ജനങ്ങളുടെ മനോഭാവം മനസ്സിലാക്കുന്നതില്‍ വീഴ്ച പറ്റിയെന്ന് സമ്മതിച്ച് എംവി ഗോവിന്ദന്‍
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജനങ്ങളുടെ മനോഭാവം മനസിലാക്കുന്നതില്‍ വീഴ്ച്ച പറ്റിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ദേശീയ തലത്തില്‍ സിപിഐഎം സര്‍ക്കാര്‍ ഉണ്ടാക്കില്ലെന്നും കോണ്‍ഗ്രസാകും സര്‍ക്കാര്‍ ഉണ്ടാക്കുകയെന്നുമുള്ള തോന്നല്‍ മതന്യൂനപക്ഷങ്ങളില്‍ ഉണ്ടായത് നല്ലതുപോലെ ബാധിച്ചു. ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ എന്നിവര്‍ എല്ലാം മുന്നണി പോലെ പ്രവര്‍ത്തിച്ചു. അത് മതനിരപേക്ഷ കേരളത്തിനെ സംബന്ധിച്ച് ദൂരവ്യാപക പ്രശ്‌നമാകും. മതനിരപേക്ഷ മനസുള്ള ഭൂരിപക്ഷ ന്യൂനപക്ഷ മതങ്ങളില്‍പ്പെട്ടവര്‍ അതിനെ രാഷ്ട്രീയമായി അംഗീകരിക്കില്ലെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.
Also Read; എരഞ്ഞോളി ബോംബ് സ്‌ഫോടനം; വീടിന്റെ പറമ്പിലും പരിസരത്തും കാട് വെട്ടിത്തെളിച്ച് പരിശോധന നടത്തി
വിവിധ ജാതീയ സംഘടനകള്‍ പല കാരണങ്ങള്‍ കൊണ്ട് വര്‍ഗീയ ശക്തികള്‍ക്ക് കീഴ്‌പ്പെട്ടുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എസ്എന്‍ഡിപി നേതൃത്വം സംഘപരിവാറിന് വേണ്ടി വോട്ട് മാറ്റി. ക്രൈസ്തവ വിഭാഗത്തിലെ ഒരു വിഭാഗം ഇപ്രാവശ്യം ബിജെപിക്ക് അനുകൂലമായി നിലപാടെടുത്തു. അതിന് ഭീഷണി അടക്കം പല കാരണങ്ങളുണ്ടാകാം. തൃശ്ശൂരില്‍ കോണ്‍ഗ്രസ് വോട്ട് ചോര്‍ന്നത് ഈ കാരണം കൊണ്ടാണ്. ജനങ്ങളിലേക്ക് പോകണം എന്നാണ് സിപിഐഎം തീരുമാനം. നല്ല ജാഗ്രതയോടെ ജനങ്ങളെ സമീപിക്കും. ജനങ്ങളില്‍ ഉണ്ടായ തെറ്റിദ്ധാരണ മാറ്റാന്‍ പ്രവര്‍ത്തിക്കുമെന്നും ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
പെന്‍ഷന്‍ അടക്കമുള്ളവയില്‍ അനുകൂല്യം കൃത്യതയോടെ നല്‍കാന്‍ ആയില്ല. ആ പ്രശ്‌നവും വോട്ടില്‍ പ്രതിഫലിച്ചു. ജനങ്ങളുടെ മനസ്സ് മനസിലാക്കി പ്രവര്‍ത്തനം കാര്യക്ഷമമാക്കും. പിണറായി വിജയനെ ഒറ്റതിരിഞ്ഞ് ആക്രമിച്ച് ഇമേജ് തകര്‍ക്കാന്‍ ശ്രമമുണ്ടായിരുന്നു. പിണറായിയേയും കുടുംബത്തെയും ടാര്‍ഗറ്റ് ചെയ്തുകൊണ്ടായിരുന്നു ആക്രമണം. അത്തരം പ്രചാരണം ജനങ്ങളെ സ്വാധീനിച്ചു. വലത് മാധ്യമങ്ങള്‍ കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാരണം നടത്തി. തോല്‍വിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപരേഖ തയ്യാറാക്കും. എന്തിനാണ് മുന്‍ഗണന നല്‍കേണ്ടതെന്നടക്കം പരിശോധിക്കും. പാര്‍ട്ടിക്കുണ്ടായ തിരിച്ചടി അടിമുതല്‍ തല വരെ പരിശോധിക്കും. എല്ലാ ലോക്കല്‍ കമ്മിറ്റികളിലും ബഹുജന കൂട്ടായ്മകള്‍ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.





Malayalam 
























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































