സിം കാര്‍ഡ് എടുക്കുമ്പോള്‍ സൂക്ഷിക്കുക, സിം എടുക്കാനായി എത്തുന്നവരുടെ പേരില്‍ അവരറിയാതെ മറ്റ് സിം കാര്‍ഡുകള്‍ ആക്ടിവേറ്റാക്കി തട്ടിപ്പ് നടത്തിയ പ്രതി പിടിയില്‍

സിം കാര്‍ഡ് എടുക്കാനായി എത്തുന്നവരുടെ പേരില്‍ അവരറിയാതെ മറ്റ് സിം കാര്‍ഡുകള്‍ ആക്ടിവേറ്റാക്കി തട്ടിപ്പ് നടത്തിയ കൊണ്ടോട്ടി ഒളവട്ടൂര്‍ സ്വദേശി അബ്ദുള്‍ ഷമീറിനെ മലപ്പുറം സൈബര്‍ പോലീസ് അറസ്റ്റ് ചെയ്തു. വിവിധ കമ്പനികളുടെ സിം കാര്‍ഡുകള്‍ വഴിയോരങ്ങളിലും വീട്ടിലും വില്‍പ്പന നടത്തിയാണ് തട്ടിപ്പ്.
ഷമീറിന്റെ വീട് പരിശോധിച്ചപ്പോള്‍ ആക്ടീവ് ചെയ്യാത്ത 1,500 വിവിധ കമ്പനികളുടെ സിം കാര്‍ഡുകളും ആയിരത്തില്‍പരം സിം കാര്‍ഡുകളുടെ കവറുകളും കമ്മീഷനായി ലഭിച്ച 1.72 ലക്ഷം രൂപയും കണ്ടെടുത്തു. ഉപഭോക്താവ് സിം എടുക്കുന്നതിനായി ഇയാളെ സമീപിക്കുന്ന സമയം ഫിംഗര്‍ പ്രിന്റ്, ഫോട്ടോയില്‍ നിന്ന് കണ്ണിന്റെ പ്രിന്റ് എന്നിവ ഒന്നിലധികം തവണയെടുക്കും. ആദ്യമെടുത്തത് ശരിയായില്ലെന്ന് പറഞ്ഞ് വീണ്ടും എടുക്കുന്നത് വഴി ഒന്നിലധികം സിം കാര്‍ഡുകള്‍ ആക്ടിവേറ്റ് ചെയ്യും. ഇതിനായി പ്രതിയുടെ കൈവശം വിവിധ മൊബൈല്‍ കമ്പനികളുടെ പി.ഒ.എസ് ആപ്ലിക്കേഷനുകളുണ്ട്. ഇത്തരം സിമ്മുകള്‍ 90 ദിവസത്തിന് ശേഷം വില്‍ക്കുകയും ഉപഭോക്താവ് അറിയാതെ പോര്‍ട്ട് ചെയ്ത് പണം സമ്പാദിക്കുന്നതുമാണ് ഇയാളുടെ രീതി.
കോഴിക്കോട് വിമാനത്താവളത്തിലെ ചുമട്ട് തൊഴിലാളിയാണ് ഷമീര്‍. തട്ടിപ്പിലൂടെ നേടിയ സിമ്മുകള്‍ മറ്റു നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് ജില്ലാ പോലീസ് മേധാവി എസ്.ശശിധരന് പറഞ്ഞു.
2023 നവംബറില്‍ 180 ബി.എസ്.എന്‍.എല്‍ സിം കാര്‍ഡുകള്‍ ഒന്നിച്ച് ആക്ടിവാക്കിയെന്നും പിന്നീട് ഇവ ഒന്നിച്ച് മറ്റ് കമ്പനികളിലേക്ക് പോര്‍ട്ട് ചെയ്തെന്നുമുള്ള രഹസ്യ വിവരം ജില്ലാ പോലീസ് മേധാവി എസ്.ശശിധരന് ലഭിച്ചിരുന്നു. സിം കാര്‍ഡ് ഉടമകളുടെ വിലാസം പരിശോധിച്ചപ്പോള്‍ ഇവരൊന്നും ബി.എസ്.എന്‍.എല്‍ സിം എടുത്തിട്ടില്ലെന്നും ഇതേ കാലയളവില്‍ മറ്റ് കമ്പനികളുടെ സിം കാര്‍ഡ് എടുത്തിരുന്നെന്നും അന്വേഷണ സംഘം കണ്ടെത്തി. ഈ സിമ്മുകളെല്ലാം അബ്ദുല്‍ ഷമീറിന്റെ അടുത്ത് നിന്നാണെന്ന വിവരം ലഭിച്ചു. തുടര്‍ന്നാണ് മലപ്പുറം സൈബര്‍ ക്രൈം പോലീസ് പ്രതിയെ പിടികൂടിയത്.
Also Readl; സംസ്ഥാനത്ത് അടുത്ത ദിവസങ്ങളില്‍ ശക്തമായ മഴ; നാളെ മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്