്കുന്ന കുഞ്ഞിന് നീതി കിട്ടണം. എല്ലാത്തിനുമുപരി എല്ലാവര്‍ക്കും നീതിയില്‍ വിശ്വാസമുണ്ട്. ഈ കേസില്‍ നീതി വിജയിക്കണം.’ കിച്ചാ സുദീപ് പറഞ്ഞു.

രേണുകാസ്വാമിയുടെ കൊലപാതകവും പിന്നാലെ നടന്‍ ദര്‍ശനെ അറസ്റ്റ് ചെയ്തതും കന്നഡ ചലച്ചിത്ര മേഖലയ്ക്ക് ചീത്തപ്പേരുണ്ടാക്കിയെന്ന് സുദീപ് അഭിപ്രായപ്പെട്ടു. ഇപ്പോഴത്തെ അന്തരീക്ഷം അത്ര ശരിയാണെന്ന് തോന്നുന്നില്ല. ഫിലിം ഇന്‍ഡസ്ട്രിക്ക് നീതിയും ക്ലീന്‍ ചിറ്റും ലഭിക്കണം. സിനിമ എന്നാല്‍ ഒന്നോ രണ്ടോ ആളുകളല്ല. ഒരുപാട് താരങ്ങള്‍ ഉള്‍പ്പെടുന്ന മേഖലയാണിത്. കുറ്റവാളി ശിക്ഷിക്കപ്പെട്ടാലേ ഇന്‍ഡസ്ട്രിക്ക് ആശ്വാസമാകൂ എന്നും സുദീപ് കൂട്ടിച്ചേര്‍ത്തു.

ഈ മാസം എട്ടിനാണ് ചിത്രദുര്‍ഗ സ്വദേശിയായ രേണുകാ സ്വാമി കൊലചെയ്യപ്പെട്ടതെന്നാണ് പോലീസ് പറയുന്നത്. ഒന്‍പതിന് കാമാക്ഷിപാളയത്തെ ഓടയില്‍നിന്ന് ഇയാളുടെ മൃതദേഹം കണ്ടെത്തി. നടിയും ഫാഷന്‍ ഡിസൈനറുമായ പവിത്ര ഗൗഡ ദര്‍ശനുമായി പത്തുവര്‍ഷമായി ബന്ധം പുലര്‍ത്തിവരുന്നതായി പോലീസ് പറഞ്ഞു. ഇവര്‍ക്ക് ഭര്‍ത്താവും മകളുമുണ്ട്. കഴിഞ്ഞ ജനുവരിയില്‍ പവിത്ര ഗൗഡ മകളുടെ വിവാഹത്തോടനുബന്ധിച്ച് ‘ചലഞ്ചിങ് സ്റ്റാര്‍ എന്നറിയപ്പെടുന്ന ദര്‍ശനുമായി പത്തുവര്‍ഷത്തെ ബന്ധം’ എന്നപേരില്‍ ദര്‍ശനുമായുള്ള ബന്ധം വെളിപ്പെടുത്തി ഇന്‍സ്റ്റഗ്രാമില്‍ റീല്‍ പോസ്റ്റുചെയ്തിരുന്നു. ഇതിനെ വിമര്‍ശിച്ച് ദര്‍ശന്റെ ഭാര്യ വിജയലക്ഷ്മി, പവിത്രയും അവരുടെ ഭര്‍ത്താവുമൊത്തുളള ചിത്രങ്ങള്‍ സാമൂഹികമാധ്യമത്തില്‍ പോസ്റ്റുചെയ്തു.

ഇതോടെ പവിത്രയ്ക്കുനേരേയുള്ള ദര്‍ശന്റെ ആരാധകരുടെ ക്ഷോഭം സാമൂഹികമാധ്യമത്തില്‍ നിറഞ്ഞു. തുടര്‍ന്ന് ചിത്രദുര്‍ഗ വെങ്കടേശ്വര ലേ ഔട്ട് സ്വദേശിയും ദര്‍ശന്റെ കടുത്ത ആരാധകനുമായ രേണുകാസ്വാമി പവിത്രയെക്കുറിച്ച് സാമൂഹികമാധ്യമത്തില്‍ മോശം കമന്റിട്ടു. പവിത്ര, ദര്‍ശനെയും ഭാര്യ വിജയലക്ഷ്മിയെയും അകറ്റുന്നെന്നാരോപിച്ചായിരുന്നു ഇത്. പവിത്രയെക്കുറിച്ച് രേണുകാസ്വാമിയുടെ മോശം കമന്റുകള്‍ നിരന്തരം വരാന്‍തുടങ്ങിയതോടെ ഇദ്ദേഹത്തെ വകവരുത്താന്‍ പവിത്ര തീരുമാനിക്കുകയായിരുന്നെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

Leave a comment

Your email address will not be published. Required fields are marked *