#Sports

കോപ്പ അമേരിക്ക കിരീടം നിലനിര്‍ത്തി ചാമ്പ്യന്‍മാര്‍ ; അര്‍ജന്റീനക്ക് ഇത് 16ാം കോപ്പ കിരീടം

മയാമി: കോപ്പയില്‍ വീണ്ടും മുത്തമിട്ട് അര്‍ജന്റീന. കൊളംബിയക്കെതിരായ കലാശപ്പോരില്‍ നിശ്ചിത സമയത്ത് ഇരു ടീമുകളും ഗോള്‍ രഹിതമായി പിരിഞ്ഞതോടെ മത്സരം എക്‌സ്ട്രാ ടൈമിലേക്ക് കടക്കുകയായിരുന്നു. തുടര്‍ന്ന് എക്‌സ്ട്രാ ടൈമിന്റെ രണ്ടാം പകുതിയില്‍ ലൗറ്ററോ മാര്‍ട്ടിനസ് ടീമിന് രക്ഷകനായി.ലോ സെല്‍സോ നല്‍കിയ മനോഹര പാസാണ് മാര്‍ട്ടിനസ് ഗോളാക്കി മാറ്റിയത്.

Also Read ; കരച്ചില്‍ കേട്ട് നടത്തിയ തിരച്ചില്‍; സ്‌കൂളില്‍ നിന്നും കണ്ടെത്തിയത് ഒരു ദിവസം പ്രായമായ കുഞ്ഞ്

കോപ്പ ഫൈനല്‍ നടന്ന മത്സരത്തില്‍ തുടക്കം മുതല്‍ പ്രതിരോധമുയര്‍ത്തിയ അര്‍ജന്റീനക്ക് കൊളംബിയ പക്ഷേ ശക്തരായ എതിരാളികളായിരുന്നു. കൊളംബിയന്‍ നായകന്‍ ജെയിംസ് റോഡ്രിഗസിന്റെ പല നീക്കങ്ങളും അര്‍ജന്റീനക്ക് ഭീഷണിയുയര്‍ത്തി.നിശ്ചിത സമയം അവസാനിക്കാന്‍ 25 മിനിറ്റോളം ശേഷിക്കെ നായകന്‍ ലയണല്‍ മെസ്സി പരിക്കേറ്റ് കണ്ണീരോടെ കളം വിട്ട മത്സരത്തില്‍ കൊളംബിയയാണ് പന്തടക്കത്തിലും മുന്നേറ്റത്തിലും ഒരുപടി മുന്നില്‍ നിന്നത്.

ഫൈനല്‍ അരങ്ങേറിയ മയാമി ഹാര്‍ഡ് റോക്ക് സ്റ്റേഡിയത്തിലേക്ക് കൊളംബിയന്‍ കാണികള്‍ ടിക്കറ്റെടുക്കാതെ തള്ളിക്കയറാന്‍ ശ്രമിച്ചതോടെ ഒന്നേകാല്‍ മണിക്കൂര്‍ വൈകിയാണ് മത്സരം ആരംഭിച്ചത്.

65-ാം മിനിറ്റില്‍ മെസ്സിക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് പകരക്കാരനായി വന്നത് നിക്കോളാസ് ഗോണ്‍സാലസാണ്. പിന്നാലെ ഡഗൗട്ടില്‍ നിന്ന് മെസ്സി പൊട്ടിക്കരയുന്നതിനും ഹാര്‍ഡ് റോക്ക് സ്റ്റേഡിയം സാക്ഷ്യം വഹിച്ചു. മെസ്സി ഇല്ലെങ്കിലും മൈതാനത്ത് അര്‍ജന്റീന കടുത്ത പോരാട്ടം തന്നെ കാഴ്ചവെച്ചു. 75-ാം മിനിറ്റില്‍ നിക്കോളാസ് ഗോണ്‍സാലസ് അര്‍ജന്റീനയ്ക്കായി വലകുലുക്കിയെങ്കിലും ഓഫ്സൈഡായതിനാല്‍ ഗോള്‍ നിഷേധിച്ചു. 87-ാം മിനിറ്റില്‍ നിക്കോളാസ് ഗോണ്‍സാലസിന്റെ ഷോട്ട് ലക്ഷ്യം കാണാതെ പുറത്തുപോയി. പിന്നാലെ കളിയവസാനിച്ചതായി പ്രഖ്യാപിച്ച് റഫറിയുടെ വിസിലെത്തി. മത്സരം എക്സ്ട്രാടൈമിലേക്ക് നീണ്ടു.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

എക്സ്ട്രാ ടൈമിന്റെ ആദ്യ പകുതിയും ഗോള്‍രഹിതമായിരുന്നു. എന്നാല്‍ 112-ാം മിനിറ്റില്‍ അര്‍ജന്റീനയുടെ രക്ഷകനായി ലൗട്ടാറോ മാര്‍ട്ടിനസെത്തി. മൈതാനമധ്യത്ത് നിന്്ന ഡീപോള്‍ നല്‍കിയ പന്ത് ലോ സെല്‍സോ സമയം പാഴാക്കാതെ ബോക്സിലേക്ക് നീട്ടി. ഓടിയെത്തിയ ലൗട്ടാറോ ഗോളിയെ മറികടന്ന് വലകുലുക്കി. പിന്നാലെ അര്‍ജന്റീന കോപ്പ കിരീടത്തില്‍ മുത്തമിട്ടു. ഈ കിരീട ധാരണത്തോടെ 16 കോപ്പ കിരീടം സ്വന്തമാക്കി ഏറ്റവും കൂടുതല്‍ തവണ കോപ്പ കിരീടം നേടിയ ടീമായും അര്‍ജന്റീന മാറി.

 

Leave a comment

Your email address will not be published. Required fields are marked *