കലാമണ്ഡലം ചാന്‍സലര്‍ മല്ലിക സാരാഭായിക്ക് 1.75 ലക്ഷം രൂപ ഓണറേറിയം പ്രഖ്യാപിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം : കലാമണ്ഡലം കല്‍പിത സര്‍വകലാശാലയുടെ ചാന്‍സലറായ പ്രശസ്ത നര്‍ത്തകി മല്ലിക സാരാഭായിക്ക് ഓണറേറിയവും ഓഫീസ് ചെലവും അനുവദിച്ച് സര്‍ക്കാര്‍. 1.75 ലക്ഷം രൂപ ഓണറേറിയവും ഓഫീസ് ചെലവായി 25000 രൂപയുമാണ് അനുവദിച്ചത്. കലാമണ്ഡലം റജിസ്ട്രാറുടെ അപേക്ഷപ്രകാരമാണ് ഈ നടപടിയെന്ന് സാംസ്‌കാരിക വകുപ്പിന്റെ ഉത്തരവില്‍ പറയുന്നുണ്ട്.
2022 ഡിസംബറിലാണ് മല്ലിക സാരാഭായിയെ കലാമണ്ഡലം ചാന്‍സലറായി നിയമിച്ചത്.ചാന്‍സലറുടെ പ്രതിഫലവുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം വിവാദമുണ്ടായിരുന്നു. പദവിയില്‍ തുടരാന്‍ സാരാഭായിക്ക് 3 ലക്ഷം രൂപ പ്രതിഫലം നല്‍കണമെന്ന വിവരം ചോര്‍ന്നതുമായി ബന്ധപ്പെട്ട് ഭരണസമിതി അംഗവും സിപിഎം സഹയാത്രികനുമായ ഡോ. എന്‍ ആര്‍ ഗ്രാമപ്രകാശിനെതിരെ നടപടിയെടുത്തിരുന്നു. പ്രതിഫലം നല്‍കാനുള്ള നീക്കത്തെ സിപിഎമ്മിലെ ഒരു വിഭാഗം എതിര്‍ക്കുകയും അതേസമയം പ്രതിഫലത്തിനായി കത്തു നല്‍കിയെന്നതു മല്ലികാ സാരാഭായി നിഷേധിക്കുകയും ചെയ്തിരുന്നു.
Also Read; നീറ്റ് പരീക്ഷാ ക്രമക്കേട് ; പ്രമേയം പാസാക്കി നിയമസഭ, വിഷയത്തില്‍ സമഗ്ര അന്വേഷണം വേണം
വിഖ്യാത ബഹിരാകാശ ശാസ്ത്രജ്ഞന്‍ വിക്രം സാരാഭായിയുടെയും പ്രശസ്ത നര്‍ത്തകി മൃണാളിനി സാരാഭായിയുടെയും മകളാണ് മല്ലിക. കുച്ചിപ്പുടിയിലും ഭരതനാട്യത്തിലും പ്രവീണ്യമുള്ള അവര്‍ നടി, നാടകകൃത്ത് , സംവിധായിക എന്നീ നിലകളിലും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. സാമൂഹിക ഇടപെടലുകളിലൂടെ ആക്ടിവിസ്റ്റ് എന്ന നിലയിലും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്