മുഖ്യമന്ത്രിയില്ല, എം.ടി.യുമില്ല; കോഴിക്കോടിനെ സാഹിത്യനഗരമായി പ്രഖ്യാപിക്കുന്ന ചടങ്ങില്‍ രാഷ്ട്രീയവിവാദം

കോഴിക്കോട്: കോഴിക്കോടിനെ സാഹിത്യനഗരമായി പ്രഖ്യാപിക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കാതിരുന്നത് എം.ടി. വാസുദേവന്‍ നായരുടെ സാന്നിധ്യമുണ്ടാവുമെന്നതിനാലാണെന്ന വിമര്‍ശനം കടുപ്പിച്ച് പ്രതിപക്ഷം.
Also Read ; മലബാറിലെ പ്ലസ് വണ്‍ സീറ്റ് ക്ഷാമം; 25ന് വിദ്യാര്‍ഥി സംഘടനകളുമായി മന്ത്രിയുടെ ചര്‍ച്ച
അന്താരാഷ്ട്ര പ്രശസ്തി കോഴിക്കോടിന് ലഭിക്കുന്ന യുനെസ്‌കോ സാഹിത്യനഗര പദവിപ്രഖ്യാപനത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കാത്തത് എം.ടി. വാസുദേവന്‍ നായരെ അപമാനിക്കുന്നതാണെന്ന് യു.ഡി.എഫ്. കുറ്റപ്പെടുത്തി. വിശ്വപ്രശസ്തനായ സാഹിത്യകാരനെ അപമാനിക്കുന്നരീതിയിലുള്ള വന്‍വീഴ്ചവരുത്തിയതില്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ നഗരവാസികളോട് മാപ്പുപറയണം. ഇനിയെങ്കിലും വിശാലകാഴ്ചപ്പാട് സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രമിക്കണമെന്നും യു.ഡി.എഫ്. കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ കെ.സി. ശോഭിതയും ഡെപ്യൂട്ടി കെ. മൊയ്തീന്‍ കോയയും അഭിപ്രായപ്പെട്ടു.
സാഹിത്യനഗരം പദവി പ്രഖ്യാപനത്തില്‍ സാഹിത്യകാരന്മാര്‍ക്ക് പ്രാധാന്യംനല്‍കാത്ത സമീപനമാണ് ഉണ്ടായതെന്ന് ബി.ജെ.പി. കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ നവ്യ ഹരിദാസ് ആരോപിച്ചു. കോര്‍പ്പറേഷനുലഭിച്ച അംഗീകാരമല്ല, മറിച്ച് കോഴിക്കോട്ടെ സാഹിത്യകാരന്മാര്‍ക്കുലഭിച്ച അംഗീകാരമാണ്. എന്നിട്ടും വേദിപങ്കിടാന്‍ ഏറ്റവും അര്‍ഹരായ നഗരത്തിലെ ചെറുതും വലുതുമായ സാഹിത്യകാരന്മാരെ നേരിട്ടുകാണാനോ ക്ഷണിക്കാനോ സംഘാടകര്‍ക്ക് സാധിച്ചിട്ടില്ല.
എട്ടുമാസം മുന്‍പ് യുനെസ്‌കോ സാഹിത്യനഗരമായി കോഴിക്കോടിനെ തിരഞ്ഞെടുത്തെങ്കിലും മുഖ്യമന്ത്രിയുടെ സൗകര്യംമാത്രം നോക്കിയാണ് ഇപ്പോഴത്തെ പരിപാടി സംഘടിപ്പിച്ചത്. എന്നിട്ടും പരിപാടിയില്‍ പങ്കെടുക്കാനോ പ്രഖ്യാപനംനടത്താനോ തയ്യാറാകാതെപോയ മുഖ്യമന്ത്രിയുടെ സമീപനം ധിക്കാരപരമാണെന്നും ബി.ജെ.പി. കൗണ്‍സില്‍ പാര്‍ട്ടി ആരോപിച്ചു.
കോഴിക്കോട് ബീച്ചില്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ എം.ടി. നടത്തിയ അധികാരവിമര്‍ശനത്തോടുള്ള പ്രതികാരമായാണ് പിണറായി വിജയന്‍ ചടങ്ങില്‍ പങ്കെടുക്കാതിരുന്നതെന്ന് യു.ഡി.എഫ്. കുറ്റപ്പെടുത്തി. ചടങ്ങില്‍ എം.ടി.യും പങ്കെടുത്തില്ല. ആരോഗ്യപ്രശ്നങ്ങള്‍ കാരണമാണെന്നാണ് എം.ടി. സംഘാടകരെ അറിയിച്ചത്.
മുഖ്യമന്ത്രി ശനിയാഴ്ച സാഹിത്യനഗരപ്രഖ്യാപനം നടത്തുമെന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നത്. എന്‍.ജി.ഒ. യൂണിയന്‍ സംസ്ഥാനസമ്മേളനം ഉദ്ഘാടനംചെയ്യാനെത്തുന്നതിനാല്‍ അതിനുപിന്നാലെ സാഹിത്യനഗരം പ്രഖ്യാപനംകൂടി നടത്തുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍, ശനിയാഴ്ച കോഴിക്കോട്ടെത്തുന്നുണ്ടെങ്കിലും സാഹിത്യനഗരപ്രഖ്യാപനത്തില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്നു പറഞ്ഞതോടെ ചടങ്ങ് ഞായറാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.
എന്‍.ജി.ഒ. യൂണിയന്‍ സമ്മേളനത്തിനുശേഷം സാഹിത്യനഗരപ്രഖ്യാപനം നടത്താമെന്നുവെച്ചാല്‍ രാത്രിയാവുമെന്നതിനാലാണ് മുഖ്യമന്ത്രി ചടങ്ങില്‍ പങ്കെടുക്കാത്തതെന്നാണ് കോര്‍പ്പറേഷന്‍ അധികൃതരുടെ വിശദീകരണം. അദ്ദേഹത്തിന്റെ വീഡിയോസന്ദേശം ഉണ്ടാവുമെന്ന് പറഞ്ഞിരുന്നെങ്കിലും അതും ഉണ്ടായില്ല.
പ്രഖ്യാപനച്ചടങ്ങില്‍ പങ്കെടുത്തെങ്കിലും വേദിയിലിരിക്കാന്‍ തയ്യാറാവാതെ യു.ഡി.എഫ്. പ്രതിനിധികള്‍ ഇക്കാര്യത്തില്‍ പ്രതിഷേധം പരസ്യമാക്കുകയും ചെയ്തു. യു.ഡി.എഫ്. കുപ്രചാരണങ്ങള്‍ക്ക് എം.ടി.യെ കരുവാക്കുകയാണെന്നായിരുന്നു ഇതിനുള്ള മന്ത്രി രാജേഷിന്റെ പ്രതികരണം. യു.ഡി.എഫിന് എന്തും പറയാം. എം.ടി.യെവെച്ച് സങ്കുചിതരാഷ്ട്രീയം കാണിക്കരുത്. അതിനവര്‍ മറ്റവസരങ്ങള്‍ ഉപയോഗിക്കുന്നുണ്ടല്ലോ. അത്രയും മര്യാദയെങ്കിലും യു.ഡി.എഫില്‍നിന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി രാജേഷ് പറഞ്ഞു.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം